പാക് സൈന്യത്തിന്റെ വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

0

പാകിസ്താന്‍ അധികാര രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനമുള്ള സൈന്യത്തിന് നേരെ വിമര്‍ശനാത്മക നിലപാട് സ്വീകരിക്കുന്നതിന്റെ പേരില്‍ പ്രസിദ്ധനായ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ താഹ സിദ്ധിഖിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ബുധനാഴ്ച ഇസ്ലാമബാദ് വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പോകാനുള്ള യാത്രയ്ക്കിടയിലാണ് സിദ്ധിഖിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ചെറുക്കുന്നതിനിടെ അദ്ദേഹത്തിന് നിസാര പരിക്കുകള്‍ ഏറ്റു.

മാധ്യമ പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ഇന്ത്യ ആസ്ഥാനമായുള്ള വിയോണ്‍ ടിവിയുടെ പാകിസ്ഥാന്‍ ബ്യൂറോ ചീഫാണ് സിദ്ധിഖി. വിമാനത്താവളത്തിലേക്ക് ഉബര്‍ ടാക്‌സിയില്‍ പോകുന്നതിനിടെയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നത്. തോക്കുധാരികളായ നാലുപേര്‍ മറ്റൊരു കാറില്‍ എത്തി അദ്ദേഹം സഞ്ചരിച്ചിരുന്ന ടാക്‌സിയുടെ വാതില്‍ ബലം പ്രയോഗിച്ച് തുറക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത കാറാണ് അക്രമികള്‍ ഉപയോഗിച്ചത്. അക്രമികളില്‍ നിന്നും ഓടി രക്ഷപ്പെട്ട സിദ്ധിഖി തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി സമര്‍പ്പിക്കുകയായിരുന്നു.

‘നിര്‍ബന്ധിത അപ്രത്യക്ഷമാകല്‍ തടയുന്നതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്’ എന്ന് പിന്നീട് ഒരു സുഹൃത്തിന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെ നല്‍കിയ സന്ദേശത്തില്‍ സിദ്ധിഖി അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ റാവല്‍പിണ്ടി ഇസ്ലാമബാദ് മാധ്യമ പ്രവര്‍ത്തക യൂണിയന്‍ (ആര്‍ഐയുജെ) പ്രതിഷേധം രേഖപ്പെടുത്തി. എത്രയും പെട്ടെന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് സംഘടന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ ജീവനും പ്രവര്‍ത്തനങ്ങള്‍ ഭീഷണി വര്‍ദ്ധിച്ചുവരികയാണെന്ന് സംഘടനയുടെ പ്രസിഡന്റ് മുബാരക് സെന്‍ ഖാന്‍ ചൂണ്ടിക്കാണിച്ചു. ഇത്തരം ഭീഷണികളിലൂടെ പത്രസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈന്യത്തിനെതിരായി നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഹാജരാവാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) കഴിഞ്ഞ വര്‍ഷം സിദ്ധിഖിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നോട്ടീസിനെതിരെ ഇസ്ലാമബാദ് ഹൈക്കോടതിയെ സമീപിച്ച സിദ്ധിഖി, തന്നെ ഫോണിലൂടെ ഉദ്യോഗസ്ഥര്‍ അപമാനിച്ചിരുന്നതായി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് താഹ സിദ്ധിഖിയെ ഉപദ്രവിക്കുന്നത് നിര്‍ത്തണമെന്ന കോടതി ഉത്തരവ് സമ്പാദിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ബുധനാഴ്ച നടന്ന സംഭവത്തില്‍ സംശയത്തിന് മുന നീളുന്നത്. പല മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഇതിനകം തന്നെ തങ്ങളുടെ സംശയം പരസ്യമാക്കി കഴിഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇസ്ലാമബാദ് നാഷണല്‍ പ്രസ് ക്ലബിലും പ്രതിഷേധം സംഘടിപ്പിച്ചു.

azhimukham

Share.

Leave A Reply

Powered by Lee Info Solutions