അന്ന് ഐ.എസിന്‍റെ ലൈംഗിക അടിമ; ഇന്ന് യു.എന്‍ ഗുഡ് വില്‍ അംബാസിഡര്‍ പദവിയിൽ

0

ന്യൂയോര്‍ക്ക്: ഐ.എസ് ഭീകരതയില്‍ നിന്ന് രക്ഷപ്പെട്ട യുവതിയെ ഐക്യരാഷ്ട്ര സഭയുടെ ഗുഡ് വിൽ അംബാസഡറായി തെരഞ്ഞെടുത്തു. ഇറാഖി വനിതയായ നാദിയാ മുറാദായിരിക്കും മനുഷ്യക്കടത്തിനെതിരെയുള്ള 2016ലെ ഗുഡ് വില്‍ യു.എന്നിന്‍റെ അംബാസഡര്‍. മനുഷ്യക്കടത്തിന് ഇരയായ അനേകം പേരെക്കുറിച്ച്‌ അവബോധമുണ്ടാക്കാനായി നാദിയ പ്രവര്‍ത്തിക്കുമെന്ന് യു.എന്‍. ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

2014ലാണ് നാദിയയുടെ ഇറാഖിലെ ഗ്രാമം ഐ.എസ് അധീനത്തിലായത്. യസീദി വിഭാഗത്തില്‍പ്പെട്ട നദിയക്ക് പിന്നീട് പീഡനത്തിന്‍റെ നാളുകളായിരുന്നു. അച്ഛനും സഹോരനും നദിയയുടെ കണ്‍മുന്നില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് മൂന്ന് മാസത്തോളം ഐ.എസ് ഭീകരരുടെ തടവില്‍ കഴിഞ്ഞ അവള്‍ നിരന്തര പീഡനങ്ങള്‍ക്കും നിരവധി തവണ ബലാല്‍സംഗത്തിനും ഇരയായി.

ഒരുതവണ അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അവളെ ആറ് പേര്‍ ചേര്‍ന്ന് ബോധം മറയുന്നത് വരെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി. ഐ.എസ് ഭീകരര്‍ ബലാല്‍സംഗം ചെയ്യുന്നതിന് മുന്‍പ് ലൈംഗിക അടിമകളോട് നിര്‍ബന്ധപൂര്‍വം പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. ലൈംഗിംക അടിമകളെ ഇവര്‍ സ്ഥിരമായ ഇവരെ ക്രൂരമായി മര്‍ദിക്കുമായിരുന്നു എന്നും നാദിയ പറഞ്ഞു.

ഐ.എസ് ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട നാദിയ ജര്‍മനിയിലാണ് അഭയം തേടിയത്. പിന്നീട് അമല്‍ ക്ളൂണി എന്ന അഭിഭാഷകയുടെ ശ്രമഫലമായാണ് നാദിയയുടെ കേസ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെത്തിയത്. ഐ.എസ് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട നിരവധി വനിതകളുടെ കേസ് ക്ളൂണി കൈകാര്യം ചെയ്തിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions