മമ്മൂട്ടിയെ കുറിച്ചാർക്കും അറിയാത്ത കഥകൾ കേട്ടാൽ നിങ്ങൾ പറയും ആരാണ് യഥാർത്ഥ സ്റ്റാർ

0

തിരക്കഥ കൃത്തും നോവലി സ്റ്റും ആയ രഘുനാഥ് പാലേരിയാണ് ഈ കുറിപ്പ് ഫേസ്‌ബുക്കിൽ കുറിച്ചത് . മമ്മൂട്ടിയും ആയുള്ള ഗാഢ  ബന്ധം ഇതിലൂടെ വെളിവാകുന്നു 

ഇക്ക.
…………………………….
സാധാരണ അനിയന്മാരും അനിയത്തിമാരും ഇക്ക എന്നു വിളിക്കുന്നത് ജേഷ്ഠനെയാണ്. പച്ചമലയാളത്തിൽ ഏട്ടൻ എന്നർത്ഥം. എനിക്ക് മുൻപെ അഛനും അമ്മയും മക്കളായി വാരിയെടുത്തത് മൂന്നുപേരെയാണ്. പ്രഭാകരനും മുരളീധരനും അരവിന്ദാക്ഷനും. പിന്നീടാണ് അവർ കിടന്ന തൊട്ടിലിലേക്ക് എന്നെ കിടത്തിയത്. എനിക്ക് രഘുനാഥൻ എന്ന പേരാണ് കാതിൽ
കിട്ടിയത്. ഞാൻ തൊട്ടിലിൽ നിന്നും ഇറങ്ങിയപ്പോൾ തൊട്ടിലിന്ന് സങ്കടം വരാതിരിക്കാൻ വന്നവനാണ് അജിത്കുമാർ. അവനും തൊട്ടിലിൽ നിന്നിറങ്ങി മുറ്റത്തും പറമ്പിലും ഓടിച്ചാടി
നടന്നതോടെ തൊട്ടിലിന്നു കൂട്ടായി എല്ലാർക്കും കൂടി ഒരനുജത്തി വന്നു. അഛനും അമ്മയും അവളെ ജയശ്രീ എന്നു വിളിച്ചു. അതോടെ ഞാൻ രണ്ടുപേർക്ക് ഏട്ടനും മൂന്നുപേർക്ക് അനിയനും ആയി. എന്നാൽ പ്രഭാകരന് നാല് അനിയന്മാരും ഒരനുജത്തിയും ഉണ്ടെങ്കിലും എനിക്കുള്ളതുപോലെ ഏട്ടനായി ആരുമില്ല. ജയശ്രീക്ക് അഞ്ച് ഏട്ടന്മാരുണ്ടെങ്കിലും എനിക്കുള്ളതുപോലെ
അനിയനായോ അനുജത്തിയായോ ആരുമില്ല.

അതാണ് എന്റെ സങ്കടം. ഇനി പറഞ്ഞിട്ട് കാര്യമില്ല. അഛനും അമ്മയും അവരുടെ ഊഴം കഴിഞ്ഞ് തിരിച്ചു പോയി.

എന്നാൽ എനിക്ക് ഇക്കയായി ഒരാൾ എത്തുന്നത് വർഷങ്ങൾക്ക് ശേഷമാണ്. എങ്ങിനെ അദ്ദേഹം ഇക്കയായി മുന്നിൽ എത്തി എന്നറിയില്ല. അങ്ങിനങ്ങ് എത്തി. ഭാരത സിനിമയിലെ അസാധാരണ നടനാണ് ഇക്ക. അഭിനയിക്കണം എന്നത് ഒരു മോഹത്തിനും അപ്പുറം ശ്വസിക്കുമ്പോഴെല്ലാം കാണുന്നൊരു സ്വപ്നമായി മാറിയൊരു ഇക്ക. ആദ്യത്തെ അഭിനയ നേരം ചങ്കിടിച്ചൊരു ഇക്ക. ആദ്യമായ് പാട്ടുപാടി അഭിനയിക്കുന്നതിന്റെ തലേന്ന് അതോർത്ത് കരഞ്ഞുപോയൊരു ഇക്ക. അഭിനയ യാത്രയിൽ പറന്നു പറന്ന് ഒടുക്കം അബേദ്ക്കർ ആയി അഭിനയിക്കുന്ന ആദ്യ നിമിഷം ഇക്കയുടെ മനസ്സിലൂടെ കടന്നു പോയ വിസ്മയ വികാരശകലങ്ങൽ എന്തൊക്കെ ആയിരുന്നുവോ. അറിയാൻ ആഗ്രഹമുണ്ടെങ്കിലും അതിനു ശേഷം കണ്ടുമുട്ടിയപ്പോഴൊന്നും ചോദിക്കാൻ സാധിച്ചിരുന്നില്ല.

