ഏവരെയും വിസ്മയിപ്പിക്കും ലാലിന്‍റെ ഈ ‘വിസ്മയം’; റിവ്യൂ വായിക്കാം

0

image (3)

ഏറെ നാളുകൾക്ക് ശേഷം സൂപ്പർതാരം മോഹൻലാൽ നായകനാകുന്ന ഒരു ചിത്രം തീയറ്ററുകളിൽ ആരാധകരും സിനിമ പ്രേമികളും ചിലതൊക്കെ അറിയാതെ പ്രതീക്ഷിക്കും, മോഹൻലാലെന്ന സൂപ്പർതാരത്തെ കാണാൻ ആരും ഈ സിനിമയ്ക്ക് ടിക്കറ്റ് എടുക്കണമെന്നില്ല, എന്നാൽ താര പരിവേഷം അഴിച്ചു വച്ച മോഹൻലാൽ എന്ന നടനെ കാണാൻ ഈ വിസ്മയത്തിലൂടെ ഏവർക്കും സാധിക്കും. മനമന്ത എന്ന പേരിലാണ് ചിത്രം തെലുങ്കിൽ റിലീസ് ചെയ്തിരിക്കുന്നത്.

നാല് സാധാരണക്കാർ, അവരുടെ ജീവിതത്തിലെ ചില ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ, അതിനേൽക്കുന്ന തിരിച്ചടികൾ ഇവയുടെ ആകെ തുകയാണ് ചന്ദ്രശേഖർ യേലട്ടി സംവിധാനം ചെയ്ത് മൂന്ന് ഭാഷകളിൽ തിയറ്ററിലെത്തിയ ‘വിസ്മയം’.

മോഹൻലാലിനൊപ്പം തന്നെ മറ്റ് മൂന്നു പേരും ഈ ചിത്രത്തിന്‍റെ കഥയെ മുന്നോട്ട് നയിക്കുന്നു എന്നതാണ് വിസ്മയത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

മറ്റുള്ളവരെപ്പോലെ പണം ചിലവാക്കി ജീവിക്കാന്‍ ആഗ്രഹമുള്ള  ഒരു വീട്ടമ്മ, ജോലിയില്‍ ഉയര്‍ന്ന ശമ്പളവും പദവിയും ലക്ഷ്യമിടുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍, പ്രേമം തലക്കുപിടിച്ച് പഠിപ്പില്‍ ശ്രദ്ധ നഷ്ടപ്പെടുന്ന കോളേജ് വിദ്യര്‍ഥി. മറ്റുള്ളവരുടെ ദു:ഖം സ്വന്തം പ്രശ്‌നമായി കരുതുന്ന സ്‌കൂള്‍ കുട്ടി എന്നിവരിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.

image (4)

മോഹൻലാൽ ഒരു സൂപ്പർമാർക്കറ്റിലെ സൂപ്പർവൈസറായി ജോലി ചെയ്യുന്ന സായിറാം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കടബാധ്യതകളിൽ നിന്നും കരകയറാൻ സൂപ്പർമാർക്കറ്റിലെ മാനേജരാകുക എന്ന ലക്ഷ്യത്തോടെയാണ് ലാലിന്‍റെ കഥാപാത്രം മുന്നോട്ട് നീങ്ങുന്നത്. ഈ ആഗ്രഹങ്ങള്‍ക്ക് തടയിടാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരു എതിരാളിയുമുണ്ട്. അയാള്‍ നടത്തുന്ന നീക്കങ്ങള്‍ കഥയെ വേഗത്തിലാക്കുന്നുണ്ട്.

മറ്റൊരു കഥാപാത്രം ഗൗതമി അവതരിപ്പിക്കുന്ന ഗായത്രിയെന്ന സാധാരണ വീട്ടമ്മയുടേതാണ്. ഒരുപാട് സ്വപ്‌നങ്ങളുണ്ട് ഗായത്രിക്ക്. എന്നാല്‍ വീട്ടിലെ ഏക വരുമാനം ഭര്‍ത്താവിന്റെ ജോലിയാണ്. സാമ്പത്തിക പരാധീനതകള്‍ എല്ലാം സ്വപ്‌നങ്ങളായി തന്നെ അവളുടെ ജീവിതത്തില്‍ അവശേഷിക്കുകയാണ്.

മഹിത എന്ന സ്‌കൂള്‍ വിദ്യര്‍ഥിനിണ് മറ്റൊരു കഥാപാത്രം.  സിനിമയിലെ നന്‍മയുടെ പ്രതീകമാണ് ഈ സ്കൂൾ വിദ്യാർഥിനി. മറ്റേതു കഥാപാത്രത്തിനും മഹിതയോളം മഹിമ ഈ ചിത്രത്തില്‍ അവകാശപ്പെടാനില്ല.

അഭിറാം എന്ന കംപ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർഥിയും സിനിമയിൽ തന്‍റേതായ സ്ഥാനമുറപ്പിക്കുന്നുണ്ട്. അധ്യാപകരുടെയും കൂട്ടുകാരുടെയും കണ്ണിലുണ്ണിയായ അഭിറാമിന്‍റെ ജീവിതത്തിലേക്ക് മറ്റാെരു പെൺകുട്ടി കടന്നുവരുന്നതോടെ കഥയിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നു.

ആദ്യപകുതി വരെ പതുക്കെ പോകുന്ന ചിത്രം രണ്ടാം പകുതിയിലേക്ക് പ്രവേശിക്കുമ്പോള്‍ നാല് പേരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ മൂലം വിസ്മയം ഒരു സസ്പന്‍സ് ത്രില്ലറായി മാറുകയാണ്.

സിനിമയിലെ രംഗങ്ങള്‍ ചൂടുപിടിപ്പിക്കുന്നതില്‍ മഹേഷ് ശങ്കര്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും വിജയിച്ചിട്ടുണ്ട്. സായി റാം എന്ന സാധാരണക്കാരനായി ഉജ്വല പ്രകടനമാണ് ലാല്‍ കാഴ്ചവച്ചത്. സ്വപ്‌നങ്ങള്‍ പേറുന്ന വീട്ടമ്മയായി ഗൗതമിയും തിളങ്ങി. മഹിതയെ അവതിരിപ്പിച്ച റെയ്‌ന റാവോ എന്ന ബാലതാരത്തിന്റെ പ്രകടമാണ് ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയം.

ഒരിക്കലും സിനിമയിലെ നന്മയും സംഭവവികാസങ്ങളും മനസിൽ ഉൾക്കൊള്ളാതെ ഒരു പ്രേക്ഷകനും തീയറ്റർ വിടില്ലെന്ന് ഉറപ്പിക്കാം.

Share.

Leave A Reply

Powered by Lee Info Solutions