വിജയുടെ മാസ് പടം മെര്‍സല്‍ മെഗാ ഹിറ്റിലേക്ക് ; സൂപ്പര്‍ റിവ്യു

0

ഇളയദളപതി, ഇനിമേല്‍ ദളപതിയായെന്ന് പ്രായപൂര്‍ത്തിയറിയിച്ച ചിത്രമാണ് മെര്‍സല്‍. രാജാ റാണി എന്ന കൊള്ളാവുന്ന എന്റര്‍ടെയിനര്‍
കന്നിച്ചിത്രമാക്കിയ ആറ്റ്‌ലി രണ്ടാം ചിത്രത്തില്‍ വിജയ്‌യെയാണ് നായകനാക്കിയത്. ഫലം തെരി എന്ന ആവറേജ് മസാലയായിരുന്നു. വിജയകാന്തില്‍ നിന്ന് വിജയ്‌യിലേക്ക് എത്തിയ ഉലകപ്പോലീസ് അപ്‌ഡേറ്റഡ് വേര്‍ഷനുമായിരുന്നു തെരി. ഇളയത് മാത്രമല്ല മൂത്ത ദളപതിയുടെയും താരപ്രതിച്ഛായ ആറ്റ്‌ലി എന്ന സംവിധായകന് താങ്ങാവുന്നതല്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് മെര്‍സല്‍. ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്ന് ചിന്തിച്ചാവും മൂന്ന് കഥാപാത്രങ്ങളിലായി ദളപതിയെ അവതരിപ്പിച്ചിരിക്കുന്നു. പക്ഷേ അതിനെ പയോജനപ്പെടുത്താനാകുന്ന കഥാപദ്ധതി രൂപപ്പെടുത്താനും നൂറാവര്‍ത്തിക്കഥകളില്‍ നിന്ന് വേറിട്ട ആഖ്യാനത്തിലേക്ക് കടക്കാനും ആറ്റ്‌ലിക്ക് കഴിഞ്ഞില്ല.

ഓരോ സിനിമ പിന്നിടുമ്പോഴും നായകന് സ്ഥലംമാറ്റത്തിനൊപ്പം ഉദ്യോഗക്കയറ്റവും നിര്‍ബന്ധമാക്കുന്നവരാണ് കോളിവുഡ് സൂപ്പര്‍താരങ്ങള്‍. അജിത് ചെന്നൈയിലെ സാദാ പോലീസില്‍ നിന്ന് ലോക നമ്പര്‍ വണ്‍ ചാരപ്പോലീസാകുമ്പോള്‍ വിജയ്ക്കും വിട്ടുകൊടുക്കാനാകില്ല. സിങ്കം മൂന്നിലെത്തിയപ്പോള്‍ സ്‌കോട്ട് ലന്‍ഡ് യാര്‍ഡിലെ ഒരു ബറ്റാലിയന്‍ മൊത്തം വന്ന് സല്യൂട്ടടിക്കുന്ന ഓഫീസറായി ഉയര്‍ന്നിരുന്നു സൂര്യ. മധുരൈ മാവട്ടം പയ്യനായ ഭൈരവാ ആണ് കഴിഞ്ഞ കഥാപാത്രമെങ്കില്‍ ഉലകം ചുറ്റിലുമെത്തി കുമ്പിടുന്ന ഡോക്ടറാണ് മെര്‍സലിലെ ഡോ. മാരന്‍.

