ജിസിഡിഎ സാമ്പത്തിക നഷ്ടം ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

0

കൊച്ചി: വിശാല കൊച്ചി വികസന അതോറിറ്റിയിലെ സാമ്പത്തിക നഷ്ടത്തിന്റ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് . ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ മുന്‍ സെക്രട്ടറിയടക്കം പതിനാല് ഉദ്യോഗസ്ഥരുടെ പട്ടിക ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം സര്‍ക്കാരിന് കൈമാറി.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുതല്‍ വാടക പിരിവു വരെ ജിസിഡിഎയ്ക്ക് കീഴില്‍ നടക്കുന്ന മിക്ക പ്രവര്‍ത്തനങ്ങളിലും ക്രമക്കേട് നടക്കുന്നെന്ന് അടിവരയിടുന്നതാണ് 2015 -16 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് .

ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാടകയിനത്തില്‍ കിട്ടേണ്ടിയിരുന്ന അഞ്ചു കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപ കുടിശികയായെന്ന് റിപ്പോര്‍ട്ടില്‍പറയുന്നു. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്‌എല്‍ മല്‍സരങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ പരസ്യ ചാര്‍ജ് ഈടാക്കിയതു കൊണ്ട് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.ജിസിഡിഎ ആറ് കോടി രൂപ ചെലവിട്ട് തോപ്പുംപടി മുണ്ടംവേലിയില്‍ നടത്തിയ മല്‍സ്യകൃഷിയുടെ നടത്തിപ്പിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.

സാങ്കേതിക പഠനങ്ങള്‍ നടത്താതെയും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ അനുമതി വാങ്ങാതെയുമാണ് പദ്ധതി നടപ്പാക്കിയതെന്ന് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.ജിസിഡിഎയിലെ മുന്‍ സെക്രട്ടറി ആര്‍ലാലുവടക്കം പതനാല് ഉദ്യോഗസ്ഥരാണ് ക്രമക്കേടുകള്‍ക്കും അതുവഴി ഉണ്ടായ സാമ്ബത്തിക നഷ്ടത്തിനും ഉത്തരവാദികളെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇവരുടെ പേരുവിവരങ്ങളടക്കമാണ് സര്‍ക്കാരിന് കൈമാറിയത്. നഷ്ടം വന്ന തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കും. കോണ്‍ഗ്രസ് നേതാവ് എന്‍വേണുഗോപാല്‍ ചെയര്‍മാനായിരുന്ന കാലയളവിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചുളള ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

Share.

Leave A Reply

Powered by Lee Info Solutions