റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം: മുഖ്യ സൂത്രധാരന്‍ ജോണി രാജ്യം വിട്ടതായി സൂചന

0

ചാലക്കുടി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ മുഖ്യ സൂത്രധാരന്‍ ജോണി രാജ്യം വിട്ടെന്ന് സൂചന. ജോണിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. മൂന്ന് രാജ്യങ്ങളുടെ വിസ ഇയാള്‍ക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. യുഎഇ, ഓസ്‌ട്രേലിയ, തായ്‌ലാന്റ് എന്നിവിടങ്ങളിലെ  ഇയാള്‍ക്കുള്ളത്. യുഎഇ, ഓസ്‌ട്രേലിയ, തായ്‌ലാന്റ് എന്നിവിടങ്ങളിലെ വിസയാണ് ഇയാള്‍ക്കുള്ളത്. ചക്കര ജോണി എന്നറിയപ്പെടുന്ന ഇയാള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രതികളായ നാല് പേരെ പൊലീസ്‌ പിടിക്കൂടിയതില്‍ ജോണിയുടെ ഭാര്യാസഹോദരനുമുണ്ട്‌. മാനസികവൈകല്യമുള്ള ഇയാളെക്കൊണ്ടു രാജീവിനെ വകവരുത്തുമെന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച്‌ പൊലീസില്‍ പരാതിയുണ്ടായിരുന്നു. രാജീവിനെ കാണാനില്ലെന്നു കാട്ടി മകന്‍ നല്‍കിയ പരാതിയില്‍ അഭിഭാഷകനില്‍നിന്നും ജോണിയില്‍നിന്നും ഭീഷണിയുള്ളതായി പരാമര്‍ശമുണ്ട്‌. ഇതാണ് കേസില്‍ പൊലീസിനു തുമ്പായത്.

സംസ്‌ഥാനത്തെ പല പ്രമുഖ രാഷ്‌ട്രീയക്കാരുമായും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരുമായും ജോണിക്കു ബന്ധമുണ്ട്‌. അങ്ങേയറ്റം തന്ത്രപരമായാണു രാജീവിനെ വധിക്കാന്‍ പദ്ധതി തയാറാക്കിയത്‌. ഇതിനായി രാജീവ്‌ പാട്ടത്തിനെടുത്ത സ്‌ഥലത്തിനു സമീപം ഒരുമാസം മുമ്പു ജോണിയും സ്‌ഥലം പാട്ടത്തിനെടുത്തു. തുടര്‍ന്നു കൃത്യം നടപ്പാക്കുകയായിരുന്നു. ജോണിയുടെ വീട്ടിലും കയ്യാലപ്പടിയിലുള്ള സഹായിയുടെ വീട്ടിലും പൊലീസ്‌ എത്തിയിരുന്നു. ജോണി പ്രതിയാണെന്ന്‌ അറിഞ്ഞതോടെ അങ്കമാലിയിലെ പല ഉന്നതരും അങ്കലാപ്പിലാണ്‌. മുന്‍ മന്ത്രി ജോസ്‌ തെറ്റയില്‍ ഉള്‍പ്പെട്ട വിവാദ സിഡി പുറത്തുവന്നതിലും ജോണിക്കു പങ്കുള്ളതായി പറയപ്പെടുന്നു. നല്‍കാമെന്നേറ്റ തുക ജോണി നല്‍കാതിരുന്നതോടെയാണ്‌ യുവതി പ്രശ്‌നമുണ്ടാക്കിയത്‌.

പാലക്കാട്‌ ജില്ലയിലെയും നെടുമ്പാശേരിയിലെയും ഭൂമി വില്‍പനയുമായി ബന്ധപ്പെട്ടാണു രാജീവും സി.പി. ഉദയഭാനുവുമായി പ്രശ്‌നമുണ്ടായത്‌. കരാര്‍ എഴുതിയെങ്കിലും വില്‍പ്പന നടന്നിരുന്നില്ല. എന്തുകൊണ്ടാണു വസ്‌തു ഇടപാട്‌ നടക്കാതെ പോയതെന്നു വ്യക്‌തമല്ല. തന്റെ പ്രശ്‌നംകൊണ്ടല്ല, ഉദയഭാനുവിന്റെ ഭാഗത്തുനിന്നുള്ള വീഴ്‌ചയാണു കരാര്‍ നഷ്‌ടപ്പെടാന്‍ കാരണമെന്നു രാജീവ്‌ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്‌തമാക്കിയിരുന്നു.

ക്വട്ടേഷന്‍ സംഘത്തലവനായ ചക്കര ജോണിയും രാജീവും വസ്‌തുക്കച്ചവടത്തിലെ പങ്കാളികളായിരുന്നു. ഇവര്‍ തമ്മില്‍ പിന്നീടുണ്ടായ തര്‍ക്കത്തേത്തുടര്‍ന്നാണ്‌ അഡ്വ. ഉദയഭാനുവുമായി ബന്ധപ്പെടാനിടയായത്‌. അധികം വിദ്യാഭ്യാസമില്ലാത്ത രാജീവിനെതിരെ ജോണിയും ഉദയഭാനുവും കരുനീക്കുകയായിരുന്നെന്ന്‌ ആരോപണമുണ്ട്‌. പാലക്കാട്‌ ജില്ലയിലും നെടുമ്പാശേരിയിലുമായി അഞ്ചുകോടി രൂപയ്‌ക്ക് സ്‌ഥലം വാങ്ങാന്‍ ഉദയഭാനു രാജീവിനെ ഇടനിലക്കാരനാക്കിയിരുന്നു. കച്ചവടം നടക്കാതായപ്പോള്‍, മുന്‍കൂര്‍ നല്‍കിയ പണം തിരിച്ചുനല്‍കണമെന്നു രാജീവിനോട്‌ ആവശ്യപ്പെട്ടു. എന്നാല്‍, പണം ലഭിക്കാത്തതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ്‌ പറഞ്ഞു.

Share.

Leave A Reply

Powered by Lee Info Solutions