പൃഥിയുടെ “എസ്ര” ഒരു ഹൊറര്‍ ത്രില്ലര്‍ റിവ്യൂ

0

എസ്ര എന്റർടെയ്നറല്ല, ഒരു ത്രില്ലറാണ്. ത്രില്ലിനൊപ്പം മേമ്പോടിയായി ഹൊററും സസ്പെൻസും ട്വിസ്റ്റുമൊക്കെ ചേർത്തിരിക്കുന്നു. അതിഗംഭീരം എന്നൊന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും പ്രതീക്ഷയോടെയും അല്ലാതെയും കയറുന്ന പ്രേക്ഷകനെ ചിത്രം നിരാശപ്പെടുത്തില്ല.

ഹൊറർ ചിത്രമെന്ന ലേബലിലാണ് ഇറങ്ങിയതെങ്കിലും ശരിക്കും ഒരു ഹൊറർ സസ്പെൻസ് ത്രില്ലറാണ് എസ്ര. മലയാളത്തിന്റെ പരിമിതികൾ മറികടന്ന് ‌മികച്ച രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകരെ ആകർഷിക്കും.എബ്രഹാം എസ്ര എന്ന ആത്മാവിന്റെ കഥയാണ് എസ്ര. 1941–ൽ മരിച്ച എസ്രയുടെ ആത്മാവ് 21–ാം നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യരിൽ കുടിയേറുന്നു. അതും മനുഷ്യകുലത്തിന്റെ നാശം ലക്ഷ്യമാക്കി. ഹൊറർ സിനിമകൾ സാധാരണ അതിന്റെ മെയ്ക്കിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിൽ എസ്രയുടെ അടിസ്ഥാനം അതിന്റെ കഥയും തിരക്കഥയും തന്നെ.

ഹൊറർ മൂഡിലാണ് ചിത്രം ആരംഭിക്കുന്നത്. കൺജറിങ് പോലുള്ള വിദേശ സിനിമകൾ കണ്ട് പേടിച്ചു പരിചയിച്ച മലയാളി പ്രേക്ഷകരെ രണ്ടരമണിക്കൂർ ഇരുത്തി പേടിപ്പിക്കുന്നത് അത്ര എളുപ്പമാവില്ലെന്ന അണിയറക്കാരുടെ തിരിച്ചറിവ് ചിത്രത്തിലുടനീളം പ്രകടമാണ്. ഭയത്തെ ഭയം കൂടാതെ പ്രേക്ഷകൻ നേരിടാൻ തുടങ്ങുന്ന സമയത്ത് ചിത്രത്തിന്റെ ട്രാക്ക് പതിയെ മാറും.ഭയത്തിന്റെ ഉറവിടം തേടി പോകുന്നിടത്താണ് ആദ്യ പകുതി അവസാനിക്കുന്നത്. രണ്ടാം പകുതി കൂടുതൽ നിഗൂഢത കലർന്നതാണ്. പ്രേക്ഷകനെ സിനിമയോടു കൂടുതൽ അടുപ്പിക്കുന്നതും അവസാന പകുതി തന്നെ. ട്വിസ്റ്റുകൾ ഉണ്ടെങ്കിലും ക്ലൈമാക്സിനു വലിയ മേന്മകൾ അവകാശപ്പെടാനില്ല. ഫ്ലാഷ്ബാക്ക് രംഗങ്ങളുടെ മനോഹാരിത എടുത്തു പറയേണ്ടതാണ്

ഒരു പരസ്യ സംവിധായകനെന്ന മുൻപരിചയം എസ്ര ഒരുക്കിയ ജെയ് കെ. വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.ചിത്രത്തിന്റെ മെയ്ക്കിങിൽ അതു പ്രകടവുമാണ്. അധികമാരും ൈക വയ്ക്കാൻ ധൈര്യം കാണിക്കാത്ത പ്രമേയത്തെ കയ്യടക്കത്തോടെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. വെള്ള സാരിയിലും വെളുത്ത പുകയിലും ഒളിഞ്ഞു നിന്നിരുന്ന പ്രാചീന പ്രേതങ്ങൾക്കു മുഖം കൊടുത്ത് അവതരിപ്പിക്കാനുള്ള ധൈര്യം സംവിധായകൻ കാണിച്ചിരിക്കുന്നു. ഒരു ഹൊറർ സിനിമയാണെങ്കിലും എല്ലാ രംഗങ്ങളെയും ഒരേ കളർ ടോണോടെ അവതരിപ്പിച്ചതിലെ വിയോജിപ്പ് നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, ഛായാഗ്രാഹകൻ സുജിത് വാസുദേവ് ഒാരോ ഫ്രെയിമും മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. രഞ്ജനായി എത്തിയ പൃഥ്വിരാജ് മികച്ച പ്രകടനം കാഴ്ച വച്ചു. നായികയായ പ്രിയ ആനന്ദും തന്റെ വേഷം മികച്ചതാക്കി. സുജിത് ശങ്കർ, ടോവിനോ തോമസ്, വിജയരാഘവൻ തുടങ്ങിയ വലിയ താരനിര നിരാശപ്പെടുത്തിയില്ല.

 

Share.

Leave A Reply

Powered by Lee Info Solutions