മലപ്പുറത്ത് പ്രകൃതിചികിത്സയ്ക്ക് വിധേയയായ യുവതി പ്രസവത്തിനിടെ മരിച്ചു

0

പ്രകൃതിചികിത്സയ്ക്ക് വിധേയയായ യുവതി പ്രസവത്തിനിടെ മരിച്ചു. വളന്നൂര്‍ സ്വദേശിയായ 23 കാരിയാണ് മരിച്ചത്. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് സംഭവം.

ഞായറാഴ്ചയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവത്തിനിടെ രക്തസ്രാവം ഉണ്ടാവുകയും ബി.പി നിലയ്ക്കുകയുമായിരുന്നു. ഇതോടെ ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. കുഞ്ഞിന് കുഴപ്പമില്ല. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെക്കാലമായി പ്രകൃതി ചികിത്സയ്ക്ക് സൗകര്യം നല്‍കുന്നുണ്ട്.

ചൊവ്വാഴ്ച ജില്ല മെഡിക്കല്‍ ഓഫീസില്‍ വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ബുധനാഴ്ച ജില്ല മെഡിക്കല്‍ ഓഫീസില്‍നിന്നുള്ള സംഘം ആശുപത്രിയില്‍ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇതിന്റെ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും.

2016 ഒക്ടോബറില്‍ കോട്ടക്കലിനടുത്ത് പ്രകൃതിചികിത്സാലയത്തില്‍ വാട്ടര്‍ബര്‍ത്തിനിടെ കുഞ്ഞ് മരിച്ചിരുന്നു. പ്രസവത്തിനിടെ അമിത രക്തസ്രാവമുണ്ടാവുകയും അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയില്‍ എത്തുകയുമായിരുന്നു.

തുടര്‍ന്ന് ചികിത്സകനെതിരെ കേസെടുക്കുകയും കേന്ദ്രം അടച്ചിടുകയും ചെയ്തിരുന്നു. ഇതേ വ്യക്തിയാണ് മഞ്ചേരിയിലും യുവതിയെ പ്രകൃതിചികിത്സയ്ക്ക് വിധേയമാക്കിയത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 4 ന് മതവിശ്വാസത്തിനെതിരാണെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മഞ്ചേരിയില്‍ പ്രസവാനന്തരമുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഗര്‍ഭിണി മരിച്ചിരുന്നു.

യുവതിയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. ഗര്‍ഭാവസ്ഥയില്‍ ചികിത്സ തേടാന്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫാമിലി ഹെല്‍ത്തിലെ വളണ്ടിയര്‍മാര്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതിയും ഭര്‍തൃ കുടുംബവും പ്രസവം വീട്ടില്‍വെച്ച് മതിയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

പ്രസവം കഴിഞ്ഞശേഷം മറുപിള്ള കൃത്യസമയത്ത് പുറത്തുവരാത്തതാണ് രക്തസ്രാവത്തിനും മരണത്തിനും ഇടയാക്കിയതെന്നാണ് ഫാമിലി ഹെല്‍ത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. മറുപിള്ള വരാതായതോടെ യുവതി നീലനിറത്തിലായെന്നും ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നുമാണ് പ്രസവമെടുത്ത മുതിര്‍ന്ന സ്ത്രീകള്‍ പറഞ്ഞതെന്നാണ് ഫാമിലി ഹെല്‍ത്തിലെ നഴ്സുമാര്‍ പറഞ്ഞത്.

ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ആശുപത്രി അധികൃതര്‍ ഒരുങ്ങിയെങ്കിലും ബന്ധുക്കള്‍ ഇതിനെതിരെ രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം യുവതിയുടെ വീട്ടുകാര്‍ക്ക് വിട്ടുനല്‍കിയെന്നും ഫാമിലി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ ഹെഡ് ആയ ഡോ. നൂറ ഡൂള്‍ന്യൂസിനോടു പറഞ്ഞിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions