അഫ്ഗാനില്‍ അഞ്ച് യുഎഇ നയതന്ത്ര ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു, അംബാസഡര്‍ക്ക് പരിക്ക്

0

ദുബായ്: അഫ്ഗാനിസ്താനിലെ കാണ്ഡഹാറില്‍ ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരുമുണ്ടെന്ന് സ്ഥിരീകരിച്ചു. പരിക്കേറ്റവരില്‍ അഫ്ഗാനിലെ യുഎഇ അംബാസഡര്‍ ജുമ അല്‍ കഅബിയും ഉള്‍പ്പെടും. സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മാനുഷിക സഹായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്ന് യുഎഇ അറിയിച്ചു. യുഎഇ പ്രതിനിധികള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രവിശ്യാ ഗവര്‍ണറുട ഓഫിസിന് പുറത്ത് സ്‌ഫോടനമുണ്ടായത്. ചൊവ്വാഴ്ച അഫ്ഗാനില്‍ മൂന്നിടത്ത് സ്‌ഫോടനമുണ്ടായിരുന്നു. ഇതില്‍ 50 പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തങ്ങളുടെ പ്രതിനിധികളൈ കൊന്നതിന് മതപരമായ ഒരു ന്യായീകരണവുമില്ലെന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം പറഞ്ഞു. വിദ്യാഭ്യാസ, വികസന, സഹായ വിതരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ കൊല്ലുന്നത് മനുഷ്യത്വമാണോയെന്നും അദ്ദേഹം ചോദിച്ചു.

കൊല്ലപ്പെട്ടവരില്‍ കാണ്ഡഹാറില്‍ നിന്നുള്ള രണ്ട് രാഷ്ട്രീയ നേതാക്കളും ഒരു ഡപ്യുട്ടി ഗവര്‍ണറും അമേരിക്കയിലെ അഫ്ഗാന്‍ എംബസിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥനും ഉള്‍പ്പെടുമെന്ന് അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചു. അഫ്ഗാനില്‍ യുഎഇ തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതികളുടെ ചര്‍ച്ചക്ക് എത്തിയതായിരുന്നു ഇവര്‍.

സംഭവത്തില്‍ യുഎഇ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ദേശീയ പതാക താഴ്ത്തി കെട്ടും. സ്‌ഫോടനം നടത്തിയത് തങ്ങളല്ലെന്ന് താലിബാന്‍ അറിയിച്ചു. പ്രാദേശിക സംഘങ്ങളായിരിക്കാം സംഭവത്തിന് പിന്നിലെന്നും അവര്‍ പറഞ്ഞു.

Share.

Leave A Reply

Powered by Lee Info Solutions