മദ്യംവാങ്ങാന്‍ ഇനി ക്യൂ ഇല്ല: എല്ലാ ഔട്ട്ലറ്റുകളും സെല്‍ഫ് സര്‍വീസ് ആകുന്നു

0

കൊച്ചി : ദേശീയ, സംസ്ഥാന പാതയോരത്തുനിന്നു മാറ്റുന്ന കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളെല്ലാം സെല്‍ഫ് സര്‍വീസ് പ്രീമിയം ഔട്ട്ലറ്റുകളായി മാറുന്നു. സുപ്രീംകോടതി ഉത്തരവു പ്രകാരം 39 ഔട്ട്ലറ്റുകളില്‍ 27 എണ്ണമാണു കണ്‍സ്യൂമര്‍ഫെഡിനു മാറ്റി സ്ഥാപിക്കേണ്ടിവരിക. ഇവയെല്ലാം സെല്‍ഫ് സര്‍വീസ് ഔട്ട്ലറ്റുകളാക്കി മാറ്റാന്‍ ഭരണസമിതി തീരുമാനിച്ചു. വരി നില്‍ക്കല്‍ പൂര്‍ണമായി ഇല്ലാതാക്കുകയാണു ലക്ഷ്യം.
ഗാന്ധിനഗര്‍, വൈറ്റില, തൃശൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളിലായി നിലവില്‍ നാല് സെല്‍ഫ് സര്‍വീസ് പ്രീമിയം ഔട്ട്ലറ്റുകളാണു കണ്‍സ്യൂമര്‍ഫെഡിനുള്ളത്. ഇതില്‍ വൈറ്റിലയും കൊയിലാണ്ടിയും കോടതിവിധിപ്രകാരം മാറ്റി സ്ഥാപിക്കേണ്ടിവരും.

ഇതിനൊപ്പം മാറ്റുന്ന മറ്റ് ഔട്ട്ലറ്റുകളും സെല്‍ഫ് സര്‍വീസ് കൗണ്ടറുകളായി മാറും. വില കുറഞ്ഞ മദ്യം വില്‍ക്കുന്ന ഒരു കൗണ്ടര്‍ കൂടി ഇതിനൊപ്പം ആരംഭിക്കും. തിരക്കു മൂലം വരി നില്‍ക്കേണ്ടിവരുന്നവര്‍ക്ക് ഇരിക്കാനായി ഇരിപ്പിടങ്ങളും സജ്ജീകരിക്കും. മദ്യവില്‍പനശാലകളില്‍ ഇരിപ്പിടങ്ങള്‍ അനുവദിക്കണമെന്നു മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. ഔട്ട്ലറ്റിനു മുന്‍വശത്തു പാര്‍ക്കിങ് ഏരിയയും ക്രമീകരിക്കും.
സ്ഥലസൗകര്യം കൂടുതല്‍ വേണമെന്നതിനാല്‍, 3500 ചതുരശ്രയടിക്കു മുകളില്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്താല്‍ മതിയെന്നു തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മിക്കയിടത്തും കെട്ടിടങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ മാറ്റി സ്ഥാപിക്കുന്ന നാല് ഔട്ട്ലറ്റുകള്‍ക്കും പകരം സ്ഥലം കണ്ടെത്തി. കൊയിലാണ്ടി, തൊടുപുഴ, പത്തനംതിട്ട തുടങ്ങിയ ഔട്ട്ലറ്റുകള്‍ക്കായും സ്ഥലം ലഭിച്ചു.അതേസമയം, പുതുവല്‍സരത്തലേന്ന് റെക്കോര്‍ഡ് വില്‍പന (1.02 കോടി) നടന്ന വൈറ്റിലയിലെ പ്രീമിയം ഔട്ട്ലറ്റ് മാറ്റി സ്ഥാപിക്കാന്‍ ഇതുവരെ സ്ഥലം ലഭിച്ചിട്ടില്ല.

Share.

Leave A Reply

Powered by Lee Info Solutions