ട്രംപിന്റെ ബന്ധുനിയമനവും വിവാദത്തില്‍; മരുമകനെ ഉപദേഷ്ടാവാക്കിയത് നിയമലംഘനമെന്ന് ആരോപണം

0

വാഷിംഗ്ടണ്‍ : അമേരിക്കയിലെ ബന്ധുനിയമനവും വിവാദത്തിലേയ്ക്ക്. മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവ് ജാരെഡ് കുഷ്‌നറെ വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവായി നിയമിച്ച നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി 1967 ലെ ബന്ധുനിയമന വിരുദ്ധ നിയമത്തിന് എതിരാണെന്ന് ഹൗസ് ഓഫ് റെപ്രസേന്റേറ്റീവ്‌സിലെ ജുഡീഷ്യറി കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. കൂടാതെ നിരവധി ബിസിനസ് സ്ഥാപനങ്ങളില്‍ പങ്കാളിത്തമുള്ള കുഷ്‌നറുടെ നിയമനം ഭിന്ന താല്‍പ്പര്യങ്ങളുടെ സംഘട്ടനത്തിന് ഇടയാക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

മുതിര്‍ന്ന ഉപദേഷ്ടാവ് എന്ന നിലയില്‍ ആഭ്യന്തര,വിദേശ നയരൂപീകരണത്തിലും വാണിജ്യ ഇടപാടുകളിലും കുഷ്‌നര്‍ക്ക് നേരിട്ട് ഇടപെടാനാകും. റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്‍പ്പെടെ നിരവധി ബിസിനസ് ബന്ധങ്ങളുള്ള കുഷ്‌നര്‍ സ്വന്തം താത്പര്യങ്ങള്‍ക്കായി പദവി ദുരുപയോഗം ചെയ്യുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.

അതേസമയം കുഷ്‌നറെ ഉപദേഷ്ടാവായി നിയമിച്ചത് അമേരിക്കയിലെ സ്വജനപക്ഷപാത വിരുദ്ധ ഫെഡറല്‍ നിയമങ്ങളുടെ ലംഘനമല്ലെന്ന് വിശദീകരിച്ച് ട്രംപ് ക്യാമ്പ് രംഗത്തെത്തി. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് നിയമനം മറ്റു ക്യാബിനറ്റ് പദവി പോലെയല്ല. പ്രസിഡന്റിന്റെ ഓഫീസ് ബന്ധുനിയമന വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. വൈറ്റ് ഹൗസിലെ നിയമനങ്ങള്‍ക്ക് അതിനാല്‍ത്തന്നെ സെനറ്റിന്റെ അംഗീകാരം ആവശ്യമില്ലെന്നും ട്രംപ് ക്യാമ്പിലെ നേതാക്കള്‍ വ്യക്തമാക്കി.

Share.

Leave A Reply

Powered by Lee Info Solutions