സോളാര്‍ കേസിന്റെ തുടര്‍ നടപടി ഉമ്മന്‍ ചാണ്ടിക്കും എ ഗ്രൂപ്പിനും കടുത്ത തിരിച്ചടി

0

തിരുവനന്തപുരം : കെ. കരുണാകരനെ പോലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഏറെക്കാലം അതികായനായി നില കൊണ്ടയാളെ വെട്ടിവീഴ്ത്തുകയും, എ.കെ ആന്റണിയെ കേരള രാഷ്ട്രീയത്തില്‍ നിന്ന് കെട്ടുകെട്ടിക്കുകയും ചെയ്ത, കേരള രാഷ്ട്രീയത്തിലെ കൗശലക്കാരനായ ഉമ്മന്‍ചാണ്ടി ഇനി കൈക്കൂലി വാങ്ങിയതില്‍ വിജിലന്‍സ് കേസും ബലാത്സംഗം നടത്തിയെന്ന പരാതിയില്‍ ക്രിമിനല്‍ കേസും നേരിടണം. കേസുകള്‍ കൊണ്ട് തളര്‍ത്താനാകില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഉയരുന്ന ആരോപണങ്ങളെ തടയിടാന്‍ കെല്‍പ്പുള്ളതല്ല. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് എവിടെയാണ് പിഴച്ചു പോയതെന്ന അന്വേഷണം ചെന്നെത്തുക അദ്ദേഹത്തിന്റെ വിശ്വസ്തരായ എ ഗ്രൂപ്പ് നേതാക്കളില്‍ തന്നെയാകും.

കെപിസിസി പുനഃസംഘടന അവസാനഘട്ടത്തിലെത്തി നില്‍ക്കേ വന്ന സോളാറിലെ തുട!ര്‍നടപടി ഉമ്മന്‍ചാണ്ടിയെ മാത്രമല്ല എ ഗ്രൂപ്പിനെയും വെട്ടിലാക്കി കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനമൊന്നും ഏറ്റെടുക്കാതെ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി പ്രസിഡണ്ട് ആകണമെന്നായിരുന്നു കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളുടെ ആവശ്യം. ഉമ്മന്‍ചാണ്ടിക്ക് പകരം ഗ്രൂപ്പ് മുന്നോട്ട് വെച്ച നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബെന്നി ബെഹനനും കൂടി സോളാറിലെ കേസില്‍ കുരുങ്ങിയതും എ ഗ്രൂപ്പിനെ തളര്‍ത്തിയിട്ടുണ്ട് .

പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിനും സോളാര്‍ വീണ്ടും ചൂട് പകരുമെന്നതില്‍ സംശയം ഒട്ടുമില്ല. വിഷയത്തില്‍ ഐ ഗ്രൂപ്പ് പാലിക്കുന്ന മൗനവും ഉമ്മന്‍ ചാണ്ടിക്ക് എതിരെയുള്ള കരുനീക്കങ്ങളുടെ ഭാഗമാണ്. പാര്‍ട്ടിയില്‍ കരുത്തനാകാനുള്ള ചെന്നിത്തലയുടെ നീക്കങ്ങള്‍ക്കും ഇത് ശക്തി പകരും. മുന്‍മുഖ്യമന്ത്രിക്കെതിരായ അഴിമതി ലൈംഗിക കേസുകള്‍ ദേശീയതലത്തിലും കോണ്‍ഗ്രസ്സിനെ ചെറുതല്ലാത്ത വിധം സമ്മര്‍ദ്ദത്തിലാക്കും. പ്രസിഡന്റാകാന്‍ താന്‍ ഇല്ലെന്ന് ഉമ്മന്‍ചാണ്ടി കട്ടായം പറഞ്ഞതിനു പിന്നില്‍ വരാനിരിക്കുന്ന അത്യാഹിതം അദ്ദേഹം മുന്‍കൂട്ടി കണ്ടു എന്ന് കരുതേണ്ടി വരും.

Share.

Leave A Reply

Powered by Lee Info Solutions