ഈ ‘ആനന്ദം’ പകരം പരമാനന്ദം; ഫസ്റ്റ് ഷോ റിവ്യു വായിക്കാം

0

കൊച്ചി: ക്യാംപസ് സിനിമകളെ എന്നും ഇരുകൈയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാള സിനിമാ പ്രേക്ഷകര്‍ (ചവറ് പടങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍).

ലാലേട്ടന്റെ സര്‍വ്വകലാശാലയായിരുന്നു (1987) ലക്ഷണമൊത്ത ആദ്യ ക്യാംപസ് ചിത്രമെന്ന് പറയാം (ഭരതന്റെ ചാമരമുള്‍പ്പെടെ മറ്റ് സിനിമകളെ മറന്നിട്ടല്ല). പിന്നീട് കൃത്യമായ ഇടവേളകളില്‍ ഈ ശ്രേണിയിലേക്ക് ചിത്രങ്ങളെത്തിക്കൊണ്ടിരുന്നു. യുവാക്കള്‍ ആഘോഷമാക്കിയ നിറം (1999), പുതുമുഖങ്ങളുമായി എത്തിയ നമ്മര്‍ (2003), കോളജ് കാലഘട്ടം ആഘോഷമാക്കിയ ക്ലാസ്‌മേറ്റ്‌സ് (2006), തെലുങ്കില്‍ നിന്ന് ഡബ്ബിംഗ് വേര്‍ഷനെത്തി സൂപ്പര്‍ഹിറ്റായി മാറിയ ഹാപ്പി ഡെയ്‌സ് (2008) എന്നിങ്ങനെയാണ് ആ ലിസ്റ്റിലുളള ചിത്രങ്ങള്‍.

നിസംശയം പറയട്ടേ ഈ ശ്രേണിയില്‍ നിര്‍ത്തുവാന്‍ സാധിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്ത ‘ആനന്ദം’. കോളജ് പശ്ചാത്തലത്തില്‍ കഥപറയുന്ന ആനന്ദം ഒരു ക്യാംപസ് ചിത്രത്തിനൊപ്പം ട്രാവല്‍ മൂവിയെന്നും വിശേഷിപ്പിക്കാം.aanandam-1

ക്യാംപസിന്റെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ് തുടങ്ങുന്ന ആനന്ദത്തിന്റെ ആദ്യപകുതി തമാശകളും സൗഹൃദവുമെല്ലാമായി മുന്നോട്ട് പോകുന്നു. പൂര്‍ണമായും പുതുമുഖങ്ങള്‍ അണിനിരക്കുന്നതിനാല്‍ കാഴ്ച്ചക്കാരന് ഫ്രഷ്‌നസ് അനുഭവപ്പെടും. ചിത്രത്തിന്റെ പ്ലസ് പോയിന്റും അതുതന്നെ. ഇന്‍ടസ്ട്രിയല്‍ വിസിറ്റിനായി പുറപ്പെടുന്ന വിദ്യാര്‍ഥികളുടെ നാല് ദിവസത്തെ സാഹചര്യങ്ങളിലൂടെയാണ് രണ്ടം പകുതിയും ചിത്രം സഞ്ചരിക്കുന്നു. മൈസൂര്‍, ഹംപി, ഗോവ എന്നിവിടങ്ങളാണ് ലോക്കേഷന്‍.

വളരെ ലളിതവും മനോഹരവുമായ പ്രമേയമാണ് ചിത്രത്തിന്റെത് നവാഗത സംവിധയാകന്റെ പരുങ്ങലുകളില്ലാതെ അച്ചടക്കത്തോടെയുളള സംവിധാനം ചിത്രത്തിനെ വേറിട്ട് നിര്‍ത്തുന്നു. ക്ലൈമാക്‌സ് ഉള്‍പ്പെടെയുളള രംഗങ്ങളില്‍ ഈ കയ്യടക്കം പ്രകടമാണ്. എടുത്തുപറയേണ്ടത് ചിത്രത്തിലെ ഗാനങ്ങളാണ്. പുതുതലമുറയിലെ സച്ചിന്‍ വാര്യരാണ് മ്യൂസിക്ക് ഒരുക്കിയിരിക്കുന്നത്. നൂറ് ശതമാനവും ചിത്രത്തിനോട് നീതി പുലര്‍ത്തിയ ഗാനങ്ങളാണ് ആനന്ദത്തിലേത്. ചിത്രത്തിലെ അഭിനേതാക്കള്‍ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച്ചവച്ചിരിക്കുന്നു. എടുത്തുപറയേണ്ടത് അരുണ്‍ കുര്യന്‍, വൈശാഖ് നായര്‍, അനു ആന്റണി, റോഷന്‍ മാത്യു, അനാര്‍ക്കലി മേനോന്‍ എന്നി യുവതാരങ്ങളുടെപ്രകടനമാണ്. (ക്ഷമിക്കണം; മറ്റുളളവരും മികച്ച് തന്നെ. പേരുകള്‍ ഓര്‍മിക്കുവാന്‍ സാധിക്കുന്നില്ല).

ടോറന്റ് റിലീസിന് കാത്ത് നില്‍ക്കാതെ പ്രേക്ഷകര്‍ തീര്‍ച്ചയായും തിയറ്ററില്‍ പോയി കണ്ടിരിക്കേണ്ട ചിത്രമാണ് ആനന്ദം. ഇത് പകരും ‘പരമാനന്ദം’!!

Share.

Leave A Reply

Powered by Lee Info Solutions