ഇറച്ചിക്കോഴികളെ ഹോർമോൺ കുത്തിവച്ചാണോ വളർത്തുക? സത്യമെന്ത്?

0

 

ഇറച്ചി കോഴികളെ പറ്റിയും ഹോര്‍മോണ്‍ കുത്തിവെപ്പിനെ പറ്റിയും നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്താണ് യഥാര്‍ത്ഥ വസ്തുതയെന്നു ഈ പോസ്റ്റിലൂടെ നോക്കാം

എന്താണ് ബ്രോയിലർ (ചൂള) ചിക്കൻ?

ഇറച്ചിക്ക് വേണ്ടി വളർത്തുന്ന കോഴികളാണ് ബ്രോയിലർ ചിക്കൻ. ശാസ്ത്രീയ നാമം Gallus gallus domesticus. ബാക്കി പറയുന്നതിനും മുൻപേ, സാധരണ വളർത്തുകോഴികളെ അൽപ്പം പറഞ്ഞേ പറ്റൂ. കോഴി മനുഷ്യന്റെ കൂടെ കൂടിയിട്ട് ആയിരക്കണക്കിനു വര്ഷങ്ങളായി. ചുവന്ന തരത്തിലുള്ള കാട്ടു കോഴി (ശാസ്ത്രീയ നാമം: Gallus gallus) യുടെയും, ചാര നിറത്തിലുള്ള കാട്ടുകോഴിയുടെയും (ശാസ്ത്രീയ നാമം: Gallus sonneratii) സങ്കരമാണ് സാധാരണ വളർത്തു കോഴികൾ. ഏകദേശം 8000 വർഷം മുൻപാണ് ഈ സങ്കരയിനം ഉണ്ടായത് എന്ന് ചില പഠനങ്ങൾ പറയുന്നു. പുരാതന കാലത്ത് ‘കോഴിപ്പോരിനു’ വേണ്ടിയാണ് കോഴികളെ വളർത്തിയിരുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നാണ് വളർത്തുകോഴികൾ മറ്റുസ്ഥലങ്ങളിലേക്ക് ദേശാന്തരഗമനം നടത്തിയത്.

നാട്ടുകോഴികളിൽ നിന്നും വേർതിരിച്ചെടുത്ത പ്രത്യേക ഇനം കോഴികളാണ് ബ്രോയിലർ ചിക്കൻ.

1916 ലാണ് ജീവികളുടെ വംശപാരമ്പര്യം (pedigree) നിലനിർത്തുന്ന രീതിയിലുള്ള പ്രജനനം പ്രചാരത്തിൽ ആയത്. 1923 ലാണ് Mrs Wilmer Steele എന്ന കൃഷിക്കാരി അമേരിക്കയിലെ, Delaware എന്ന സ്ഥലത്ത് ആദ്യമായി 500 സങ്കരയിനം കോഴികളെ ഇറച്ചിക്കുവേണ്ടി മാത്രമായി പരീക്ഷണാർത്ഥം വളർത്തിയത്. 1926 ആയപ്പൊളേക്കും rs Wilmer Steele ന്റെ ഫാർമിൽ പതിനായിരത്തിലധികം കോഴികൾ ആയി. ഇപ്പോൾ കാണുന്ന തരം വെള്ള കളറിൽ ഉള്ള ബ്രോയിലർ ചിക്കനുകൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉണ്ടാക്കാനുള്ള നിർദ്ദേശം മുന്നോട്ടു വച്ചത് 1973
ൽ Donald Shaver ആണ്.

എന്താണ് ബ്രോയിലർ ചിക്കനുകൾ വെള്ള കളറിൽ ഇരിക്കുന്നത്?

ബ്രോയിലർ ചിക്കനുകൾ സങ്കരയിനമാണ് എന്ന് മുകളിൽ പറഞ്ഞല്ലോ? ഈ സങ്കരയിനം ഉണ്ടാക്കിയത് Plymouth Rocks എന്നയിനവും white Cornish എന്ന വേറൊരിനം കോഴിയിൽ നിന്നുമാണ് എന്നും പറഞ്ഞല്ലോ.

