സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ നാളെ അടച്ചിടും

0

സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ നാളെ അടച്ചിടും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന സ്വാശ്രയ എഞ്ചി.കോളേജ് മാനേജ്മെന്‍റ് അസോസിയേഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പാമ്പാടി നെഹ്‍റു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യക്ക് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ സ്വാശ്രയ  കോളേജുകള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് മാനേജ്മെന്റ് അസോസിയേഷന്റെ തീരുമാനം. പ്രതിഷേധ സൂചകമായി അസോസിയേഷന് കീഴിലുള്ള 120 കോളേജുകള്‍ നാളെ അടച്ചിടാനും അക്രമങ്ങള്‍ തുടര്‍ന്നാല്‍ പിന്നീട് അനിശ്ചിത കാലത്തേക്ക് കോളേജുകള്‍ അടച്ചിടാനുമാണ് തീരുമാനം

ഇന്ന് കൊച്ചിയിലെ സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ ഓഫീസിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും അക്രമാസക്തമായിരുന്നു. ഓഫീസ് അടിച്ചു തകര്‍ത്ത പ്രവര്‍ത്തകരെ പിന്നീട് പൊലീസെത്തിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. കഴിഞ്ഞ ദിവസം നെഹ്‍റു എഞ്ചിനീയറിങ് കോളേജിലേക്ക് വിവിധ സംഘടനകള്‍ നടത്തിയ മാര്‍ച്ചിലും വ്യാപകമായ അക്രമങ്ങളുണ്ടായിരുന്നു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ അതീവ ഗുരുതരമായ പ്രശ്നമാണെന്നായിരുന്നു ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. സ്വാശ്രയ കോളേജുകളെക്കുറിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇതിനിടെയാണ് നാളെ  കോളേജുകള്‍ അടച്ചിടാനുള്ള തീരുമാനം മാനേജ്മെന്റുകള്‍ കൈക്കൊണ്ടത്.

ജിഷ്ണുവിന്റെ മരണം സംബന്ധമായ കാര്യങ്ങള്‍ മാനേജ്മെന്റ് അസോസിയേഷന്റെ എത്തിക്സ് കമ്മിറ്റി അന്വേഷിക്കും. അന്വേഷണത്തില്‍ കോളേജിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ തുടര്‍ നടപടി കൈക്കൊള്ളുമെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

Share.

Leave A Reply

Powered by Lee Info Solutions