കൊടുങ്കാറ്റായി റബാഡയും ഫിലാൻഡറും ; ലങ്ക 110 ന് പുറത്ത്

0

കേപ്ടൗണ്‍: ശ്രീലങ്കക്കെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വ്യക്തമായ മേല്‍കൈ. 392 എന്ന ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി ശ്രീലങ്ക 110 റണ്‍സിന് പുറത്താകുകയായിരുന്നു. നാലു വിക്കറ്റ് വീതം വീഴ്ത്തിയ കാഗിസോ റബാഡയും വെര്‍നോണ്‍ ഫിലാന്‍ഡറുമാണു ലങ്കന്‍ ബാറ്റിങ്ങിനെ എറിഞ്ഞിട്ടത്.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 35 റണ്‍സെടുത്തിട്ടുണ്ട് ഇതോടെ ശ്രീലങ്കക്കെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 317 റണ്‍സിന് മുന്നിലെത്തി.

രണ്ടാം ദിവസം 296ന് ആറ് എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 95 റണ്‍സ് കൂടി മാത്രമേ ചേര്‍ക്കാനായുള്ളു. ആറ് റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടയില്‍ കൈല്‍ അബോട്ടിനെ നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വിന്റണ്‍ ഡിക്കോക്ക് സെഞ്ച്വറി (101) നേടിയപ്പോള്‍ കേശവ് മഹാരാജ്(32) വെറോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ ചേര്‍ന്ന് മികച്ച പിന്തുണ നല്‍കി. രണ്ടാം ദിവസം മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി ലഹിരു കുമരു വിക്കറ്റ് നേട്ടം ആറ് ആക്കിയപ്പോള്‍ സുരംഗ ലക്മല്‍, രംഗന ഹെരാത്ത് എന്നിവരായിരുന്നു മറ്റു വിക്കറ്റ് വേട്ടക്കാര്‍.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലങ്കയ്ക്ക് തരക്കേടില്ലാത്താ തുടക്കം ലഭിച്ചുവെങ്കിലും മുന്‍ നിര ബാറ്റ്‌സ്മാന്മാരെ പുറത്താക്കി റബാഡയും വാലറ്റത്തെ തുടച്ച് നീക്കി ഫിലാന്‍ഡറും കനത്ത തിരിച്ചിടി നല്‍കുകയായിരുന്നു. രണ്ടിന് 56 എന്ന നിലയിലാണ് അവര്‍ ചായയ്ക്കു പിരിഞ്ഞത്. എന്നാല്‍ 110 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ട് ആകുകയായിരുന്നു. ഓപ്പണര്‍ ദിമുത് കരുണാരത്‌നേ(24), ഉപുല്‍ തരംഗ(26*) എന്നിവര്‍ മാത്രമാണ് കൂട്ടത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ നേടാനായത്.

Share.

Leave A Reply

Powered by Lee Info Solutions