ഇവയിൽ നിന്നുണ്ടായ കോഴി ക്കുഞ്ഞുങ്ങൾ വെളുത്താന് ഇരിക്കുന്നത്.

ഈ സങ്കരയിനം കോഴികളുടെ പ്രത്യേകത വളരെക്കുറഞ്ഞ സമയം കൊണ്ടും, കുറച്ച് ആഹാരം കൊണ്ടും ധാരാളം ഇറച്ചി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്. പുതു തലമുറ കോഴികളെ കൃത്രിമ ബീജ സങ്കലനം നടത്തിയാണ് ബ്രോയിലർ ചിക്കനുകൾക്കു വേണ്ട മുട്ടകൾ ഉണ്ടാക്കുന്നത്.

ഏകദേശം ഒരു മാസത്തിനകം തന്നെ ഇവയ്ക്ക് ഒന്നര കിലോയോളം തൂക്കം വരും. സാധാരണ നാടൻ കോഴിക്ക് ഏകദേശം നാലുമാസം എടുക്കും ഈ അളവിൽ തൂക്കം വരാൻ.

ബ്രോയിലർ കോഴികൾ ഏകദേശം മുപ്പത്തി അഞ്ചിനും അമ്പതു ദിവസത്തിനും ഇടയിൽ ഇറച്ചിക്കായി ഉപയോഗിക്കാം.

അപ്പോൾ. ബ്രോയിലർ ചിക്കനുകൾ ജനറ്റിക് എഞ്ചിനീയറിങ് (genetically modified) വഴി ഉണ്ടാക്കുന്നതാണ് എന്നൊക്കെ whatsapp മെസ്സേജുകളിൽ വായിച്ചല്ലോ, ഇത് ശരിയാണോ?

അല്ല. ഇവ ജനിതക മാറ്റം വരുത്തിയ കോഴികൾ അല്ല, മറിച്ച്‌ രണ്ടുഇനത്തിൽ (Plymouth Rocks ഉം white Cornish ഉം ) പെട്ട കോഴികളെ ഉപയോഗിച്ച് ഉണ്ടാക്കിയ സങ്കരഇനമാണ് എന്ന് അടിവരയിട്ട് പറയാം.

അപ്പോൾ ഏതു കോഴിയാണ് കൂടുതൽ ഉത്തമം, നാട്ടു കോഴിയോ (Free range) ബ്രോയിലർ ചിക്കാനോ?

ധാരാളം കാറ്റും വെളിച്ചവും കൊണ്ടു പതിയെ വളരുന്ന നാടൻ കോഴികൾ തന്നെ കൂടുതൽ ഉത്തമവും, രുചികരവും. എന്നിരുന്നാലും സാമ്പത്തികമായി നോക്കിയാൽ ബ്രോയിലർ ചിക്കൻ തന്നെ ലാഭകരം.

ബ്രോയിലർ ചിക്കനിൽ ഹോർമോൺ കുത്തിവച്ചാണ് ഭാരം കൂട്ടുന്നത് എന്ന് വായിച്ചല്ലോ? ഇതു ശരിയാണോ?

ഇത് വലിയ ഒരു മിഥ്യാ ധാരണയാണ്. മുകളിൽ പറഞ്ഞ സങ്കരയിനത്തിൽ പെട്ട കോഴികൾ ഒരു ഹോർമോൺ കുത്തിവയ്പ്പും ഇല്ലാതെതന്നെ ക്രമമായ അളവിലുള്ള ഭക്ഷണം കൊണ്ടു തന്നെ ഒന്നര രണ്ടു മാസത്തിനുള്ളിൽ നല്ല തൂക്കം വയ്ക്കും. അപ്പോൾ ഹോർമോൺ കുത്തിവയ്‌ക്കേണ്ട ഒരു ആവശ്യവും ഇല്ലല്ലോ?

ഇനി വേണ്ടത്ര അറിവില്ലാതെ ഏതെങ്കിലും ഫാമുകൾ ഇങ്ങനെ ഉപയോഗിക്കുന്നുവെങ്കിൽ അവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടു വരണം.

