വ​നി​ത ലോ​ക​ക​പ്പ്: കിരീടത്തിലേക്ക് ഇന്ത്യക്ക് 229 റണ്‍സ്

0

ലണ്ടന്‍: വനിത ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 229 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഒാവറില്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെ വരുതിയിലാക്കാന്‍ സഹായിച്ചത്.

ഒാപണര്‍മാരായ ബ്യൂമോന്‍റ് (19), വിന്‍ഫീല്‍ഡ് (24) എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോറുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 47 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത്. പൂനം യാദവ്, ഗെയ്ക്വാദ് എന്നിവര്‍ ചേര്‍ന്ന് ഒാപണിങ് നിരയെ പുറത്താക്കി ഇന്ത്യയുടെ ആധിപത്യത്തിന് തുടക്കമിട്ടു. ഒാപണിങ് സഖ്യം പുറത്തായത് ഇംഗ്ലീഷ് സ്കോറിങ് പതുക്കെയാക്കി. പിന്നീടെത്തിയ സാറാ ടെയ്ലര്‍ (45), നതാലി സ്കിവര്‍ (51) എന്നിവര്‍ ചേര്‍ന്നാണ് ഇംഗ്ലണ്ട് സ്കോര്‍ ഉയര്‍ത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ജുലന്‍ ഗോസാമി ഇവരെ രണ്ടു പേരെയും മടക്കിയതോടെ ഇംഗ്ലീഷ് നിര വീണ്ടും പിന്നിലായി. കാതറിന്‍ ബ്രന്‍റ് 34 റണ്‍സെടുത്തു. ജുലന്‍ ഗോസാമി മൂന്ന് വിക്കറ്റും പൂനം യാദവ് രണ്ടും രാജേശ്വരി ഗെയ്ക്വാദ് ഒന്നും വിക്കറ്റ് വീഴ്ത്തി.

വനിത ക്രിക്കറ്റ് ലോകത്തെ ത്രിമൂര്‍ത്തികളായ ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവരെ തോല്‍പിച്ച്‌ ലോകകപ്പില്‍ കുതിച്ച ഒരോയൊരു ടീമാണ് ഇന്ത്യ. ബാറ്റിങ്ങില്‍ മിതാലി രാജിനും ഹര്‍മന്‍പ്രീത് കൗറിനും പുറമെ ഒാപണര്‍മാരായ സ്മൃതി മന്ദയും പൂനം റാവുത്തും ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് മികച്ച റണ്‍സ് പടുത്തുയര്‍ത്താനാവും. ടൂര്‍ണമെന്‍റ് ടോപ് സ്കോറര്‍മാരില്‍ 392 റണ്‍സുമായി ആസ്ട്രേലിയുടെ എലീസെ പെറിയുടെ (404) തൊട്ടുപിന്നിലാണ് മിതാലി.

മറുവശത്ത് സ്വന്തം നാട്ടിലാണ് കളിയെന്നത് പ്രഥമ ലോകകപ്പ് ചാമ്ബ്യന്മാരായ ഇംഗ്ലണ്ടിന് ഗുണം ചെയ്യും. 1973, 1993, 2009 വര്‍ഷങ്ങളിലാണ് ഇംഗ്ലണ്ട് ലോക ചാമ്ബ്യന്മാരായത്. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ അവസാന ഒാവറില്‍ മറികടന്നാണ് ഇംഗ്ലീഷ് പട കലാശക്കൊട്ടിന് യോഗ്യതനേടിയത്.

Share.

Leave A Reply

Powered by Lee Info Solutions