ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ്; ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 622ന് ഡിക്ലയര്‍ ചെയ്തു

0

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 622 ന് ഡിക്ലയര്‍ ചെയ്തു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെന്ന നിലയിലായിരുന്നു രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ഡിക്ലയര്‍ ചെയ്യുമ്പോള്‍ 9 വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു.

സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും വിക്കറ്റുകളാണ് രണ്ടാം ദിനം ഇന്ത്യക്ക് നഷ്ടമായത്. തലേദിവസത്തെ സ്‌കോറിനോട് അഞ്ചു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഇന്ത്യക്ക് പൂജാരയെ നഷ്ടപ്പെട്ടു. 232 പന്തില്‍ 133 റണ്‍സായിരുന്നു പൂജാരയുടെ സമ്പാദ്യം. രണ്ടാം ദിവസത്തെ രണ്ടാം ഓവറില്‍ തന്നെ പൂജാരയെ കരുണരത്‌നയാണ് പുറത്താക്കിയത്.

ആദ്യ ദിവസത്തെ സ്‌കോറിനോട് 29 റണ്‍സാണ് രഹാനെക്ക് കൂട്ടിച്ചേര്‍ക്കാനായത്. 222 പന്തില്‍ 132 റണ്‍സ് നേടിയ രഹാനെയെ പുഷ്പകുമാരയുടെ പന്തില്‍ ഡിക്ക്വെല്ല സ്റ്റമ്പ് ചെയ്യുകയായിരുന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 217 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. പൂജാര പുറത്തായ ശേഷം അശ്വിനെ കൂട്ടുപിടിച്ച് 63 റണ്‍സ് കൂടി രഹാനെ ഇന്ത്യന്‍ സ്‌കോറില്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പതിനൊന്നാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ആദ്യ ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ച് ശിഖര്‍ ധവാന്‍ പെരേരയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 37 പന്തില്‍ 35 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം. പിന്നീട് പൂജാരയും ലോകേഷ് രാഹുലും ഇന്ത്യയെ മുന്നോട്ടുനയിച്ചു. കൂട്ടുകെട്ട് 53 റണ്‍സിലെത്തിയപ്പോള്‍ റണ്‍ഔട്ടിന്റെ രൂപത്തില്‍ ലോകേഷ് രാഹുല്‍ പുറത്തായി. 82 പന്തില്‍ 57 റണ്‍സാണ് രാഹുല്‍ നേടിയത്.

പിന്നീട് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ ഊഴമായിരുന്നു. 29 പന്തില്‍ 13 റണ്‍സെടുത്ത കൊഹ്‌ലിക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. ഹെറാത്തിന്റെ പന്തില്‍ മാത്യൂസിന് വിക്കറ്റ് സമ്മാനിച്ച് കൊഹ്‌ലി മടങ്ങി. അശ്വിന്റെയും വൃദ്ധിമാന്‍ സാഹയുടെയും ജഡേജയുടെയും അര്‍ധ സെഞ്ചറികള്‍ ഇന്ത്യയുടെ ഇന്നിങ്‌സിന് കരുത്തേകി. കളി അവസാനിപ്പിക്കുമ്പോള്‍ ജഡേജയും ഉമേഷ് യാദവുമാണ് ക്രീസിലുണ്ടായിരുന്നത്. 85 പന്തുകള്‍ നേരിട്ട ജഡേജ 70 റണ്‍സ് നേടി.

Share.

Leave A Reply

Powered by Lee Info Solutions