കൊച്ചി സ്റ്റേഡിയത്തിൽ തീപാറും; ബ്രസീല്‍- സ്‌പെയിന്‍ ഗ്ലാമര്‍ പോരാട്ടം ഇന്ന്

0

കൊച്ചി : കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ആവേശങ്ങള്‍ക്ക് തിരികൊളുത്തി കൗമാരക്കാരുടെ കാല്‍പ്പന്തുകളിയുടെ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് കൊച്ചിയില്‍ ഇന്ന് പന്തുരുളും. ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമെന്ന് വിലയിരുത്തപ്പെടുന്ന ബ്രസീല്‍- സ്പെയിന്‍ പോരാട്ടത്തോടെയാണ് കൊച്ചിയിലെ മല്‍സരങ്ങള്‍ക്ക് തുടക്കമാകുക. വൈകീട്ട് അഞ്ചിനാണ് ബ്രസീല്‍ -സ്പെയിന്‍ പോരാട്ടം.

സൂപ്പര്‍ താരം വിനിഷ്യസ് ജൂനിയര്‍ ഇല്ലാതെയാണ് ബ്രസീല്‍ ടീം ലോകകപ്പിനിറങ്ങുന്നത്. പ്രതിരോധനിര താരം വിറ്റാവോയുടെ നായകത്വത്തിലാണ് ബ്രസീല്‍ ഇറങ്ങുന്നത്. അലന്‍ സൗസ, ലിങ്കണ്‍ കൊറയ എന്നിവരാകും മുന്നേറ്റത്തില്‍ മഞ്ഞപ്പടയുടെ കുന്തമുനകള്‍. ഭാവിയിലേക്കുള്ള തയ്യാറെടുപ്പാണ് ഈ ലോകകപ്പ്. വിനീഷ്യസിന്റെ അഭാവം ടീമിനെ ബാധിക്കില്ലെന്നും കോച്ച്‌ കാര്‍ലോസ് അമദ്യു അഭിപ്രായപ്പെട്ടു.

യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പ് കിരീട നേട്ടത്തിന്റെ ആത്മവിശ്വാസവുമായാണ് സ്പാനിഷ് പട കൊച്ചിയില്‍ പന്തുതട്ടാനിറങ്ങുന്നത്. ഇതുവരെ കിട്ടാത്ത കൗമാര ലോകകിരീടം ഇത്തവണ കൈയിലൊതുക്കുകയാണ് ലക്ഷ്യമെന്ന് കോച്ച്‌ സാന്റിയാഗോ ഡെനിയ പറഞ്ഞു. ബാഴ്സലോണ അക്കാദമിയുടെ കണ്ടെത്തലായ ഗോളടിയന്ത്രം ആബേല്‍ റൂയിസാണ് സ്പെയിനിന്റെ നായകന്‍.

ഇന്നു നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഉത്തരകൊറിയ- നൈജറെ നേരിടും. രാത്രി എട്ടുമണിക്കാണ് മല്‍സരം. ആഫ്രിക്കന്‍ യോഗ്യതാ മല്‍സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ നൈജീരിയയെ പുറത്താക്കിയാണ് നൈജറിന്റെ വരവ്. എതിരാളികളെ ഗോടിക്കാതെ വരിഞ്ഞുമുറുക്കുക എന്നതാണ് ഉത്തരകൊറിയന്‍ തന്ത്രം.

Share.

Leave A Reply

Powered by Lee Info Solutions