ഗാംഗുലിയില്ലാതെ മികച്ച നായകന്മാരുടെ പട്ടികയുമായി രവിശാസ്ത്രി; ബുദ്ധിശൂന്യതയെന്ന് അസ്ഹറുദ്ദീൻ

0

ഹൈദ്രബാദ്: ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയില്‍ സൗരവ് ഗാംഗുലിയെ ഉള്‍പ്പെടുത്താത്ത രവിശാസ്ത്രിക്കെതിരെ രൂക്ഷപരിഹാസവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ശാസ്ത്രിയുടെ പ്രസ്താനവയില്‍ അതൃപ്തി രേഖപ്പെടുത്തിയ അസ്ഹറുദ്ദീന്‍ അദ്ദേഹം പറയുന്നത് ‘ബുദ്ധിയില്ലായിമ’ ആണെന്നും പരിഹസിക്കുന്നു.

‘ശാസ്ത്രി പറഞ്ഞത് ശുദ്ധ വിഢിത്തം ആണ്, അദ്ദേഹത്തിന് കണക്കുകള്‍ ലഭ്യമായിരുന്നില്ലേ, ശാസ്ത്രി പറഞ്ഞതിനെ ആളുകള്‍ എങ്ങനെ കണക്കിലെടുക്കും എന്നത് എന്റെ വിഷയമല്ല, അദ്ദേഹത്തിന്റെ മുന്‍വിധികള്‍ ഒരിക്കലും ഇന്ത്യന്‍ ക്രിക്കറ്റിന് സംഭാവന നല്‍കിയവരെ അവഗണിക്കാന്‍ ഇടയാക്കരുത്’ നിലവില്‍ ഹൈദ്രാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന അസ്ഹറുദ്ദീന്‍ പറയുന്നു.

രവി ശാസ്ത്രിയുടെ മികച്ച ക്യാപ്റ്റന്‍ പട്ടികയില്‍ എം.എസ്. ധോണിയെ സൂപ്പര്‍ ക്യാപ്റ്റനാക്കിയപ്പോള്‍ സൗരവ് ഗാംഗുലിയെ വെട്ടിയത് വിവാദത്തിന് തുടക്കമിട്ടിരുന്നു. ‘ദാദാ ക്യാപ്റ്റന്‍’ എന്നു വിളിച്ചാണ് ശാസ്ത്രി ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനായി വിശേഷിപ്പിച്ചത്.

”എല്ലാം ജയിച്ച നായകനാണ് ധോണി. അദ്ദേഹത്തിന് ഇനിയൊന്നും തെളിയിക്കാനില്ല. എല്ലാ ഫോര്‍മാറ്റിലും ജയിച്ച, കിരീടങ്ങളെല്ലാം സ്വന്തമാക്കിയ ബുദ്ധിമാനായ ക്യാപ്റ്റനാണ് ധോണി. അദ്ദേഹത്തിനരികില്‍ ആരുമില്ല. ദാദാ ക്യാപ്റ്റന് എന്റെ അഭിവാദ്യങ്ങള്‍” ഇങ്ങനെയായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍.

ധോണിക്കു പിന്നാലെ ശാസ്ത്രി എണ്ണിയ മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയില്‍ കപില്‍ദേവ്, അജിത് വഡേക്കര്‍, മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി എന്നിവര്‍ക്കായിരുന്നു സ്ഥാനം. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒറിജിനല്‍ ദാദയായ ഗാംഗുലിയെ വെട്ടിയത് ആരാധകര്‍ക്ക് പിടിച്ചില്ല. ഗാംഗുലിയുമായുള്ള വ്യക്തിവിരോധമാണ് ശാസ്ത്രിയുടെ പട്ടികയില്‍ പ്രതിഫലിച്ചതെന്നാണ് വിമര്‍ശകരുടെ ആരോപണം. ഗാംഗുലിയെ കൂടാതെ അസ്ഹറുദ്ദീനെയും വിരാട് കോഹ്ലിയെയും എല്ലാം ശാസ്ത്രി തഴഞ്ഞിരുന്നു.

ഇന്ത്യന്‍ കോച്ചിനെ കണ്ടത്തെുന്നതിനായി ഗാംഗുലിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ശാസ്ത്രിയെ തഴഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ശാസ്ത്രി ഗാംഗുലിയെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു.

Share.

Leave A Reply

Powered by Lee Info Solutions