1950 കളിൽ ത്തന്നെ അമേരിക്കയിൽ ബ്രോയിലർ ചിക്കനിൽ ഉള്ള ഹോർമോൺ കുത്തിവയ്പ്പു നിരോധിച്ചതാണ്.

പക്ഷെ, അവയുടെ ചെറിയ ജീവിത കാലയളവിൽ രോഗപ്രതിരോധ ശേഷി ഉണ്ടാക്കിയെടുക്കുക അസാദ്ധ്യമാണ് എന്ന് പറയേണ്ടതില്ലല്ലോ? ആയതിനാൽ ഇവയ്ക്ക് പലതരത്തിലുള്ള രോഗ പ്രതിരോധ കുത്തിവയ്‌പ്പുകൾ (vaccination) എടുകേണ്ടിയതായി വരും. ഇവയൊന്നും മനുഷ്യന് ഹാനികരം ആണ് എന്ന് കണ്ടെത്തിയിട്ടില്ല.

ബ്രോയിലർ ചിക്കനുകളിൽ മാരകമായ അളവില് കാഡ് മിയം, ക്രോമിയം, കറുത്തീയം തുടങ്ങിയവയുടെ അംശം അടങ്ങിയിട്ടുണ്ട് എന്നും വായിച്ചല്ലോ? ഇത് ശരിയാണോ?

തീർച്ചയായും അല്ല. കോഴിക്കെന്നല്ല ഒരു ജീവിക്കും അവയുടെ ശരീരത്തിൽ ലോഹങ്ങൾ ഉണ്ടാക്കാനുള്ള കഴിവില്ല. ഇനിപരീക്ഷിക്കപ്പെട്ട കോഴികളിൽ മുകളിൽ പറഞ്ഞ മൂലകങ്ങൾ കണ്ടെത്തിയാൽ അത്, ഈ മൂലകങ്ങൾ അടങ്ങിയ വില കുറഞ്ഞ കോഴിത്തീറ്റയിൽ നിന്നാവാം, കോഴിയിൽ എത്തിയത്. സാധാരണ ആരോഗ്യകമായ സാഹചര്യങ്ങളിൽ ഇങ്ങനെ ‘ഹെവി മെറ്റൽസ്’ കലരാൻ ഒരു സാദ്ധ്യതയും ഇല്ല എന്നു തന്നെ പറയാം.

ബ്രോയ്‌ലർ ചിക്കൻ നാടൻ ചിക്കനെ അപേക്ഷിച്ചു വളരെ അനാരോഗ്യം ഉള്ളവ എന്ന് വായിച്ചല്ലോ?

ഇത് ശരിയാണ്. ഇവയുടെ കാലുകൾക്ക് ബലക്കുറവുണ്ട്. പെട്ടെന്നുള്ള വളർച്ച കാരണം ഇവയുടെ ഹൃദയവും രക്തധമനികളും പ്രവര്‍ത്തനക്ഷമമല്ലാതെ ആവാനുള്ള സാദ്ധ്യത കൂടുതൽ ആണ്. പക്ഷെ ഇതു കൊണ്ടൊന്നും നിയന്ത്രിത അളവിൽ ഇറച്ചി ഭക്ഷിക്കുന്നതു കൊണ്ട് ഒരു കുഴപ്പവും ഇല്ല, എന്ന് പറയാം.

എന്നിരുന്നാലും ബന്ധപ്പെട്ട അധികാരികൾ ഫാമുകൾ വൃത്തിയുള്ളതാണോ, അനാരോഗ്യകരമായ തീറ്റ ഇവയ്ക്ക് കൊടുക്കുന്നുണ്ടോ, അനിയന്ത്രതമായി അളവിൽ ആന്റിബയോട്ടിക്കുകൾ, മറ്റു മരുന്നുകൾ കൊടുക്കുന്നുണ്ടോ വേണ്ടത്ര വെള്ളവും വെളിച്ചവും ഇവയ്ക്ക് ലഭ്യമാണോ എന്നതൊക്കെ നിശ്ചിത ഇടവേളകളിൽ അന്വേഷണ വിധേയമാക്കണം.

കടപ്പാട്: സുരേഷ്  പിള്ളൈ/ചായക്കട

Share.

Leave A Reply

Powered by Lee Info Solutions