ഫിഫ ലോകകപ്പില്‍ ഇനിമുതല്‍ 48 ടീമുകള്‍ മാറ്റുരയ്ക്കും

0

ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 48 ആയി ഉയര്‍ത്തി. നിലവില്‍ 32 ടീമുകളായിരുന്നു പങ്കെടുത്തിരുന്നത്. 2026ല്‍ നടക്കുന്ന ലോകകപ്പ് മുതലാണ് ടീമുകളുടെ എണ്ണം ഉയര്‍ത്തുവാന്‍ തീരുമാനിച്ചതെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ പറഞ്ഞു. 1998ലാണ് ടീമുകളുടെ എണ്ണം 32 ആക്കി ഉയര്‍ത്തിയത്. അതിന് മുമ്പ് 24 ടീമുകളായിരുന്നു മാറ്റുരച്ചിരുന്നത്.

പ്രാഥമിക ഘട്ടത്തില്‍ മൂന്ന് ടീമുകളെ 16 ഗ്രൂപ്പുകളായി തിരിച്ച് മത്സരം നടത്തും. തുടര്‍ന്ന് നോക്കൗട്ട് റൗണ്ട് മത്സരങ്ങള്‍. ടീമുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ മത്സരങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ ലോകകപ്പില്‍ 62 ആയിരുന്നത് 2026ല്‍ 80 ആയി ഉയരും. ഫൈനല്‍ കളിക്കേണ്ട രണ്ട് ടീമുകള്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന കാര്യത്തില്‍ മാറ്റമുണ്ടാകില്ല. കഴിഞ്ഞ ലോകകപ്പ് പോലെ 32 ദിവസം കൊണ്ട് തന്നെ ടൂര്‍ണമെന്റ് പൂര്‍ത്തിയാകും. കൂടുതല്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്നത് ഫുട്‌ബോളിന്റെ ജനപ്രീതിയ്ക്ക് ഗുണകരമാകുമെന്ന് ഫിഫ പറഞ്ഞു.

1913ല്‍ ആദ്യമായി ലോകകപ്പ് നടന്നപ്പോള്‍ 13 ടീമുകളാണ് മാറ്റുരച്ചത്. പിന്നീട് 1950ലെ ബ്രസീല്‍ ലോകകപ്പിലാണ് ടീമുകളുടെ എണ്ണം പതിനഞ്ചായി ഉയര്‍ത്തിയത്. തൊട്ടടുത്ത ലോകകപ്പ് സ്വിറ്റ്‌സര്‍ലന്റില്‍ നടന്നപ്പോള്‍ ടീമുകളുടെ എണ്ണം 16 ആയി. പിന്നീട് 1982ലെ സ്‌പെയിന്‍ ലോകകപ്പിലാണ് മാറ്റമുണ്ടായത്. 16ല്‍ നിന്ന് ടീമുകളുടെ എണ്ണം 24 ആയി. 1998ല്‍ ഫ്രാന്‍സ് ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ 32 ആയി ഉയര്‍ത്തിയതാണ് ഏറ്റവും ഒടുവിലത്തെ പരിഷ്‌കാരം.

Share.

Leave A Reply

Powered by Lee Info Solutions