നാവികസേനയ്ക്ക് ഇനി കൂടുതല്‍ കരുത്ത്; ഐഎന്‍എസ് ഖന്തേരി നീറ്റിലിറക്കി

0

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ കരുത്തു വര്‍ധിപ്പിക്കാന്‍ ഫ്രാന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച രണ്ടാം സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് ഖന്തേരി നീറ്റിലിറക്കി. ഇന്ത്യന്‍ നാവികസേനക്കായി മുംബൈയിലെ മസഗോണ്‍ കപ്പല്‍നിര്‍മാണ ശാലയിലാണ് അന്തര്‍വാഹിനി നിര്‍മ്മിച്ചത്. 2015 ല്‍ ഒന്നാം സ്കോര്‍പീന്‍ നീറ്റിലിറക്കിയിരുന്നു.

2017 ഡിസംബര്‍വരെ വിവിധ പരീക്ഷണങ്ങള്‍ക്കായി മുങ്ങിക്കപ്പലിനെ ഉപയോഗിക്കും. ഇതിനുശേഷമാകും കപ്പല്‍ നാവികസേനയുടെ ഭാഗമാവുക. പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് ഭാംമ്രെ, മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് ഐഎന്‍എസ് ഖന്തേരി നീറ്റിലിറക്കിയത്.

66 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വ്യാസവുമുള്ള സ്കോര്‍പീന്‍ 300 മീറ്റര്‍വരെ താഴ്ചയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ്.

അടിയന്തരഘട്ടത്തില്‍ 50 ദിവസംവരെ ഒറ്റയടിക്ക് വെള്ളത്തിനടിയില്‍ കഴിയാനും ഇവയ്ക്കാകും. 31 നാവികര്‍ ഉള്‍ക്കൊള്ളുന്ന സംഘമാണ് സ്കോര്‍പീന്‍ നിയന്ത്രിക്കുക. ആറ് മിസൈലുകളും ടോര്‍പ്പിഡോകളും ഇവയില്‍ ഘടിപ്പിക്കാനാകും. പ്രോജക്‌ട് 75 ന്റെ ഭാഗമായാണ് ഇന്ത്യന്‍ നാവികസേനയ്ക്കായി ആറു അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ഫ്രഞ്ച് കമ്ബനിയെ ഏല്‍പ്പിച്ചത്.

Share.

Leave A Reply

Powered by Lee Info Solutions