അസമില്‍ ട്രെയിന്‍ തട്ടി 5 ആനകള്‍ ചരിഞ്ഞു

0

ഗുവാഹത്തി: അസം സോനിറ്റ്പൂര്‍ ജില്ലയിലെ വനമേഖലയില്‍ ട്രെയിന്‍ തട്ടി 5 ആനകള്‍ ചരിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടുകൂടി ഗുവാഹത്തി-നഹര്‍ലഗുണ്‍ എക്സ്പ്രസ്സ് ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആനകള്‍ സ്ഥിരമായി സഞ്ചരിക്കാറുള്ള വഴിയിലെ റെയില്‍ മുറിച്ച്‌ കടക്കുന്നതിനിടയിലാണ് അപകടം നടന്നത്.

എന്നാല്‍ സംഭവത്തില്‍ വനം വകുപ്പനെയും വനാവകാശ സംരക്ഷണ സമിതിയെയും കുറ്റപ്പെടുത്തി അസം പരിസ്ഥിതി മന്ത്രി പ്രമളാ റാണി രംഗത്തെത്തി. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയുന്നതിന് വന്യജീവി ആവാസ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് മന്ത്രി പറഞ്ഞു.

ഗ്രാമങ്ങള്‍ കെട്ടിപടുക്കുന്നതിനു വേണ്ടി നടത്തിയ വലിയ രീതിയിലുള്ള വനനശീകരണം കാരണം ആനകളുടെ ആവാസ വ്യവസ്ഥിതി നഷ്ടപ്പെട്ടുവെന്ന് മൃഗസംരക്ഷകര്‍ പറഞ്ഞു. അസാമില്‍ മനുഷ്യര്‍ മൃഗങ്ങളെ വേട്ടയാടുന്നത് സംബന്ധിച്ച കേസുകളും വര്‍ദ്ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ വന്യജീവി സംരക്ഷണ സംഘടനകള്‍ സംഭവത്തില്‍ ആശങ്ക അറിയിച്ചു.

2013മുല്‍ 2016 വരെ 140 ആനകള്‍ അസ്വാഭാവികമായി മരണപ്പെട്ടിരുന്നു. 70ശതമാനത്തോളം വന ഭൂമി മനുഷ്യര്‍ കൈയേറിയതാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് വേള്‍ഡ് വൈല്‍ഡ് ഫണ്ട് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. അസമിലെ ഏഷ്യന്‍ ആനകള്‍ വംശനാശ ഭീഷണി നേരിടുന്നവായണെന്ന് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ പ്രഖ്യാപിച്ചിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions