ഇന്ത്യന്‍ വിപണിയിലേക്കുള്ള ഐഫോണ്‍ ഇനി ബംഗളുരുവില്‍നിന്ന്

0

ബംഗളുരു: ഇന്ത്യന്‍ വിപണിയിലേക്കുള്ള ഐഫോണ്‍ ഇനി ഇന്ത്യയില്‍തന്നെ നിര്‍മിക്കും. ബംഗളുരുവിലെ പീന്യയിലുള്ള ഫാക്ടറിയില്‍നിന്ന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കുള്ള ഐഫോണുകള്‍ ഏപ്രിലില്‍ പുറത്തിറങ്ങും. ഈ വര്‍ഷാവസാനത്തോടെ പൂര്‍ണ സജ്ജമായ നിര്‍മാണശാല ബംഗളുരുവില്‍ തയാറാക്കാനാണ് ആപ്പിളിന്‍റെ പദ്ധതി.ഇന്ത്യയില്‍തന്നെ കുറഞ്ഞ വിലയില്‍ ഫോണുകള്‍ വില്‍ക്കാന്‍ ഇന്ത്യയിലെ നിര്‍മാണം വ‍ഴിയൊരുക്കും. പുറത്തുനിന്നു കൊണ്ടുവരുന്ന ഫോണുകള്‍ക്ക് ഒടുക്കേണ്ട 12.5 ശതമാനം അധിക നികുതിയില്‍നിന്ന് ഒ‍ഴിവാകുന്നതോടെയാണ് വിപണിയില്‍ മത്സരം ശക്തമാക്കി ഐഫോണുകള്‍ക്കു വിലകുറയ്ക്കാനാവുക.നേരത്തേ, മഹാരാഷ്ട്രയില്‍ ഐഫോണുകള്‍ നിര്‍മിക്കാനായി തായ്വാന്‍ ഫോണ്‍ നിര്‍മാണക്കമ്പനി ഫോക്സ്കോണ്‍ ഫാക്ടറി തുറക്കുമെന്നു വിവരമുണ്ടായിരുന്നു.

എന്നാല്‍ ഇവിടെ ഷവോമിയുടെയും വണ്‍പ്ലസിന്‍റെയും ഫോണുകളായിരിക്കും തങ്ങള്‍ നിര്‍മിച്ചു നല്‍കുക എന്നു ഫോക്സ്കോണ്‍ വ്യക്തമാക്കി.ഇതേത്തുടര്‍ന്നാണ് പീന്യയിലെ ഫാക്ടറിയില്‍നിന്ന് ഐഫോണുകള്‍ പുറത്തിറക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്. ലോകത്തു വിവിധ കമ്പനികള്‍ക്കായി അവരുടെ ഡിസൈനില്‍ ഫോണുകള്‍ നിര്‍മിച്ചുകൊടുക്കുന്ന നിര്‍മാണക്കമ്പനിയാണ് ഫോക്സ്കോണ്‍. ലോകത്തു വിവിധഭാഗങ്ങളിലായി ഫോക്സ്കോണിലുള്ള ഫാക്ടറികളിലാണ് ആപ്പിളിന്‍റെയും ഷവോമിയുടെയും വണ്‍പ്ലസിന്‍റെയും ലെനോവയുടെയും ഫോണുകള്‍ നിര്‍മിക്കുന്നത്.

ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ സ്വീകാര്യത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് കൂടുതല്‍ നിക്ഷേപത്തിന് ടിം കുക്ക് തയാറാകുന്നത്. അതിന്‍റെ ഭാഗമായി അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച അദ്ദേഹം വിവിധ നഗരങ്ങളില്‍ വ്യവസായ വാണിജ്യ പ്രമുഖരുമായി കൂടിക്കാ‍ഴ്ച നടത്തുകയും ചെയ്തിരുന്നു. 2015 ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ ഇരുപത്തഞ്ചു ലക്ഷം ഐഫോണുകള്‍ ഇന്ത്യയില്‍ വിറ്റ‍ഴിച്ചെന്നാണ് ഹോങ്കോംഗ് ആസ്ഥാനമായുള്ള ടെക്നോളജി മാര്‍ക്കറ്റ് റിസേര്‍ച്ചിന്‍റെ പഠനത്തില്‍ വ്യക്തമാകുന്നത്. തൊട്ടു മുൻപത്തെ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച്‌ അമ്പതുശതമാനം അധികമാണ് ഇത്.

ബംഗളുരുവിലെ ഫാക്ടറിയിലേക്ക് ആപ്പിള്‍ ജോലിക്ക് ആളെയും ക്ഷമിച്ചിട്ടുണ്ട്. ഓപ്പറഷന്‍സ് പ്രോഗ്രാം മാനേജര്‍, പ്രൊഡക്‌ട് ക്വാളിറ്റി മാനേജര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Share.

Leave A Reply

Powered by Lee Info Solutions