ലോഹിതദാസിനേയും ബാലചന്ദ്ര മേനോനേയും വെട്ടി, പിന്നെയാ ദുല്‍ഖര്‍!!!

0

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് സോളോ. മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കിയ ചിത്രമാണ് സോളോ. ഏറെ പ്രതീക്ഷയോടെ ചിത്രം തിയറ്ററിലെത്തിയതെങ്കിലും ബഹുഭൂരിപക്ഷം വരുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് സാധിച്ചില്ല. പ്രേക്ഷകര്‍ സോളോയെ കൈയൊഴിഞ്ഞ് തുടങ്ങിയതോടെ ആസ്വാദനത്തില്‍ കല്ലുകടിയായി എന്ന് ആക്ഷേപമുയര്‍ന്ന ക്ലൈമാക്‌സ് ഭാഗം റി-എഡിറ്റ് ചെയ്ത് നിര്‍മാതാവ് പുറത്തിറക്കി. എന്നാല്‍ സംവിധായകന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഇത് സംഭവിച്ചതെന്ന് ആരോപിച്ച് ബിജോയ് നമ്പ്യാരും രംഗത്തെത്തി. ഇതോടെ സംഭവം വിവാദമായി.

ദുല്‍ഖര്‍ ചിത്രം സോളോയുടെ ക്ലൈമാക്‌സില്‍ സംവിധായകനറിയാതെ കത്തി വച്ചതിന് സമാനമായ സംഭവങ്ങള്‍ ഇതിന് മുമ്പും സംഭവിച്ചിട്ടുണ്ട് മലയാളത്തില്‍. അതില്‍ മമ്മൂട്ടി ചിത്രവും ഉള്‍പ്പെടുന്നു എന്നത് യാദൃശ്ചീകമാകാം. ഇരുത്തം വന്ന മുതര്‍ന്ന സംവിധായകരായ ലോഹിതദാസിന്റേയും ബാലചന്ദ്ര മേനോന്റേയും സിനിമകളുടെ ക്ലൈമാക്‌സും ഇത്തരത്തില്‍ വെട്ടി നിരത്തലിന് ഇടയായിട്ടുണ്ട്. പ്രേക്ഷകര്‍ സിനിമയെ തിയറ്ററില്‍ കൈവിടുമോ എന്നുള്ള നിര്‍മാതാവിന്റെ ഭയമാണ് ഇത്തരത്തിലുള്ള വെട്ടിനിരത്തലുകള്‍ക്ക് പ്രേരകമാകുന്നത്. ഇത് സംവിധായകന്റെ അറിവോ സമ്മതമോ ഇല്ലാതെയാകുമ്പോള്‍ അത് വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യും.

മമ്മൂട്ടിയെയും ശ്രീലക്ഷ്മിയേയും കേന്ദ്രകഥാപാത്രമാക്കി ലോഹിതദാസ് സംവിധാനം ചെയ്ത സിനിമയാണ് ഭൂതക്കണ്ണാടി. തിരക്കഥാകൃത്തായി ഖ്യാതി നേടിയ ലോഹിതദാസിന്റെ പ്രഥമ സംവിധാന സംരഭമായിരുന്നു ഭൂതക്കണ്ണാടി. ചിത്രത്തിന്റെ ക്ലൈമാക്‌സും സംവിധായകനും രചയിതാവുമായി ലോഹിതദാസിന്റെ അനുവാദമില്ലാതെ നിര്‍മാതാവ് റീ ഷൂട്ട് ചെയ്തു. വിദ്യാധരന്‍ എന്ന വാച്ച് റിപ്പയറുടേയും സരോജിനി എന്ന പുള്ളുവത്തിയുടേയും ആത്മബന്ധവും പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ആക്രമണവുമായിരുന്നു പ്രമേയം. മാനസീകനിലയില്‍ വ്യതിയാനം സംഭവിച്ച വിദ്യാധരന്‍ ആരേയും തിരിച്ചറിയാന്‍ സാധിക്കാത്ത മാനസീകാവസ്ഥയില്‍ എത്തുന്നതായിട്ടായിരുന്നു ലോഹിതദാസ് ആദ്യം ചിത്രീകരിച്ച ക്ലൈമാക്‌സ്.

