മമത ബാനര്‍ജിക്കൊപ്പം ലണ്ടനില്‍ എത്തിയ ഇന്ത്യന്‍ പത്രപവര്‍ത്തകര്‍ ഹോട്ടലില്‍ നിന്നും സ്പൂണും ഫോര്‍ക്കും അടിച്ചു മാറ്റി

0

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ലണ്ടന്‍ സന്ദര്‍ശനത്തിന് പോയ കൊല്‍ക്കത്തയിലെ മാധ്യമപ്രവര്‍ത്തകര്‍ അത്താഴവിരുന്നിനിടെ കത്തിയും മുള്ളും മോഷ്ടിച്ചതായി ആരോപണം.

ഹോട്ടലിലെ സുരക്ഷാ ജീവനക്കാര്‍ മോഷണം പിടികൂടിയതോടെ 50 പൗണ്ട് നല്‍കി സംഗതി ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്നാണ് ഔട്ട്‌ലുക്ക് പുറത്തുവിട്ട റിപ്പോര്‍ട്ട്. സംഗതി സോഷ്യല്‍മീഡിയയിലും വലിയ ചര്‍ച്ചയാകുന്നുണ്ട്.
ലണ്ടനിലെ ആഢംബര ഹോട്ടലിലായിരുന്നു അത്താഴവിരുന്ന് ഒരുക്കിയത്. വി.വി.ഐ.പി ഗസ്റ്റായി ഹോട്ടലില്‍ എത്തിയതായിരുന്നു മമത. അത്താഴവിരുന്നില്‍ മമ്തയ്‌ക്കൊപ്പം കൊല്‍ക്കത്തയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും എത്തിയിരുന്നു.

അതിഥികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് മാധ്യമപ്രവര്‍ത്തകര്‍ സ്റ്റീലിന്റെ കത്തിയും മുള്ളും മോഷ്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിയുകയായിരുന്നു. ഒരു സെറ്റ് ഡെസേര്‍ട് സ്പൂണുകള്‍ മേശയില്‍ നിന്ന് എടുക്കുകയും അത് സ്വന്തം പോക്കറ്റില്‍ ഇടുകയുമായിരുന്നു ഇവര്‍.

സുരക്ഷാജീവനക്കാര്‍ മോഷണം പിടികൂടിയതോടെ ഇവര്‍ക്കരികില്‍ എത്തി ചോദ്യം ചെയ്തു. ‘നിങ്ങള്‍ അത് എടുക്കുന്നത് ഞങ്ങള്‍ക്ക് മനസിലായിട്ടുണ്ട്. മോഷ്ടിച്ചത് തിരികെ സ്ഥാനത്ത് തന്നെ വെക്കണം’ എന്ന് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞതോടെ മോഷ്ടിച്ച കത്തിയും സ്പൂണും ഇവര്‍ മേശപ്പുറത്ത് തന്നെ വെച്ചു.

മോഷണം നടത്തിയതായി എല്ലാവരും സമ്മതിച്ചെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകന്‍ മാത്രം ആരോപണം നിഷേധിക്കുകയായിരുന്നു. ദേഹപരിശോധന നടത്തണമെന്ന സുരക്ഷാ ജീവനക്കാരുടെ ആവശ്യം ഇദ്ദേഹം നിരാകരിച്ചതോടെ പൊലീസിനെ വിളിച്ചുവരുത്തുമെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ഇതോടെ അദ്ദേഹം കുറ്റം ഏറ്റുപറയുകയും 50 പൗണ്ട് പിഴയായി നല്‍കി കേസില്‍ നിന്ന് ഊരുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബംഗാളി ന്യൂസ് പേപ്പറിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ഒരാള്‍. മമ്തയ്‌ക്കൊപ്പം വിദേശയാത്രകളില്‍ മിക്കവാറും ഈ മാധ്യമപ്രവര്‍ത്തകര്‍ പോകാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ആരുടേയും പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം മാധ്യമപ്രവര്‍ത്തകരുടെ ഈ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. ഇന്ത്യയ്ക്ക് തന്നെ നാണക്കേടാണ് ഇത്തരം സംഭവമെന്നും ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ സല്‍പ്പേരാണ് ഇല്ലാതായതെന്നുമാണ് ഒരാളുടെ പ്രതികരണം.

ബംഗാളിലെ ഹോട്ടലിലെപ്പോലെ സിസി ടിവികള്‍ എല്ലാം കേടായിരിക്കുമെന്നാവാം അവര്‍ കരുതിയതെന്നും ലണ്ടനിലാണെന്ന കാര്യം മറന്നുപോയിക്കാണെന്നുമാണ് മറ്റൊരാളുടെ പരിഹാസം. ഇത്തരം നേതാക്കളും മാധ്യമപ്രവര്‍ത്തകരും ഇന്ത്യയ്ക്ക് തന്നെ അപമാനമാണെന്നും പ്രതികരിക്കുന്നവരുണ്ട്.

Share.

Leave A Reply

Powered by Lee Info Solutions