ആളും വലുപ്പവും ഊരും മനസിലാക്കാതെ ഉലകത്തമിള്‍ നായകനെ ചോദ്യം ചെയ്യാനും, സുരക്ഷാ പരിശോധന നടത്താനും, ഭീകരനാണോ എന്ന് സംശയിക്കാനുമൊക്കെ ഒരുമ്പെടുന്ന വിദേശപ്പയലുകളെ ബൗദ്ധികമായും കായികമായും നിലംപരിശരാക്കുന്ന രംഗം മെര്‍സലിലുണ്ട്. സിങ്കം മൂന്നില്‍ ദൊരൈസിങ്കവും, അതിന് മുമ്പ് പല പടങ്ങളിലായി രജനീകാന്തും വിജയകാന്തുമൊക്കെ ആളറിയാതെ മുട്ടാന്‍ വന്നവരെ മുട്ടേല്‍ നിര്‍ത്തി മടക്കിയയക്കുന്നത് ഈ സെക്യൂരിറ്റി ആപ്പീസര്‍മാര്‍ കണ്ടില്ലെന്ന് തോന്നുന്നു. പുരാണത്തിലെ അവതാരകഥകളാകാം ഇതിന്റെയൊക്കെ റഫറന്‍സ്. മുണ്ടുടുത്ത് തനിമദ്രാസിയായി തമിഴും പേശി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മാരന്‍ സംശയമുനയില്‍ തന്നെ നിര്‍ത്തിയ ഉദ്യോഗസ്ഥരെയത്രയും തമിഴും പഠിപ്പിച്ച് സല്യൂട്ട് സ്വീകരിച്ചാണ് മടക്കിയത്.

പലയാവര്‍ത്തിക്കഥയുടെ തുടരന്‍ പതിപ്പാണെങ്കിലും മുറുക്കമുള്ള മാസ് സിനിമാ മൂഡിലേക്ക് തുടക്കഭാഗങ്ങളിലൊക്കെ മെര്‍സല്‍ പ്രവേശിക്കുന്നുണ്ട്. ദളപതിയായെങ്കിലും അണ്ണന്‍ ഇതുവരെ തുടര്‍ന്ന സിനിമകളുടെ ചേരുവയും തീരുവയും തീരെ കുറക്കേണ്ടെന്ന് നിലപാടില്‍ തെല്ലും മാറ്റമില്ല. തല വെട്ടിച്ച്, തോള്‍ പാതി ചെരിച്ച് നടപ്പും നടിപ്പും നടനവും ഒന്നാക്കി മാറ്റിയ നായകനാണ് വിജയ്. ആ സ്റ്റൈലിനൊപ്പമുള്ള ആളിരമ്പലിലാണ് സംവിധായകനും പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. പേരിനൊരു കഥ പറഞ്ഞുതീര്‍ത്തുവെന്ന് മാത്രം. വന്നുപതിക്കുന്നിടത്ത് പൊടിക്കാറ്റ് തീര്‍ത്ത് താളാത്മകമായി അവതരിക്കുന്ന കഥാപാത്രം. വിജയ് അടവ് മാറ്റിയതാണോ അതോ ചുവട് മാറിയതാണോ എന്ന സംശയം കത്തിയില്‍ ഉണ്ടായിരുന്നുവെങ്കിലും പുലിയിറങ്ങിയതോടെ അത് തീര്‍ന്നു. മധുരൈ മാവട്ടത്തില്‍ നിന്ന് മുംബൈയിലേക്കും ഇടക്കിടെ വിദേശത്തേക്കും വിമാനം കയറുമെങ്കിലും ഉലകത്തമിഴ് രക്ഷക പരിവേഷം ഊരിവയ്ക്കാന്‍ ദളപതി തല്‍ക്കാലം ചിന്തിച്ചിട്ടില്ലെന്ന് ചുരുക്കം.

മെഡിക്കല്‍ വിദ്യാഭ്യാസം കച്ചവടമാക്കിയ രാഷ്ട്രീയ-വ്യവസായ മാഫികളായിരുന്നു ഭൈരവായിലെ എതിരികള്‍. ഇവിടെ ആതുരസേവനം കച്ചവടമാക്കിയ ഡോക്ടര്‍-ആശുപത്രി മാഫിയയുടെ വേരറുക്കാനാണ് മെര്‍സലില്‍ ദളപതിയുടെ വരവ്. മാഫിയകളുടെ വേരറുത്ത് സമൂഹത്തെ രക്ഷിക്കുന്ന നായകസങ്കല്‍പ്പമൊക്കെ കൊഞ്ചം ഓവറാണെങ്കിലും സമീപകാല വിജയ് ചിത്രങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളെല്ലാം ഗൗരവമേറിയതായിരുന്നു. കത്തിയിലെ കര്‍ഷക പ്രശ്‌നവും ഭൈരവായിലെ മെഡിക്കല്‍ മാഫിയയും ഈ സിനിമയിലെ ആതുര സേവനത്തിന്റെ മറവിലുള്ള മനുഷ്യത്വ രഹിത ചെയ്തികളും. അതിശയോക്തി കലര്‍ത്തിയ വര്‍ണ്ണനയും മെലോ ഡ്രാമാ ഉപകഥകളുമാണ് അസഹ്യം.

