ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പരമ്പര ബഹിഷ്‌കരിക്കുന്നു; ഇന്ത്യയിലും കളിക്കാനെത്തിയേക്കില്ല

0

സിഡ്‌നി : ലോകത്തെ മുന്‍നിര ക്രിക്കറ്റ് ടീമായ ഓസ്‌ട്രേലിയ പ്രതിഫലക്കാര്യത്തില്‍ ബോര്‍ഡുമായി തെറ്റി തകര്‍ച്ചയിലേക്ക്. നാളുകളായി കളിക്കാരും ബോര്‍ഡും തമ്മില്‍ തുടരുന്ന ശീതസമരം കളിക്കാര്‍ പരമ്പര ബഹിഷ്‌കരിക്കുന്നതില്‍ എത്തിനില്‍ക്കുകയാണ്. വെസ്റ്റിന്റിന്‍ഡീസ് ടീമിന് സംഭവിച്ച തകര്‍ച്ചയ്ക്ക് സമാനമാണ് ഇപ്പോള്‍ ഓസീസ് ക്രിക്കറ്റിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ബംഗ്ലാദേശില്‍ പര്യടനത്തിനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെയുള്ളവര്‍ മാറി നില്‍ക്കുകയാണ്. സ്മിത്തിനൊപ്പം വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും പരമ്പരയ്ക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ അറിയിച്ചു. കളിക്കാരുമായുള്ള പ്രതിഫല കരാറില്‍ അന്തിമ തീരുമാനമെടുക്കാന്‍ വൈകുന്നതാണ് കാരണം.

ഇതിനകംതന്നെ കളിക്കാരുടെ സംഘടനയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും തമ്മില്‍ പലവിധ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. ഐപിഎല്‍ ഉള്‍പ്പെടെയുള്ള കളികളില്‍ നിന്നും മാറിനില്‍ക്കണമെന്നും പ്രതിഫലത്തില്‍ വര്‍ധന വരുത്താമെന്നും നേരത്തെ നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ടെങ്കിലും അവ കളിക്കാര്‍ അംഗീകരിച്ചിട്ടില്ല. ്പ്രതിഫലത്തില്‍ കാര്യമായ വര്‍ധന വേണമെന്നാണ് കളിക്കാരുടെ പ്രധാന ആവശ്യം. ഇത് അംഗീകരിക്കാതെ ഒരു പരിഹാരവും ഇല്ലെന്നും അവര്‍ കടുംപിടുത്തത്തിലാണ്.

റവന്യൂ ഷെയര്‍ ചെയ്യുന്ന തരത്തില്‍ പ്രതിഫലം വേണമെന്നാണ് കളിക്കാരുടെ പ്രധാന ആവശ്യം. പ്രശ്‌നങ്ങള്‍ രമ്യമായി അവസാനിച്ചില്ലെങ്കില്‍ കൂടുതല്‍ താരങ്ങള്‍ ഓസീസ് നിരയില്‍ നിന്നും പിന്മാറും. ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് വലിയ പ്രത്യാഘാതമുണ്ടാക്കും.

ഇരുപത് വര്‍ഷമായി കളിക്കാര്‍ക്ക് ലാഭവിഹിതം നല്‍കുന്ന പതിവ റദ്ദാക്കുകയും സീനിയര്‍ താരങ്ങള്‍ക്ക് മാത്രം കൂടുതല്‍ വേതനം നല്‍കുകയും ചെയ്യുന്ന രീതിയിലാണ് പുതിയ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ അംഗീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ചര്‍ച്ചകള്‍ നടന്നെങ്കിലും വേതനത്തിന്റെ കാര്യത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് കഴിയുന്ന തീരുമാനമെടുക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിക്ക് സാധിക്കാതിരുന്നതോടെ തര്‍ക്കം നീളുകയായിരുന്നു.

അതേസമയം കരാര്‍ അവസാനിച്ച ജൂണ്‍ 30 ന് ശേഷം താരങ്ങള്‍ തൊഴില്‍രഹിതരായിരിക്കുകയാണ്. ജൂണ്‍ 30 ന് മുമ്പ് പുതിയ കരാറിലെത്തുമെന്നായിരുന്നു പ്രതീക്ഷകള്‍. എന്നാല്‍, പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പരാജയപ്പെട്ടു. കളിക്കാരും ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള ശീതസമരം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പര്യടനം ഉള്‍പ്പടെ ഓസീസിന്റെ വരാനിരിക്കുന്ന മത്സരങ്ങളെല്ലാം അനിശ്ചിതത്വത്തിലായി.

പുതിയ കരാറുണ്ടാക്കാന്‍ കഴിയാഞ്ഞതോടെ രാജ്യാന്തര തലത്തിലും ആഭ്യന്തര മത്സരങ്ങളിലും സജീവമായി കളിക്കുന്ന 230 താരങ്ങളുടെ പ്രതിഫലകാര്യം പൂര്‍ണമായി അനിശ്ചിതത്വത്തിലായി. പുരുഷ ക്രിക്കറ്റിന് പുറമെ വനിതാ താരങ്ങളുടെ കാര്യത്തിലും പുതിയ കരാറിലെത്താനായില്ല.

ഓഗസ്റ്റില്‍ ബംഗ്ലാദേശ് പര്യടനമാണ് ഓസ്‌ട്രേലിയുടെ അടുത്ത മത്സരം. അതുകഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യയില്‍ ഒസീസ് എത്തേണ്ടതുണ്ട്. വര്‍ഷാവസാനമാണ് ആഷസ്. പുതിയ കരാറുണ്ടാക്കാന്‍ സാധിക്കാത്തതിലെ അതൃപ്തി താരങ്ങള്‍ പരസ്യമായി പ്രകടപ്പിച്ചുതുടങ്ങി. ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാം അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു.

Share.

Leave A Reply

Powered by Lee Info Solutions