ജെ.എന്‍.യു വില്‍ നിന്നും കാണാതായ വിദ്യാര്‍ഥി ഗംഗയില്‍ മുങ്ങാന്‍ പോയതെന്ന് പോലീസ്

0

ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്നും തിങ്കളാഴ്ച കാണാതായ ഗവേഷണ വിദ്യാര്‍ത്ഥി പാട്‌നയിലേക്കു പോയതാണെന്ന് പൊലീസ്. സ്‌കൂള്‍ ഓഫ് ലൈഫ് സയന്‍സിലെ മുകുള്‍ ജെയ്ന്‍ എന്ന ഗാസിയാബാദ് സ്വദേശിയെയായിരുന്നു കാണാതായത്.

മുകുളിനെ തട്ടിക്കൊണ്ടുപോയതല്ലെന്നും ‘ഗംഗയില്‍ മുങ്ങുന്നതിനായി’ മുകുള്‍ പാട്‌നയിലേക്കു പോയതാണെന്നുമാണ് പൊലീസ് പറയുന്നത്.

തിങ്കളാഴ്ച വീട്ടില്‍ തിരിച്ചെത്താതായതോടെ കുടുംബമാണ് കാണാതായ വിവരം അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച മുകുള്‍ തിരിച്ചെത്തിയതായി ജെ.എന്‍.യു.എസ്.യു പ്രസിഡന്റ് ഗീതാ കുമാരി അവരുടെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. അദ്ദേഹം വ്യക്തിപരമായ ആവശ്യത്തിനുവേണ്ടി പോയതാണെന്നാണ് ഗീതാകുമാരി ഫേസ്ബുക്കില്‍ കുറിച്ചത്.

‘ഗംഗയില്‍ മുങ്ങാനായി പാട്‌നയില്‍ പോയതാണെന്നാണ് ജെയ്ന്‍ പറഞ്ഞത്. ബുധനാഴ്ച വരെ അദ്ദേഹം അവിടെയായിരുന്നു.’ എന്നാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ മിലിന്ദ് മഹാഡിയോ ഡുംബ്ര പറയുന്നത്.

‘തിങ്കളാഴ്ച ജെ.എന്‍.യു ക്യാമ്പസ് വിട്ട ഉടന്‍ അദ്ദേഹം പാട്‌നയിലേക്ക് തിരിച്ചെത്താണ് അദ്ദേഹം പറഞ്ഞത്. ദല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കയറി പിറ്റേദിവസം അവിടെയെത്തി. പാട്‌നയില്‍ ഒരു ദിവസം ചിലവഴിച്ചശേഷം അവിടെ നിന്നും തിരിക്കുകയും വ്യാഴാഴ്ച രാവിലെ തിരിച്ചെത്തുകയും ചെയ്തു.’ പൊലീസ് പറയുന്നു.

എന്നാല്‍ ജെയ്ന്‍ എവിടെയായിരുന്നു എന്നതിനെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്നാണ് ജെ.എന്‍.യു വക്താവ് പറഞ്ഞത്.

2016 ഒക്ടോബറില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ മാവി-മണ്ഡ്വി ഹോസ്റ്റലില്‍ നിന്ന് കാണാതായിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഹോസ്റ്റലില്‍ നജീബിനെ മര്‍ദ്ദിച്ചതിന് പിന്നാലെയായിരുന്നു കാണാതായിരുന്നത്. നജീബിനെ കണ്ടെത്താന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു ക്യാമ്പസിലും ദല്‍ഹിയിലും പ്രതിഷേധം നടക്കുന്നതിനിടെയാണ് മറ്റൊരു വിദ്യാര്‍ത്ഥിയെ കൂടി കാണാതായത്.

Share.

Leave A Reply

Powered by Lee Info Solutions