കൊല്ലം-എറണാകുളം മെമു പാസഞ്ചര്‍ റദ്ദാക്കിയ നടപടിയില്‍ വലഞ്ഞ് യാത്രക്കാര്‍

0

കൊല്ലം: കൊല്ലത്തിനും എറണാകുളത്തിനുമിടയില്‍ എട്ട് മെമുപാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ഇതോടെ ദീര്‍ഘദൂര ട്രെയിനുകളില്‍ പതിവില്‍ കൂടൂതല്‍ തിരക്കാണ് അനുഭവപ്പെട്ടത്. ജീവനക്കാരുടെ കുറവുണ്ടെന്ന കാരണം പറഞ്ഞാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

ഇനി കൊല്ലം-എറണാകുളം റൂട്ടില്‍ ട്രെയിന്‍ യാത്ര കൂടുതല്‍ ദുഷ്കരമാകും. രാവിലെയും വൈകിട്ടുമുള്ള എട്ട് പാസഞ്ചര്‍ മെമു ട്രെയിനുകള്‍ കഴിഞ്ഞ ദിവസം സര്‍വ്വീസ് നടത്തിയില്ല. ദീര്‍ഘദൂര ട്രെയിനുകളില്‍ പോലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ജനറല്‍ കംപാര്‍ട്ട്മെന്റില്‍ കയറാന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. സ്ഥിരം യാത്രക്കാരെയും സീസണ്‍ ടിക്കറ്റുകാരെയുമാണ് ട്രെയിന്‍ റദ്ദാക്കിയത് കൂടൂതല്‍ ദുരിതത്തിലാക്കിയിരിക്കുന്നത്. നേരത്തെ തീരുമാനിച്ചതിന് വിരുദ്ധമായി പുനലൂര്‍ കന്യാകുമാരി പാസഞ്ചര്‍ അവസാന നിമിഷം റദ്ദാക്കിയത് യാത്രക്കാരെ ഏറെ വലച്ചു.

അവധി ദിനങ്ങള്‍ക്ക് ശേഷം ഓഫീസുകളും, സ്കൂളുകളും പ്രവര്‍ത്തിച്ച്‌ തുടങ്ങുന്നതോടെ റൂട്ടില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടും. ജീവനക്കാരുടെ കുറവുമൂലം രണ്ട് മാസത്തേക്കാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. രാവിലെ 7.45 നും, 11.10 നും ഉള്ള കൊല്ലം-എറണാകുളം മെമു ട്രെയിനുകളും, രാവിലെ 5.50 നും ഉച്ചയ്ക്ക് 2.40 നും ഉള്ള എറണാകുളം-കൊല്ലം മെമു ട്രെയിനുകളാണ് റദ്ദാക്കിയത്.

കൂടാതെ 12ന് പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍ തിരികെ 5.50 ന് പുറപ്പെടുന്ന കായംകുളം-എറണാകുളം പാസഞ്ചര്‍, രാവിലെ 10.05 നുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ ഉച്ചയ്ക്ക് 1.30 നുള്ള കായംകുളം-എറണാകുളം എന്നീ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി.

Share.

Leave A Reply

Powered by Lee Info Solutions