ബേപ്പൂര്‍ ബോട്ടപകടം: രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി; തെരച്ചില്‍ തുടരുന്നു

0

ബേപ്പൂര്‍: കപ്പലിടിച്ച്‌ തകര്‍ന്ന മത്സ്യബന്ധന ബോട്ട് മുങ്ങി കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. തകര്‍ന്ന ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കോസ്റ്റ് ഗാര്‍ഡിന് ആയിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ടുപേരെ ഇനിയും കണ്ടെത്താനുണ്ട്.

തമിഴ്നാട് കൊളച്ചല്‍ സ്വദേശികളായ ബോട്ടുടമ ആന്റോ (39), രമ്യാസ് (50), തിരുവനന്തപുരം സ്വദേശികളായ ജോണ്‍സണ്‍ (19), പ്രിന്‍സ് (20) എന്നിവരെയാണ് ഇന്നലെ അപകടത്തില്‍ കാണാതായത്. രാത്രി ഏറെ വൈകിയും തുടര്‍ന്നെങ്കിലും കണ്ടത്താനായിരുന്നില്ല. ഇന്ന് രാവിലെയും തുടര്‍ന്ന തിരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടം നടന്ന ഉടന്‍ തമിഴ്നാട് കുളച്ചല്‍ സ്വദേശികളായ കാര്‍ത്തിക് (27), സേവിയര്‍ (58) എന്നിവരെ ഒരു മത്സ്യബന്ധന ബോട്ടും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.
ബുധനാഴ്ച രാത്രി 8.30ഓടെ ബേപ്പൂര്‍ തുറമുഖത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്. മത്സ്യബന്ധനത്തിനിടെ ബോട്ട് അജ്ഞാതകപ്പല്‍ ഇടിച്ച്‌ തകരുകയായിരുന്നു.കൊച്ചി ഹാര്‍ബറില്‍ നിന്ന് ബുധനാഴ്ച രാവിലെയോടെയാണ് ഇവര്‍ മീന്‍പിടിക്കുന്നതിനായി പുറപ്പെട്ടത്. കുളച്ചല്‍ സ്വദേശി ആന്റോയുടെ ഉടമസ്ഥതയിലുള്ള ‘ഇമ്മാനുവല്‍’ ബോട്ടാണ് തകര്‍ന്നത്. രണ്ട് മണിക്കൂറോളം നീന്തി രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ തേടിയെങ്കിലും രണ്ടുപേരെയാണ് രക്ഷപ്പെടുത്താനായത്.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ഇവര്‍ കോസ്റ്റ് ഗാര്‍ഡിനെയും കോസ്റ്റല്‍ പൊലീസിനെയും മറൈന്‍ എൻഫോഴ്‌സ്‌മെന്റിനെയും വിവരമറിയിച്ചതിനെതുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ വി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഫാസ്റ്റ് അറ്റാക്ക് സി. 404 ബോട്ട് ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ പുറപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയ രണ്ടുപേരെ രാത്രി 10.30ഓടെ ബേപ്പൂര്‍ തുറമുഖത്തെത്തിച്ചു. തുടര്‍ന്ന് രണ്ടുപേെരയും സമീപത്തെ സ്വകാര്യആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share.

Leave A Reply

Powered by Lee Info Solutions