വിജയ് സിനിമകളുടെ സൂത്രവാക്യങ്ങളൊന്നും തന്നെ വിട്ടുകളഞ്ഞിട്ടില്ല ആറ്റ്‌ലി. നായകന് മാസ് ഇന്‍ട്രൊ. തൊട്ടുപിന്നാലെ മാരനെ ഉലകനായകനാക്കിയുളള ഡോക്യുമെന്ററി, ശിങ്കിടികളുടെ പ്രകീര്‍ത്തനങ്ങള്‍. നായകനെ ലോകമൊന്നാകെ വാഴ്ത്തുമ്പോഴും ഇതൊന്നുമറിയാതെ അതുവഴി
വന്ന നായികയുടെ പരിഹാസം. വിശ്വരൂപ ദര്‍ശനത്തിന് അവസരം കിട്ടുന്നതോടെ നായികയ്ക്ക് കാമുകിയായി സ്ഥാനക്കയറ്റം. അവരൊന്നായി പാട്ടും ഡാന്‍സുമായി മുന്നേറുമ്പോള്‍ മുന്നിലോ പിന്നിലോ മറവിലോ വന്നെത്തുന്ന വില്ലന്‍. നാടൊന്നാകെ പ്രാര്‍ത്ഥിച്ചും വാഴ്ത്തിയും പ്രകീര്‍ത്തിച്ചും പരിപാലിക്കുന്ന നായകനാണ് കക്ഷിയെന്ന് ഇടയ്ക്കിടെ വൈഡ് ഷോട്ടുകളിലായി കാണാം. സിനിമ പരിഹാരം തേടുന്ന സാമൂഹ്യവിഷയത്തിന് മാത്രം പ്രസക്തി. കഥ പറച്ചിലും കഥാപാത്രങ്ങളും കഥാപദ്ധതിയുമെല്ലാം എംജിആര്‍ മുതല്‍ ശിവകാര്‍ത്തികേയന്‍ വരെ പലയാവര്‍ത്തി
നടിച്ചവയാണ്.

യുക്തിയോ വിശ്വസനീയതയോ ഒന്നും വിജയ് സിനിമകളില്‍ പരിഗണനയല്ല. അത് നോക്കുന്നുമില്ല. പക്ഷേ കഥാഗതിയില്‍ കാഴ്ചയെ ഉറപ്പിനിര്‍ത്താനും, ആസ്വാദ്യകരമാക്കാനുമുള്ള ചെറുശ്രമം പോലും ഇവിടില്ല. മാസ് മസാലാ സിനിമകളിലെ സൂപ്പര്‍ഹീറോയായി തന്നെ നായകനെ പിന്തുടരുമ്പോള്‍ നിരാശപ്പെടുത്തുന്നില്ല ആദ്യപകുതി. എന്നാല്‍ പിന്നീടങ്ങോട്ട് സംഗതി മാറും. അരദളപതിയില്‍ തീരുന്ന കാര്യത്തിന് ഇരട്ട ദളപതിയെ നിയോഗിച്ചതെന്തിനാണെന്ന് തോന്നും. കഥയെഴുതിയത് ബാഹുബലി രചിച്ച വിജയേന്ദ്രപ്രസാദ് ആണെന്ന കാര്യം ഒന്നോര്‍ത്താല്‍ ആ തോന്നലില്‍ പിന്നെ ഊന്നില്ല.

രജനി ചിത്രങ്ങളിലെന്ന പോലെ വിജയ് എന്ന താരത്തിന്റെയും വ്യക്തിയുടെയും രാഷ്ട്രീയ അഭ്യുദയകാക്ഷിയുടെയും നിലപാടുകളും പ്രസ്താവനകളുമെന്ന് തോന്നിപ്പിക്കാനുള്ള ചില പഞ്ച് വണ്‍ലൈനറുകള്‍ ഈ വരവിലുമുണ്ട്. അമ്പലമല്ല ആശുപത്രിയാണ് വേണ്ടതെന്ന വെട്രിമാര വചനം.
സര്‍ക്കാര്‍ ആതുരാലയങ്ങള്‍ കൊലക്കളങ്ങളാകുന്നതിനെ ഗോരഖ്പൂരുമായി ബന്ധിപ്പിച്ച് പറയുന്ന ക്ലൈമാക്‌സ പഞ്ച് ഡയലോഗ്. തമിഴിന്‍ പെരുമ വിവരിക്കുന്ന വിദേശത്തെ പഞ്ച് ഡയലോഗ്. അങ്ങനെയങ്ങനെ. നായകന് നിഴലാകാന്‍ നിയോഗിക്കപ്പെട്ടവരാണ് സമാന്തയുടെയും കാജലിന്റെയും കഥാപാത്രങ്ങളും. പാട്ടില്‍ ദളപതിക്കൊപ്പം ഡാന്‍സ് ചെയ്യാനും ഇവര്‍ക്ക് അവസരം കിട്ടിയതൊഴിച്ചാല്‍ ചേരുവ നിലനിര്‍ത്താനുള്ള രണ്ട് നായികമാര്‍. നിത്യാ മേനോന്‍ ഈ നിരയില്‍ അല്‍പ്പമെങ്കിലും നന്നായി. പഞ്ച് ഡയലോഗും കിട്ടിയിട്ടുണ്ട്. വിജയ് വെട്രിമാരനായി ബാലേ നടിച്ച് വെറുപ്പിച്ചെങ്കിലും ഒരേ നടപ്പും നടിപ്പും തുടര്‍ന്ന വെട്രി-മാരന്‍ ദ്വയങ്ങളായി പതിവ് പ്രസരിപ്പിലെത്തി. നടിപ്പില്‍ ചര്‍ച്ച വേണ്ടല്ലോ.വിജയ് സ്‌ക്രീനില്‍ വന്ന് കാട്ടുന്ന ചില മാജിക് നമ്പരുകള്‍ കൊള്ളാം. മെര്‍സലില്‍ അഭിനയം കൊണ്ട് രസം പിടിപ്പിച്ചത് എസ് ജെ സൂര്യയാണ്. ഡാനിയേല്‍ ആരോഗ്യരാജ് എന്ന കഥാപാത്രത്തിലൂടെ തമിഴിലും തെലുങ്കിലും വില്ലനാകാനുള്ള ദീര്‍ഘകാല കരാറിലേക്ക് സൂര്യ എത്തിപ്പെടുമെന്നുറപ്പായി. ഹരീഷ് പേരടിയും കൊള്ളാം. വടിവേലു നീണ്ട നാള്‍ ഇടവേള കഴിഞ്ഞ് പഴയ പടി നിലവിളി ശബ്ദവുമായി വന്നുപോകുന്നു.

നീ താനേ എന്ന പാട്ടൊഴിവാക്കിയാല്‍ ഏ ആര്‍ റഹ്മാന്‍ നിരാശപ്പെടുത്തി. നല്ലതെന്തെങ്കിലും പറയണമെന്നുണ്ടേല്‍ ഭൈരവായേക്കാള്‍ ഭേദപ്പെട്ട വിജയ് ചിത്രമാണ് മെര്‍സല്‍ എന്ന് പറയേണ്ടിവരും. 🤔

മനീഷ് നാരായണന്‍ ഫേസ്ബുക്കില്‍ എഴുതിയ റിവ്യു

Share.

Leave A Reply

Powered by Lee Info Solutions