ചങ്കൂറ്റം തന്നെയാണ് ഭടന്‍റെ ആയുധം; ബിയോണ്ട് ബോർഡേഴ്സ് റിവ്യൂ വായിക്കാം

0

ഏറെ പ്രതീക്ഷകളോടെയാണ് മോഹൻലാൽ ആരാധകരും മലയാള സിനിമാ പ്രേമികളും മേജർ രവി ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിനായി കാത്തിരുന്നത്. ഈ കാത്തിരിപ്പ് വെറുതെ ആയില്ല എന്ന സൂചനകളാണ് ആദ്യദിനം പ്രേക്ഷക പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

ഓരോ പട്ടാളക്കാരനിലും ഒരു മനുഷ്യനുണ്ടെന്ന് വിളിച്ചുപറയുന്നതാണ് ചിത്രം. ചിത്രത്തിലുടനീളം ഇത് നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട് എന്നുവേണം പറയാന്‍.

മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും നന്നായി ഉപയോഗിച്ചിട്ടുണ്ട് ചിത്രത്തില്‍. മേജര്‍ മഹാദേവനെയാണ് ഇതുവരെ മേജര്‍ രവി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചയമെങ്കില്‍ ഇത്തവണ അതിനൊരു മാറ്റമുണ്ട്. മേജര്‍ മഹാദേവന്റെ അച്ഛനായ മേജര്‍ സഹദേവനായാണ് അദ്ദേഹം ഇക്കുറി യുദ്ധമുഖത്തേക്കിറങ്ങിയിരിക്കുന്നത്. യുദ്ധമുഖത്ത് മാത്രമാണ് ശത്രുവുള്ളത്.അല്ലാത്തപ്പോള്‍ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന സൈനികര്‍ എന്ന മനോഭാവമുള്ള പട്ടാളക്കാരനായി അദ്ദേഹം സിനിമയില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്നു. മേജര്‍ സഹദേവന്‍ തന്നെയാണ് സിനിമയുടെ കേന്ദ്രബിന്ദു.

സാഹചര്യങ്ങളാണ് യുദ്ധത്തിലേക്ക് നയിക്കുന്നതെന്നും ആരും യുദ്ധങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നും കൃത്യമായി പറഞ്ഞുവെയ്ക്കുന്നുണ്ട് 1971. മേജര്‍ രവിയുടെ കഴിഞ്ഞ ചിത്രമായ പിക്കറ്റ് 43-ല്‍ ഇന്ത്യയുടേയും പാകിസ്താന്റെയും രണ്ട് സൈനികര്‍ തമ്മിലുള്ള സൗഹൃദമായിരുന്നു വിഷയം. ഇത്തവണ അതിനേക്കാള്‍ കുറച്ചുകൂടി വലിയ കാന്‍വാസിലേക്ക് തന്റെ പ്രമേയത്തെ വരച്ചിട്ടിരിക്കുകയാണ് സംവിധായകന്‍. സൗഹൃദത്തിനപ്പുറത്തേക്ക് സമാധാനമാണ് വേണ്ടത് എന്ന് പറയുകയാണ് ബിയോണ്ട് ബോര്‍ഡേഴ്സ്.

അധികാരമോഹികളായ രണ്ടുപേരുടെ ചെയ്തികളാണ് ഇന്ത്യാ വിഭജനത്തിലേക്ക് നയിച്ചതെന്ന പരോക്ഷ വിമര്‍ശവും സംവിധായകന്‍ ഉന്നയിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള മറ്റ് പട്ടാളക്കഥകളില്‍ നിന്നും വ്യത്യസ്തമായ ഒരംശം ഈ ചിത്രത്തിനുണ്ട്. പാകിസ്താനിലെ പട്ടാളക്കാരെ മോശമായി ചിത്രീകരിച്ചിട്ടില്ല എന്നതാണ് അത്. കൂടാതെ അവരിലും സമാധാനം ആഗ്രഹിക്കുന്നവരുണ്ടെന്ന് പറയാനും ബിയോണ്ട് ബോര്‍ഡേഴ്സിന് സാധിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും സമാധാനമാണ് കാംക്ഷിക്കുന്നതെന്ന് പറയുന്നതിനോടൊപ്പം തന്നെ രണ്ട് രാജ്യങ്ങളിലേയും സൈനികര്‍ അവരുടെ സൈനിക തടവുകാരോട് എങ്ങനെ പെരുമാറുന്നു എന്നതിലെ വൈരുധ്യവും സംവിധായകന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അരുണോദയ് സിങ്, അല്ലു സിരീഷ് എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. പാകിസ്താന്‍ സൈനികനായ രാജയായി പ്രശംസനീയമായ പ്രകടനമാണ് അരുണോദയ് സിങ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു വില്ലന്‍ ഇമേജില്ലാതെ സ്വന്തം രാജ്യത്തിനായി പോരാടുന്ന കഥാപാത്രമായി അദ്ദേഹത്തെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. സിനിമ കണ്ടിറങ്ങിയാലും മനസില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രമായിരിക്കും ഇത്. സഹോദരന്‍ അല്ലു അര്‍ജുന്റെ ചില മാനറിസങ്ങള്‍ അതുപോലെയുണ്ട് സിരീഷില്‍. അഭിനയത്തില്‍ ഇനിയും മുന്നേറാനുണ്ട് സിരീഷ്.

എല്ലാ പട്ടാള സിനിമയിലുമുള്ളതുപോലെ സൈനികരുടേയും കുടുംബങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ചിത്രത്തില്‍ പറയുന്നുണ്ടെങ്കിലും അധികം അതില്‍ തങ്ങിനില്‍ക്കാതെ തിരികെ യുദ്ധഭൂമിയിലേക്ക് തന്നെയാണ് ചിത്രം വരുന്നത്. നജീം അര്‍ഷാദ്, സിദ്ധാര്‍ത്ഥ് വിപിന്‍, രാഹുല്‍ സുബ്രഹ്മണ്യന്‍ എന്നിവരൊരുക്കിയ സംഗീതവും ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ പശ്ചാത്തലത്തോട് ചേര്‍ന്നുനില്‍ക്കുന്നവയായിരുന്നു.

വെറുമൊരു പട്ടാളക്കഥ എന്നതിലുപരി മാനവിക മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന ചിത്രം കൂടിയാണ് 1971. മോഹൻലാൽ 2017 ലും മലയാള സിനിമയെ മുന്നോട്ടു നയിക്കുകയാണ് ബിയോണ്ട് ബോർഡേഴ്സിലൂടെ.

Share.

Leave A Reply

Powered by Lee Info Solutions