ചെന്നൈയില്‍ കണ്ടെത്തിയ 45 കോടിയുടെ അസാധുനോട്ടുകള്‍ ബിജെപി നേതാവിന്റേത്

0

ചെന്നൈ: ചെന്നൈയില്‍ ഇന്നലെ പോലീസ് കണ്ടെടുത്ത 45 കോടിയുടെ അസാധു നോട്ടുകള്‍ ബിജെപി നേതാവിന്റേതെന്ന് കണ്ടെത്തല്‍. കോടമ്പാക്കത്തെ വസ്ത്രവ്യാപാരിയായ പ്രാദേശിക ബിജെപി നേതാവ് എംവി രാമലിംഗം ആന്‍ഡ് കമ്പനി ഉടമ ദണ്ഡപാണിയുടെ പക്കല്‍ നിന്നാണ് അസാധുവാക്കിയ 45 കോടിയുടെ നോട്ടുകള്‍ പോലീസ് പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.

രഹസ്യസന്ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇയാളുടെ വീട്ടിലും കടയിലും നടത്തിയ പോലീസ് പരിശോധനയില്‍ വസ്ത്രങ്ങളില്‍ പൊതിഞ്ഞ നിലയിലാണ് പിന്‍വലിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. പോലീസ് വകുപ്പിന് കരാര്‍ അടിസ്ഥാനത്തില്‍ യൂണിഫോം തയ്ച്ച് നല്‍കുന്നതിന് പുറമെ സിനിമ ഷൂട്ടിങ്ങിന് വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനം കൂടിയാണ് ഇയാളുടേത്.

അസാധുനോട്ടുകള്‍ മാറി നല്‍കാനായി പ്രമുഖ സ്വര്‍ണ്ണക്കട ഉടമ രണ്ടുദിവസം മുമ്പ് എത്തിച്ച പണമാണിതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ചില തമിഴ് സിനിമാ താരങ്ങള്‍ വഴിയാണ് ദണ്ഡപാണി മുമ്പ് അസാധുനോട്ടുകള്‍ മാറിയിരുന്നത്. പോലീസ് വിവരം നല്‍കിയതനുസരിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share.

Leave A Reply

Powered by Lee Info Solutions