ഇന്ത്യ ആണവായുധങ്ങള്‍ നിര്‍മിച്ചു കൂട്ടുന്നുവെന്ന് പാകിസ്താന്‍

0

ഇസ്ലാമാബാദ്: ഊര്‍ജാവശ്യത്തിനുള്ള ആണവ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച്‌ ഇന്ത്യ ആയുധങ്ങള്‍ നിര്‍മ്മിച്ചു കൂട്ടുകയാണെന്ന് പാകിസ്താന്‍ ആരോപിച്ചു.സമാധാനപരമായ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ആണവ വിതരണ രാജ്യങ്ങളില്‍ നിന്ന് കൈപ്പറ്റിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച്‌ ഇന്ത്യ ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയാണെന്ന് പാകിസ്താന്‍ വിദേശകാര്യവക്താവ് നഫീസ് സക്കറിയ പറഞ്ഞു.സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ശേഖരിക്കുന്ന ആണവപദാര്‍ഥങ്ങള്‍ ഉപയോഗിച്ച്‌ ഇന്ത്യ ആണവായുധങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ഒരു പതിറ്റാണ്ടിലേറെയായി പാകിസ്താന്‍ കടുത്ത സുരക്ഷാഭീഷണിയാണ് നേരിടുന്നതെന്നും നഫീസ് സക്കറിയ കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ഏറ്റവും വേഗത്തില്‍ പുരോഗമിക്കുന്നവയാണ് ഇന്ത്യയുടെ ആണവപദ്ധതികള്‍ എന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്ന നിരവധി പഠനങ്ങള്‍ വേറെയുമുണ്ട് എങ്കിലും ഇതേക്കുറിച്ച്‌ പൊതുവേ മൗനം പാലിക്കപ്പെടുകയാണെന്ന് നഫീസ് സക്കറിയ കുറ്റപ്പെടുത്തി.സമീപകാലത്ത് ഹാര്‍വാര്‍ഡ് കെന്നഡി സ്കൂള്‍ പുറത്തു വിട്ട ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് 2600-ലേറെ ആണവായുധങ്ങള്‍ ഉണ്ടാക്കാനുള്ള ആണവ വിഭവങ്ങള്‍ ഇന്ത്യയുടെ കൈവശം ഉണ്ടെന്നാണ്. നിരവധി ആണവ നിലയങ്ങളുടെ നിര്‍മ്മാണം ഇന്ത്യയില്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ് ഇതെല്ലാം ആണവായുധങ്ങളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്താനുള്ള മറ മാത്രമാണ്.

ആണവായുധങ്ങളുടെ വ്യാപനമുണ്ടാവും എന്നത് മാത്രമല്ല ദക്ഷിണേഷ്യയുടേയും പാകിസ്താന്റേയും സുരക്ഷയ്ക്കും ഇത് കാര്യമായി ഭീഷണി സൃഷ്ടിക്കും – നഫീസ് സക്കറിയ പറഞ്ഞു.കശ്മീരില്‍ ആര്‍എസ്‌എസ് കൂടുതല്‍ യൂണിറ്റുകള്‍ക്ക് രൂപം നല്‍കുന്നത് അവിടെ ഉയര്‍ന്നു വരുന്ന സ്വതന്ത്ര പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണെന്ന് കുറ്റപ്പെടുത്തിയ നഫീസ് കശ്മീരിലെ സ്ഥിതിഗതികളില്‍ അന്താരാഷ്ട്ര ശ്രദ്ധ പതിയേണ്ടതുണ്ടെന്നും പറഞ്ഞു.

Share.

Leave A Reply

Powered by Lee Info Solutions