ആന്‍മരിയ അത്ഭുതമാണ്!! മടുക്കാതെ കണ്ടിരിക്കാം

0

ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആട് ഒരു ഭീകരജീവിയല്ല. തിയറ്ററുകളില്‍ ഏറെയോന്നും നേടിയില്ലെങ്കിലും സിഡി-ഡിവിഡി കച്ചവടത്തിലും സോഷ്യല്‍ മീഡിയയിലെ ട്രോള്‍ കഥാപാത്രങ്ങളായും ആട് മുന്നേറി. പരീക്ഷണ അടിസ്ഥാനത്തില്‍ ഒരുക്കിയ ആട് കൃത്യമായി മാര്‍ക്കറ്റ് ചെയ്യാത്തതും ചെറിയ തോതില്‍ പരീക്ഷണം പാളിയതുമാണ് തിരിച്ചടിയായത്. അതില്‍ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ടാണ് ഒന്നര വര്‍ഷത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ആന്‍മരിയ കലിപ്പിലാണ് ഒരുക്കിയത്.

aan 1

ചെറിയ ത്രെഡുകളില്‍ നിന്ന് കഥ കണ്ടെടുത്ത് രണ്ട്-രണ്ടര മണിക്കൂര്‍ നേരം പ്രേക്ഷകനെ പിടിച്ചിരുത്തിയ മഹേഷിന്റെ പ്രതികാരം, അനുരാഗകരിക്കിന്‍വെളളം എന്നി ചിത്രത്തിന്റെ അതേ നിലവാരത്തില്‍ പ്രതിഷ്ഠിക്കാം ഈ ആന്‍മരിയയെ. സിനിമാ കാണുന്ന പ്രേക്ഷകന്റെ സാമന്യ ബുദ്ധിയെ വെല്ലുവിളിക്കാതെ , ഒട്ടും മുഷിപ്പിക്കാതെ കഥപറയുന്ന ഏത് ചിത്രത്തിനും മലയാളത്തില്‍ മാര്‍ക്കറ്റുണ്ട്. അതുകൊണ്ട് നിസംശയം പറയട്ടേ ആന്‍മരിയ കലിപ്പിലാണ് പ്രേക്ഷകന്റെ ഹൃദയം കവരും. ആദ്യം ചിത്രം പരീക്ഷണടിസ്ഥാനത്തില്‍ പരാജയപ്പെട്ടതുകൊണ്ടാകും അതിനൊന്നും മുതിരാതെ പ്രേക്ഷകനുമായി കൃത്യമായി സംവദിക്കുന്നു ഈ ആന്‍മരിയയും കൂട്ടരും.

aan 2

കഥയിലേക്ക് വരാം; നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആന്‍മരിയ. ഡോക്ടര്‍ റോയിയുടെയും (സൈജു കുറുപ്പ്) ഡോക്ടര്‍ ട്രീസയുടെയും (ലിയോണ) ഏകമകള്‍. സിറിയയിലെ റെഫ്യുജി ക്യാമ്പില്‍ സേവനവുമായി കഴിയുകയാണ് റോയി. ട്രീസ നാട്ടിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും. അച്ഛനായ ഡോക്ടര്‍ റോയിയാണ് ആന്‍മരിയയുടെ ഹീറോ. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ താന്‍ ലോംഗ് ജംപില്‍ മെഡല്‍ നേടിയ കഥ ആന്‍മരിയക്ക് റോയി വിവരിച്ച് നല്‍കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. അത് കേട്ടപ്പോള്‍ ആന്‍മരിയ്ക്കും മോഹം സ്‌കൂളിലെ ലോംഗ് ജംപില്‍ മെഡല്‍ നേടണം. എന്നാല്‍ അവിചാരിതമായി സ്‌കൂളിലെ പിടി സാറിന്റെ കണ്ണിലെ കരടായി ആന്‍മരിയ മാറുന്നതോടെ കഥ വികസിക്കുന്നു. ഒന്നാമതായി ചാടിയെങ്കിലും പിടി സാര്‍ മനപൂര്‍വ്വം ഫൗള്‍ വിളിച്ച് ആന്‍മരിയയെ പുറത്താക്കുന്നു. ഏറെ മനോവിഷമം സമ്മാനിച്ചതോടെ പിടി സാറിനോട് പകരം വീട്ടുകയെന്ന ലക്ഷ്യത്തിലേക്കായി ആന്‍മരിയ. ഇതിനായി ആനും കൂട്ടുകാരും കണ്ടുപിടിക്കുന്ന ഗുണ്ടയാണ് പൂമ്പാറ്റ ഗിരീഷും ( സണ്ണി വെയ്ന്‍) സുഹൃത്ത് ആംമ്പ്രോസും ( അജു വര്‍ഗീസ്) . ഇവര്‍ ആന്‍മരിയയുടെ കലിപ്പ് പിടി മാഷിനോട് തീര്‍ക്കുമോ എന്നതാണ് സിനിമയുടെ ഇതിവൃത്തം. ചെറിയ കുടുംബത്തിലുണ്ടാകുന്ന സ്വരചേര്‍ച്ചകള്‍, ജോലിയില്ലാതെ തെണ്ടി നടക്കുന്ന യുവതലമുറ, മദ്യപാനം അങ്ങനെ അനേകം വിഷയങ്ങളിലേക്ക് ആന്‍മരിയ എന്ന പെണ്‍കുട്ടിയുടെ കൈയ്യും പിടിച്ച് പ്രേക്ഷകര്‍ നടന്നു നീങ്ങുന്നു.

aan 3

തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്ന പേടി തൊണ്ടിയായ ഗുണ്ടയെ അതിമനോഹരമായി സണ്ണി അവതരിപ്പിച്ചിട്ടുണ്ട്. സദ്ദിഖ്, സേതുലക്ഷമി, അതിഥി വേഷത്തിലെത്തുന്ന ദുല്‍ഖര്‍ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. എങ്കിലും ചിത്രത്തിലെ പ്ലസ് പോയിന്റ് എന്നുപറയാവുന്നത് ആന്‍മരിയയായി നിറഞ്ഞാടിയ സാറ ആര്‍ജ്ജുനാണ്. മലയാള സിനിമയില്‍ അത്രയ്ക്ക് സുപരിചിതമല്ലാത്ത മുഖമായതിനാല്‍ ഒട്ടും മടുക്കാതെ രണ്ട് മണിക്കൂര്‍ സാറയെന്ന ആന്‍മരിയയെ പ്രേക്ഷകര്‍ക്ക് കണ്ടിരിക്കാം.

Share.

Leave A Reply

Powered by Lee Info Solutions