#ബിലാല്‍ ; ബിഗ്ബി രണ്ടാം വരവ് പ്രതികാരത്തിന്‍റെ ഒരു ചോരപ്പുഴയായിരിക്കും

0

2007 ല്‍ എം ഫില്ല് കാലത്ത് തിരുവനന്തപുരത്ത് വച്ചാണ് ഞാന്‍ ബിഗ്ബി കാണുന്നത്. സ്റ്റൈലൈസ്ഡ് ലേഔട്ടിലുള്ള പോസ്റ്ററുകളുമായി വന്ന സിനിമയ്ക്ക് പതിവ് പരസ്യവാചകങ്ങള്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നവ മാസ് പ്രേക്ഷകരോട് കമ്യൂണിക്കേറ്റ് ചെയ്യുന്നതായിരുന്നില്ല. “അവാര്‍ഡ് സിനിമ പോലെയൊരു ആക്ഷന്‍ സിനിമ” എന്നാണ് എന്നോട് എന്‍റെ ഒരു സുഹൃത്ത് പറഞ്ഞത്. മമ്മൂട്ടി കൊള്ളാം. വില്ലന്‍ കൊള്ളാം. വെടി വെപ്പ് കൊള്ളാം . എല്ലാം കൊള്ളാം. പക്ഷെ എന്തോ ഒരു കുറവുണ്ട് എന്നാണ് പുള്ളി പറഞ്ഞത്. മാസിന് മാസ് കുറവാണ് എന്നായിരിക്കും പുള്ളി ഉദ്ദേശിച്ചത് എന്ന് ഇപ്പോള്‍ മനസിലാക്കാന്‍ പറ്റും.

അനാവശ്യമായ ആവേശം കാണിക്കാത്ത എല്ലാക്കാര്യത്തിലും ബിലാലിന്‍റെ മുഖത്ത് കാണുന്ന നിസ്സംഗതയുള്ള ഒരു സിനിമയായിരുന്നു ബിഗ്‌ ബി. ചുറ്റുന്ന ക്യാമറയ്ക്ക് നടുവില്‍ നിന്ന് ബിലാല്‍ ക്ലൈമാക്സില്‍ നെടുങ്കന്‍ സംഭാഷണങ്ങള്‍ പറയണമായിരുന്നു എന്നും, ബിലാല്‍ മേരി ടീച്ചറുടെ യഥാര്‍ത്ഥ മകന്‍ ആണെന്ന് കാണിക്കണം എന്നും പിന്നീട് ചില പ്രമുഖര്‍ നിര്‍ദേശിച്ചിരുന്നതായി സിനിമയുടെ Makers എന്നോട് പറയുകയുണ്ടായി. Four Brothers ന്‍റെ പ്ലോട്ടിനോട്‌ തന്നെ ചേര്‍ന്ന് നില്‍ക്കാം എന്ന് തീരുമാനിച്ചത് ബിഗ്ബിയുടെ മിനിമല്‍ സമീപനത്തിന് മാറ്റ്‌ കൂടിയിട്ടേയുള്ളൂ. എന്നാല്‍ കോപ്പിയടി എന്ന് വിളിച്ചു കൂവുന്നവര്‍ പോലും ഫോര്‍ ബ്രദേഴ്സിനെക്കാള്‍ ബിഗ്ബി ഇഷ്ടപ്പെട്ടത് പുതിയ പാത്ര സൃഷ്ടികള്‍ തന്നെയായിരുന്നു— മമ്മൂട്ടി ഇതിന് മുന്‍പ് അവതരിപ്പിച്ചിട്ടില്ലാത്ത ഒരു വ്യക്തിത്വം—വികാരങ്ങളില്ലാത്ത ഒരു കോള്‍ഡ് ബ്ലഡഡ് മനുഷ്യന്‍—ബിലാല്‍. അയാള്‍ കടന്ന് പോയ പരുക്കന്‍ അനുഭവങ്ങളാണ് അയാളെ അങ്ങനെയാക്കിയത് എന്ന് നമ്മളെ തോന്നിപ്പിക്കുമായിരുന്നു. പിന്നെ അല്‍പം ദുരൂഹതയുള്ള സഹോദരന്‍, എഡി, മല്ലനായ മുരുകന്‍, പയ്യനായ, ചെമ്മീന്‍ കറിയുണ്ടാക്കുന്ന ബിജോ..മുടിയന്‍ സായിപ്പ് ടോണി , അസ്സി…അങ്ങനെ …

അന്നത്തെ സിനിമാ മംഗളം വാരികയില്‍ ഒരു സൂര്യദാസ് എഴുതിയ ബിഗ്ബി റിവ്യൂ തികച്ചും ശ്രദ്ധേയമായിരുന്നു. “മലയാളത്തിലെ ആദ്യത്തെ ഇന്‍റര്‍നാഷണല്‍ സിനിമ” എന്നായിരുന്നു ആ റിവ്യൂവിന്‍റെ തലക്കെട്ട്. അങ്ങനെ പറയാനുള്ള കാരണം എന്തായാലും ശരി, കൊച്ചി നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന വളരെ ഋജുവായ പ്ലോട്ട് ഉള്ള ഈ പ്രതികാര സിനിമയ്ക്ക് ഇന്‍റര്‍നാഷണല്‍ എന്നാരോപിക്കാന്‍ തോന്നുന്ന ഒരു മെയ്ക്കിംഗ് ആംബിയന്‍സ് ഉണ്ടായിരുന്നു. അത് പുതിയതൊന്നും ആയിരുന്നില്ല. ജോണ്‍ വൂ, റോബര്‍ട്ട് റോഡ്രിഗ്യൂസ് തുടങ്ങിയവരുടെ സിനിമകളിലൂടെ എന്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും പരിചിതമായ ആക്ഷന്‍ സിനിമകളുടെ സ്വഭാവമുണ്ടായിരുന്ന ബിഗ്ബി പക്ഷെ അക്കാലത്തെ വെറും സംഭാഷണങ്ങള്‍ നിറഞ്ഞ മലയാള സിനിമയില്‍ പുതിയതായിരുന്നു.

അന്ന് സുഖകരമായി തോന്നിയില്ലെങ്കിലും ചെറുപ്പക്കാരായ മാസ് പ്രേക്ഷകര്‍ പിന്നീട് സ്ലോ മോഷന്‍ ആക്ഷന്‍ രംഗങ്ങളിലും ഭാവരഹിതമായ ആക്ഷന്‍ സീക്വന്‍സുകളിലും സ്റ്റൈല്‍ കണ്ടെത്തി . ബിഗ്ബി തീയറ്ററില്‍ നിരസിക്കപ്പെടാന്‍ കാരണമായ എല്ലാ ടെക്നിക്കല്‍ ഘടകങ്ങള്‍ക്കും ആരാധകരുണ്ടായി. ബിഗ്ബി കള്‍ട്ട് ആയി മാറി. ചില തരം സിനിമകള്‍ പരിചയപ്പെടാന്‍ പ്രേക്ഷകര്‍ക്ക് ചില പാലങ്ങള്‍ ആവശ്യമാണ്. ബിഗ്ബി അത്തരം ഒരു പാലമായിരുന്നു.

Heroic Bloodshed എന്ന് വിളിച്ചിരുന്ന ഹോംഗ് കോംഗ് സിനിമകളുടെ സ്വഭാവമാണ് ബിഗ്ബിയ്ക്ക്. പിന്നീട് Exiled എന്ന സിനിമയില്‍ ആസ്പദമായി എടുത്ത ബാച്ച്ലര്‍ പാര്‍ട്ടിയും അമല്‍ നീരദിന് ആ ഗണത്തിലുള്ള സിനിമകളോടുള്ള താല്‍പര്യം കാണിക്കുന്നതായിരുന്നു. സത്യത്തില്‍ ജോണി ടോയുടെ സിനിമാലോകത്തെ പരിചയപ്പെടാന്‍ വ്യക്തിപരമായി ആ സിനിമ ഒരു നിമിത്തമായി എന്നതാണ് ശരി. അമല്‍ നീരദ് എനിക്ക് ഒരു Genre ല്‍ പെട്ട സിനിമകളിലേയ്ക്കുള്ള വാതിലായിരുന്നു.

ബിഗ്ബി രണ്ടാം വരവ് പ്രതികാരത്തിന്‍റെ ഒരു ചോരപ്പുഴയായിരിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നരയും ചുളിവും വീണ, കാലം വീണ്ടും തല്ലിപ്പഴുപ്പിച്ച ഒരു പരുക്കന്‍ ബിലാലിനെ വീണ്ടും പ്രതീക്ഷിക്കുന്നു.

മരിയ റോസ് ഫേസ്ബുക്കില്‍ എഴുതിയത് 

Share.

Leave A Reply

Powered by Lee Info Solutions