സുന്ദരനാണ് ഇക്ക. ഒത്ത ഉയരം. ഘനഗംഭീരമാർന്ന ശബ്ദം. തിളക്കമുള്ള കണ്ണിനു ചേർന്ന പുഞ്ചിരി. നടത്തത്തിലും ചലനങ്ങളിലും എല്ലാം ഒരു തലയെടുപ്പ്. ഉള്ളിൽ അമർത്തിയുള്ള ചിരിയാണ് ഇക്കയുടെ മനസ്സിന്റെ കാതലായി ഞാൻ കണ്ട ഒരു പ്രത്യേകത. ചിരി അകം നിറയെ ഉണ്ടാവും. പക്ഷെ മിക്കപ്പോഴും പുറത്തേക്ക് ഇത്തിരി വന്നാൽ വന്നു എന്നു മാത്രം. വളരെ തെളിച്ചത്തോടെ വരുന്ന ചിരിപോലും വിരിഞ്ഞു വന്ന് പൂർണ്ണമാവുന്നതിന്നു മുൻപെ പെട്ടെന്ന് ഗൗരവം പൂണ്ട് മുഖത്തിൽ തന്നെ അങ്ങ് മായുന്നതും കാണാം. അതെന്താണാവോ. ഒരു പക്ഷെ അങ്ങിനെയാവും ഇക്ക. അല്ലാതെന്താ പറയാ. ചിരിക്കും. തുടുക്കും. കോപം പുരട്ടിയ കല്ലാവും. അതാണ് ആ മുഖത്തിൽ ഞാൻ കണ്ടിട്ടുള്ള മിക്കവാറും സ്ഥായിയായ കാലാവസ്ഥ.

ഇക്കയെ ആദ്യം കാണുന്നത് വർഷങ്ങൾക്ക് മുൻപ് എറണാകുളത്ത് ശ്രീ ജോഷി സ്ഥിരം ആശുപത്രിയായി ചിത്രീകരണം നടത്തുന്നൊരു ഹോട്ടലിൽ വെച്ചാണ്. തിളങ്ങുന്ന വെളിച്ചത്തിൽ ആശുപത്രി ഇടനാഴിയായി മാറിയ ഹോട്ടൽ ഇടനാഴിയിലൂടെ എന്തോ കുടുംബ പ്രശ്‌നം കഴുത്തിൽ സ്റ്റെത്തായി മാറിയ സങ്കട ഭാരത്തോടെ ഡോക്ടർ കഥാപാത്രമായി ഒരു വൃദ്ധനൊപ്പം നടന്നു വന്ന് ഇക്ക ഏതാണ്ട് എനിക്കരികിൽ എത്തിയതും ജോഷി കട്ട് പറഞ്ഞു. ഞാനും അവിടെ കാത്ത് നിന്നത് ആ ഷോട്ട് തീരാനാണ്. തീർന്നിട്ടു വേണം. എനിക്കും ആ വരാന്തയിലൂടെ നടന്ന് എതിർ വശത്തുള്ള എന്റെ താമസ മുറിയിൽ കയറി നവോദയയുടെ ത്രീഡി സിനിമയായ മൈഡിയർ കുട്ടിച്ചാത്തന്റെ തിരക്കഥ എഴുതി തീർക്കാൻ.

ആ ചിത്രീകരണം അന്ന് ദിവസങ്ങളോളം അവിടെ ഉണ്ടായിരുന്നു. അനവധി തവണ ഡോക്ടർ വേഷത്തിൽ ഇക്ക ആ വരാന്തയിലൂടെ നടക്കുകയും വാതിൽ തുറന്നും അടച്ചും അകത്ത് കയറുകയും പുറത്തിറങ്ങുകയും ചെയ്തിരുന്നു. ആ ദിവസങ്ങളിലെ ഏതോ ഒരു ഡോക്ടർ വേഷത്തിൽ രാത്രിയിൽ ഉറക്കം തൂങ്ങി ഇരിക്കുന്ന നേരത്താണ് അരികിലൂടെ കടന്നു പോയ എന്നോട് സാമാന്യം നല്ലൊരു ചിരിയോടെ ഇക്ക, “കഴിച്ചോ..?” എന്നു ചോദിച്ചത്. “കഴിച്ചു ഇക്കാ..” എന്നാണ് ഞാൻ മറുപടി പറഞ്ഞത്. ആരിൽ നിന്നോ പറഞ്ഞു കേട്ടാവാം ഇക്ക എന്നോട് തുടർന്നു സംസാരിച്ചത് ഇക്കയുടെ പത്‌നി വായിക്കുന്ന കഥകളിൽ അവർക്ക് കിട്ടാതെ പോയ ഞാനെഴുതിയ ഒരു കഥയെക്കുറിച്ചായിരുന്നു.

അക്കാലത്ത് വീക്ഷണം വാരികയിൽ വന്ന കളിയാട്ടം എന്ന ചെറുനോവലറ്റ് ആയിരുന്നു അത്. ഇക്ക പറഞ്ഞു കേട്ടാവാം അടുത്ത ദിവസം ചിത്രീകരണത്തിന് ഇക്കയോടൊപ്പം വന്ന് അവർ ആ കഥ എന്നിൽ നിന്നും ആദരവോടെ വാങ്ങിക്കൊണ്ടു
പോയി. എനിക്ക് അതൊരു അഭൗമ ആഹ്ളാദം നൽകി. വായനക്കാരൻ കഥയെ തേടി വരുക എന്നതൊക്കെ ഒരു സങ്കൽപ്പമാണെങ്കിലും, കഥ വന്ന മനസ്സിന് അത്തരം സന്ദർശനങ്ങൾ, അനുഗ്രഹം തന്നെയാണ്. അവരെ ഞാൻ കാണുമ്പോഴൊക്കെ ഇത്താത്ത എന്നു വിളിച്ചിരുന്നു. അവർ പിന്നെയും കഥകൾ എന്നോട് ചോദിച്ചു വാങ്ങിയിരുന്നു.

ഇക്ക മിക്ക ദിവസങ്ങളിലും പല സിനിമകളുടെയും ചിത്രീകരണത്തിന് അതേ ഹോട്ടലിൽ വരും. അപൂർവ്വഘട്ടങ്ങളിൽ മുഖത്ത് കഥാപാത്രത്തിനായുള്ള ചായം പൂശുന്നത് എന്റെ
കുട്ടിച്ചാത്തൻ മുറിയിൽ ഇരുന്നാവും. ഉല്ലാസത്തോടെ പലതും സംസാരിക്കും. ഒരിക്കലും വിഷാദിച്ചോ ദേഷ്യം പിടിച്ചോ കണ്ടിട്ടില്ല. തനിച്ചുള്ള സംസാരത്തിൽ ചിലനേരം ചില സങ്കടങ്ങൾ കടന്നു വരും. പാതി മുറിയുന്ന വാക്കുകളിൽ നിന്നും ഇക്ക അറിയുന്നവരിൽ ചിലരുടെ ജീവിത വേദനകൾ ആ നേരം ഞാൻ തിരിച്ചറിയും.

നരഭോജിയായ ഒരു പുലിയെ പിടിക്കാനായി വരുന്ന പുലിയെക്കാളും നാട്ടുകാരെ ഭയപ്പെടുത്തുന്ന വാറുണ്ണി എന്ന കഥാപാത്രമായി ഇക്ക അഭിനയിച്ച ഒരു സിനിമ ഉണ്ടായിരുന്നു. മൃഗയാ എന്ന പേരുള്ള സിനിമ. അതിന്റെ ചിത്രീകരണ ത്തിനിടക്ക് കാണണമെന്ന് ആവശ്യപ്പെട്ട് ഇക്കയെ കാണാൻ ചെന്നിരുന്നു. ലോഹിയുടെ ആ കഥാപാത്രം ഇക്കക്ക് വല്ല്യ ഇഷ്ടമായിരുന്നു. ഒരു പകൽ മുഴുവൻ ഒരുമിച്ച് കിട്ടിയ അന്നത്തെ ഇക്കയുടെ വാക്കുകളിൽ എന്തുകൊണ്ടോ പുലിയും സിനിമയും പുസ്തകവും ഒന്നും അല്ല വന്നത്. പറഞ്ഞതെല്ലാം കുട്ടിക്കാലത്തെ കൗതുകങ്ങൾ. ഈശ്വരനായി കണ്ടിരുന്ന ബാപ്പയെക്കുറിച്ച്. കൂടപ്പിറപ്പുകളെക്കുറിച്ച്. പക്ഷെ മേക്കപ്പ് ഇട്ടു വന്ന ശേഷം പല്ല് ഇത്തിരി ഉന്തി നിൽക്കുന്ന വാറുണ്ണിയെന്ന കഥാപാത്രമായി മാറിയായി പിന്നീട് സംസാരം. വാറുണ്ണിയുടെ നടത്തവും സംസാര രീതിയും തുടർന്നുള്ള വർത്തമാനങ്ങളിൽ ഇക്കയിൽ മറ്റൊരു ഇക്കയെ നിറക്കുകയായിരുന്നു.

ഞാനതെല്ലാം ഇപ്പോഴും ഓർക്കുന്നു. എന്തിന് ഓർക്കുന്നുവെന്ന് ചോദിച്ചാൽ, ചില മുഖങ്ങൾ അറിയാതെ മനസ്സിൽ കടന്നു വരും. അപ്പോൾ അവരിൽ നിന്നും എന്നിലേക്ക് പകർന്ന് ഇന്നും ജീവവസന്തമായി നിൽക്കുന്ന ശ്വാസനിശ്വാസങ്ങളുടെ അപൂർവ്വ പരിവേഷങ്ങൾ ആ ദിവസം മുഴുവൻ എന്നെ പൊതിഞ്ഞു നിൽക്കും. അതിന്റെ ലഹരിയിൽ ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ പിന്നെ അടുത്ത ലഹരി വരുന്നതുവരെ മനസ്സ് ഞാൻ പറയുന്ന വഴിക്ക് സഞ്ചരിക്കുമല്ലൊ. അതിനാണ്. അതിനു വേണ്ടി മാത്രമാണ്.

എന്റെ ഒരു കഥാപാത്രത്തിന് മാത്രമേ ഇത്രയും കാലത്തിനിടക്ക് ഇക്കയിലേക്ക് കയറിക്കൂടി ജീവിക്കാൻ സാധിച്ചിട്ടുള്ളു. പ്രസിദ്ധ സംവിധായകൻ ശ്രീ കെപി കുമാരൻ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട എന്റെ “മൗനത്തിന്റെ ചിറകുകൾ” എന്ന കഥ, തിരക്കഥയായി ചോദിച്ചു വന്നപ്പോൾ, ആ കഥയിലെ ബ്രദർ ലോറൻസ് ആയി ഇക്ക വരും എന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. അതിൽ മറ്റു കഥാപാത്രങ്ങളായി മോഹൻലാലും, ഗോപിയും, നന്ദിതാബോസും, രമ്യാകൃഷ്ണനും, ജലജയും നഹാസും എല്ലാം വന്നു. കൊച്ചിയിലും കണ്ണൂരും ആയിരുന്നു ആ സിനിമയുടെ ചിത്രീകരണം. അതിൽ കൊച്ചിയിലെ ചിത്രീകരണത്തിനിടയിൽ എല്ലാ ദിവസവും ഇക്ക എന്നോടൊപ്പം ഉണ്ടായിരുന്നു.

സിനിമയുടെ മാലപ്പടക്കംപോൽ അനവധി സിനിമ വേഷങ്ങൾക്കിടയിൽ കയറി നിൽക്കുന്നതി നിടയിൽ ഇത്തിരി സമയം മാറ്റിവെച്ചായിരുന്നു ഇക്ക ബ്രദർലോറൻസായത്. എന്നു വെച്ചാൽ അന്ന് ജോഷിയുടെ ഒരു സിനിമയിൽ നിന്നും ഇടക്കിടെ ഇസ്‌ക്കുന്ന ഏതാനും മണിക്കൂർ ഓടിവന്ന് ബ്രദർ ലോറൻസ് ആയി വേഷമിടും. ജോഷിയുടെ സിനിമയിൽ നല്ലൊരു താടിയുള്ള വേഷമായിരുന്നു ഇക്കക്ക്. സ്വന്തം മുഖത്ത് യഥാവിധി മുളച്ച താടിയായിരുന്നു അത്. എന്റെ ബ്രദർ ലോറൻസിന് അതിലും നല്ലൊരു താടി ഉണ്ടായിരുന്നു. ജോഷിയുടെ സിനിമയുടെ താടി ഇക്കക്ക് കളയാനും പറ്റില്ല. അതുകൊണ്ട് ആ താടിക്കു മുകളിൽ മറ്റൊരു താടി വെച്ചാണ് ഇക്ക ബ്രദർലോറൻസായത്.

അതൊരു ശരിയായ രീതിയല്ല. പക്ഷെ അതല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല. ഇക്ക ഓരോ ഷോട്ടിൽ നിൽക്കുമ്പോഴും ഞാൻ കൗതുകത്തോടെ നോക്കുക ആ താടി ആയിരിക്കും. താടിക്ക് ഇത്തിരി കനം കൂടിയോ..? താഴേക്ക് വീണ് മറുതാടി പുറത്തു കാണുമോ..? ഒന്നും സംഭവിക്കില്ല. ചിത്രീകരണം കഴിഞ്ഞ് താടി മാറ്റി മറുതാടിയും മുഖത്ത് വെച്ച് ഇക്ക ജോഷി സിനിമയിലേക്ക് തിരിച്ചു പോകും.

ഇത്തരം നുറുങ്ങു സൗന്ദര്യങ്ങൾ ഓരോ സിനിമയിലും ഉണ്ടാവും. ജീവിതത്തിൽ നിറയെ ഉണ്ടാവും. അതെല്ലാം അർഹിക്കുന്ന ഭംഗിയോടെ സൂക്ഷിച്ചു വെക്കാനുള്ളതാണ്. ശേഷം കാലം മനോഹരമാക്കാനാണ്. ഇത് എന്റെ മാത്രം മനസ്സിന്റെ ഒരു പ്രാന്തല്ലെന്ന് ഉറപ്പ്. കഴിഞ്ഞൊരു ദിവസം നവോദയയിൽ പുതിയൊരു സിനിമയുടെ വേഷവുമായി വന്ന ഇക്കയെ പ്രതീക്ഷിക്കാതെ കണ്ടു. ഇത്തിരി നേരം ഒപ്പം തനിയെ ഇരുന്നു. ആ നേരം ഇക്ക എന്നോട് ബ്രദർലോറൻസിനെ കുറിച്ചു സംസാരിച്ചു. ലോറൻസിന്റെ താടിയെ കുറിച്ചും. ഇക്ക ഇന്നും ആ നുറുങ്ങുകൾ അതേ പൂർണ്ണതയോടെ ഓർക്കുന്നു എന്നത് എന്നെ ആശ്ചര്യപ്പെടുത്തിയില്ല. ഒരു നടന് ഓരോ ചുവടും അവന്റെ ഹൃദയമിടിപ്പാണ്.

എന്നാൽ ഫോർട്ട് കൊച്ചി ജെട്ടികളിലൊന്നിൽ വെച്ച് ബോട്ടിൽ ഒരു രംഗ ചിത്രികരണത്തിനിടെ ഇക്ക എനിക്കരികിലേക്ക് ഇറങ്ങി വന്നു. കഴിച്ച ചെമ്മീൻ കറിയുടെ പരാക്രമം വയറിൽ തുടങ്ങിയ നേരം. വയറിൽ കൈവെച്ച് എന്നോട്, “അയ്യോ എന്റെ വയറേ.”…ന്നു നിലവിളിച്ചുള്ള വയറിലെ വേദനയുടെ പ്രകടനം ഇക്കയുടെ ഒരു കഥാപാത്രത്തിലും ഇതുവരെ ഞാൻ കണ്ടിട്ടില്ല. അത്രക്കും മനോഹരമായിരുന്നു അത്.

ഷൂട്ടിങ്ങ് നേരം ഭക്ഷണ കാര്യത്തിൽ ഇക്ക ചില കടുംപിടുത്തം വെക്കുന്നെന്ന് കേട്ടിട്ടുണ്ട്. അതിൽ ഒരത്ഭുതവും ഇല്ല. വെച്ചു പോകും. വെക്കണം.

Share.

Leave A Reply

Powered by Lee Info Solutions