ഈ ഹണി ബീ 2 ആരോഗ്യത്തിന് ഹാനികരമോ? ; റിവ്യൂ വായിക്കാം

0

ലാല്‍ ജൂനിയര്‍ എഴുതി സംവിധാനം ചെയ്ത് ആസിഫ് അലി നായകനായെത്തുന്ന ഹണീ ബീ 2 ദി സെലിബ്രിഷേൻ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ പ്രതീക്ഷകളെ കാറ്റിൽ പറത്തി എങ്ങോട്ടെന്നില്ലാതെ ഒഴുകുന്ന സിനിമയാണ് പ്രേക്ഷകരെ തീയറ്ററിൽ കാത്തിരുന്നത്.

ഇതെന്തൂട്ട് സില്‍മയാടോ…. ഹണീബി ടു ദ സെലിബ്രേഷന്‍ കാണുന്ന സാധാരണ പ്രേക്ഷകര്‍ ഇങ്ങനെ ചോദിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. കാരണം അതങ്ങിനെയാണ്. രണ്ടര മണിക്കൂര്‍ എന്തരക്കയോ കാട്ടി ഹണീബി എന്ന ആദ്യ ഭാഗത്തിന്റെ ഹാംഗ് ഓവര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരെ രണ്ടാം ഭാഗം ശരിക്കും പഞ്ഞിക്കിട്ടു.
വന്‍ വിജയമായ ഹണീബിയുടെ തുടര്‍ച്ചയാണ് …. അല്ല , ടെയില്‍ എന്‍ഡിന് മുന്‍പുള്ള നായികാനായകന്‍മാരുടെ കടലില്‍ ചാട്ടത്തിലാരംഭിച്ച് ആദ്യ ഭാഗത്തിന്റെ അതേ ടെയില്‍ എന്‍ഡില്‍ അവസാനിക്കുന്ന പ്രത്യേകതരം തുടര്‍ച്ചയാണ് ഹണീബി ടു ദ സെലിബ്രേഷന്‍.
നായികയായ ഏഞ്ചലിന്റെയും നായകനായ സെബാന്റെയും ആത്മഹത്യാ ശ്രമവും അതില്‍ നിന്ന് രക്ഷപെട്ടതിനു ശേഷമുള്ള ഇരുവീട്ടുകാരുടെയും സമ്മതത്തോടെയുള്ള അവരുടെ വിവാഹവുമാണ് കഥ. അതിനിടയില്‍ ആദ്യഭാഗത്തില്‍ ബന്ധുക്കളാരുമില്ല എന്ന് തോന്നിപ്പിച്ച സെബാന് രണ്ടാം ഭാഗത്തില്‍ ഉന്നത കുലജാതരും, സമ്പന്നരും , ബാംഗ്ലൂരില്‍ സ്ഥിരതാമസമുറപ്പിച്ചവരും, പ്രഗത്ഭ അഭിഭാഷകരുമായ മാതാപിതാക്കളുണ്ട്. സെബാന്‍ എന്തിന് കൊച്ചിയില്‍ വന്ന് കട്ട ലോക്കലായി ജീവിക്കുന്നു എന്നതിന് ചില ന്യായങ്ങളും. തുടര്‍ന്നങ്ങോട്ട് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന തരം ഒരു കണ്ണു കെട്ടിയോട്ടമാണ് സിനിമ.
ആദ്യഭാഗത്തിന്റെ അതേ മൂഡില്‍ തന്നെ പോവുന്നതാണ് ഇന്റര്‍വല്ലിനുമുന്നിലുള്ള പോര്‍ഷന്‍സ്.. ആസിഫും ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ബാബുരാജും ഭാവനയും ലാലും തുടങ്ങി എല്ലാവര്‍ക്കും 2013ലെ അതേ ആമ്പിയര്‍ നിലനിര്‍ത്താനായി.

സെക്കന്റ് ഹാഫില്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ നന്നായി പിടിവിട്ടുപോവുന്നതും പടം ഹണിബീയ്ക്ക് താഴെപോവുന്നതുമായ കാഴ്ച കണ്ട് കാണികള്‍ അത്യാവശ്യം കൂവിപ്പൊളിക്കുന്നൊക്കെയുണ്ട്. കല്യാണവീട് കേന്ദ്രീകരിച്ച് സെബാന്റെ വൈകാരികതയിലാണ് അവിടെ ജൂനിയര്‍ ലാല്‍ ഫോക്കസ് ചെയ്യുന്നതെന്നതിനാല്‍ ആസിഫ് അലിക്ക് തന്നെയാണ് കൂവലുകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതും.

 ആദ്യ സിനിമയായ ഹണി ബിയിൽ കഥാ സന്ദർഭത്തിന് അനുസരിച്ചായിരുന്നു മദ്യപാന സീനുകളെങ്കിൽ രണ്ടാം ഭാഗത്തിൽ ചറപറ മധുസേവയായിരുന്നു. ഹണീ ബീ സീരിസിൽ നിന്നും ലാൽ ജൂനിയർ മുക്തി നേടേണ്ട സമയമായി എന്നും ഈ സിനിമ സൂചിപ്പിക്കുന്നു.

ചുരുക്കത്തിൽ ഈ ഹണീ ബീ 2 പ്രേക്ഷകരുടെ ആരോഗ്യത്തിന്( ആസ്വാദനത്തിനും, പണത്തിനും) ഹാനികരമാകും.
Share.

Leave A Reply

Powered by Lee Info Solutions