ഇത്തരത്തിലുള്ള ക്ലൈമാക്‌സ് സിനിമയുടെ പ്രദര്‍ശന വിജയത്തെ ബാധിക്കും എന്ന തോന്നലില്‍ ലോഹിതദാസിന്റെ അറിവോ സമ്മതമോ ഇല്ലാതെ ക്ലൈമാക്‌സ് റീ ഷൂട്ട് ചെയ്യുകയായിരുന്നു. ലോഹിതദാസിനെ ഈ സംഭവം ഏറെ വേദനിപ്പിച്ചു. അക്കാലത്തെ പത്രങ്ങളില്‍ ഇത് വാര്‍ത്തയാകുകയും ചെയ്തിരുന്നു. മാനസീകനില തകര്‍ന്ന വിദ്യാധരനെ പ്രേക്ഷകര്‍ സ്വീകരിച്ചേക്കില്ല എന്ന തോന്നലില്‍ പുതിയ ക്ലൈമാക്‌സ് രൂപപ്പെടുത്തി. ജയില്‍ മോചിതനാകുന്ന വിദ്യാധരന്‍ സരോജിനിക്കൊപ്പം ട്രെയിനില്‍ ആഹ്ലാദത്തോടെ യാത്ര ചെയ്യുന്നതായി ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കുകയായിരുന്നു. അന്നുണ്ടായ സംഭവങ്ങള്‍ ലോഹിതദാസിനെ വല്ലാതെ വേദനിപ്പിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ ഭാര്യ സിന്ധു പറയുന്നു.

ജയസൂര്യയെ നായകനാക്കി ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് ദേ ഇങ്ങോട്ട് നോക്കിയേ. സിനിമയുടെ ദൈര്‍ഘ്യം കൂടിപ്പോയി എന്ന കാരണത്താല്‍ സിനിമയുടെ വിതരണക്കാരന്‍ ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ സംവിധായകന്റെ അറിവോ സമ്മതമോ ഇല്ലാതെ മുറിച്ച് നീക്കുകയായിരുന്നു.ഇതിനെതിരെ പരസ്യമായി ബാലചന്ദ്ര മേനോന്‍ രംഗത്തെത്തി. ജഗതി ശ്രീകുമാര്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രം അനാവശ്യമായ മുറിച്ച് മറ്റലുകള്‍ക്ക് ശേഷം ഇരട്ട കഥാപാത്രങ്ങളേക്കുറിച്ച് പ്രേക്ഷകര്‍ക്ക് വ്യക്തതയില്ലാതെയായി. ആ ഭാഗങ്ങള്‍ മുറിച്ച് നീക്കിയവയ്‌ക്കൊപ്പമായിരുന്നു.തന്റെ അനുവാദമില്ലാതെ സിനിമയില്‍ കൈവച്ചതിനെ ബാലചന്ദ്ര മേനോന്‍ വലിയ വിവാദമാക്കി മാറ്റി. താന്‍ സംവിധാനം നിര്‍ത്തുകയാണെന്ന് വരെ അദ്ദേഹം പ്രഖ്യാപിച്ചു.

അറിയാതെ വെട്ടിയ സിനിമകള്‍ വിവാദമായി മാറിയെങ്കില്‍ പ്രേക്ഷകരുടെ പ്രതികരണം മോശമാകുമെന്ന് പേടിച്ച് സംവിധായകന്‍ തന്നെ ക്ലൈമാക്‌സ് തിരുത്തിയ സിനിമകളുമുണ്ട്. ലോഹിതദാസിന്റെ ചക്കര മുത്ത്, ഫാസിലിന്റെ ഹരികൃഷ്ണന്‍സ് എന്നിവ അവയില്‍ ചിലത് മാത്രം.

Share.

Leave A Reply

Powered by Lee Info Solutions