മകനെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് അമിത് ഷാ ; മകന്റെ കമ്പനിക്ക് വഴിവിട്ട ഒരു സഹായവും ലഭിച്ചിട്ടില്ല

0

ന്യൂഡല്‍ഹി: മകനെതിരായ ആരോപണങ്ങള്‍ നിഷേധിച്ച്  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മകൻ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിൾ എന്റർപ്രസൈസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വഴിവിട്ട ഒരുസഹായവും കിട്ടിയിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. ഇത് സംബന്ധിച്ച വാർത്തകൾ അടിസ്ഥാന രഹിതമാണ്. 80 കോടിയുടെ വരുമാനമുണ്ടായെങ്കിലും കമ്പനി അപ്പോഴും നഷ്‌ടത്തിലായിരുന്നു. ബിജെപിയെ അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും അദ്ദേഹം ഒരു ടെലിവിഷൻ പരിപാടിക്കിടെ പറഞ്ഞു. മകനെതിരായ ആരോപണം ഉയർന്ന ശേഷം ഇതാദ്യമായാണ് അമിത് ഷാ പ്രതികരിക്കുന്നത്.

ജയ് ഷായുടെ ബിസിനിസ് ഇടപാടില്‍ അഴിമതിയുടെ ചോദ്യം തന്നെ ഉദിക്കുന്നില്ല. കമ്പനിയുടെ ആകെ വിറ്റുവരവ് ഒരു കോടിയാണ് എന്നു പറഞ്ഞാല്‍ ആ കമ്പനിയുടെ ലാഭം ഒരു കോടിയാണ് എന്നല്ല അര്‍ഥം. ജയ് ഷായുടെ കമ്പനി 80 കോടിയുടെ വിറ്റുവരവ് ഉണ്ടാക്കിയപ്പോള്‍ കമ്പനിയ്ക്ക് 1.5 കോടിയുടെ നഷ്ടം സംഭവിച്ചു. ഇത്രയും വിറ്റുവരവുണ്ടാക്കി എന്നല്ലാതെ കമ്പനിക്ക് ലാഭമൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജയ് ഷായുടെ കമ്പനി ചില ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് ഈടില്ലാത്ത വായ്പ കരസ്ഥമാക്കിയെന്ന ആരോപണം അമിത് ഷാ നിഷേധിച്ചു. കമ്പനി നടത്തിയ എല്ലാ ഇടപാടുകളും ചെക്കുകള്‍ വഴിയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോ എന്ന ചോദ്യത്തിനു പോലും പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ മാധ്യമസ്ഥാപനമായ ‘ദ വയർ’ ആണ് ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ‘ടെമ്പിൾ എന്റർപ്രസൈസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ വരുമാനത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തി ഒരു വർഷത്തിനിടെ 16,000 മടങ്ങു വർദ്ധനയുണ്ടായതായി റിപ്പോർട്ട് ചെയ്തത്. 2014–15 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം വെറും 50,000 രൂപ മാത്രമായിരുന്നെന്നും 2015–16 സാമ്പത്തിക വർഷത്തിൽ ഇത് 80.5 കോടി രൂപയായി ഉയർന്നുവെന്നുമായിരുന്നു റിപ്പോർട്ട്.

ഇതിന് പിന്നാലെ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് ചട്ടങ്ങൾ കാറ്റിൽപ്പറത്തി കോടികളുടെ വായ്‌പ അനുവദിച്ചെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഈ റിപ്പോർട്ടുകൾ പുറത്ത് വരുന്നതിന് മുമ്പ് തന്നെ ജയ് ഷായ്‌ക്ക് വേണ്ടി ഹാജരാകാൻ അഡ്വക്കേറ്റ് ജനറലിന് കേന്ദ്രസർക്കാർ അനുമതി നൽകിയതും വിവാദമായി. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ജയ് ഷാ വാർത്ത നൽകിയ മാധ്യമത്തിനെതിരെ മാനനഷ്‌ടക്കേസ് നൽകിയിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions