മലയാള സിനിമയിലെ അത്ഭുതമാകും ഈ ടേക്ക് ഓഫ്; റിവ്യൂ വായിക്കാം

0

മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ഒരു സിനിമയുണ്ടെങ്കിൽ അത് ടേക്ക് ഓഫ് എന്ന് നിസംശയം പറയാം. പ്രശസ്ത സിനിമ എഡിറ്റർ ആയ മഹേഷ് നാരായണൻ ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച ചിത്രം എന്നതിലുപരി ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ വളരെ പ്രാധാന്യമേറിയ ഒരു റിയൽ സംഭവത്തിന്റെ ദൃശ്യാവിഷ്ക്കാരം എന്ന നിലയിൽ കൂടി ഈ ചിത്രം വളരെ അധികം വാർത്ത പ്രാധാന്യം നേടിയിരുന്നു.

രാജേഷ് പിള്ളൈ ഫിലിമ്സിനു വേണ്ടി ആന്റോ ജോസഫ്, ഷെബിൻ ബക്കർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ , ആസിഫ് അലി, പാർവതി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു എന്നതും പ്രേക്ഷകരെ ആകർഷിച്ച ഘടകമാണ്.

2014 ഇറാഖ് യുദ്ധത്തിൽ ഐസിസ് തീവ്രവാദികളുടെ ഇടയിൽ തിക്രിത് എന്ന സ്ഥലത്തു അകപ്പെട്ടു പോയ ഇന്ത്യൻ നഴ്സുമാരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെയെത്തിച്ച സംഭവം നമുക്ക് അറിയാവുന്നതാണ്.

ആ റിയൽ ലൈഫ് സംഭവമാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. അവിടെ യഥാർത്ഥത്തിൽ എന്ത് സംഭവിച്ചു എന്നും എങ്ങനെയാണ് അവരെ രക്ഷപ്പെടുത്തിയത് എന്നുമാണ് ഈ ചിത്രം പറയുന്നത് .

പാർവതിയും കുഞ്ചാക്കോ ബോബനും സമീറ , ഷാഹിദ് എന്നീ നഴ്സുമാർ ആയി എത്തുമ്പോൾ , ഫഹദ് ഫാസിൽ മനോജ് എന്ന ഇന്ത്യൻ അംബാസിഡർ ആയി വേഷമിട്ടിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന മേക്കിങ് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി എന്ന് തന്നെ പറയാം. വലിയ മുതൽ മുടക്കിൽ എടുക്കുന്ന ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ടെക്നിക്കൽ പെർഫെക്ഷൻ ആണ് ടേക്ക് ഓഫ് കാഴ്ച വെക്കുന്നത്.

അതേസമയം, വെറും ടെക്നിക്കൽ പെർഫെക്ഷനിൽ മാത്രമൊതുങ്ങി പോവാതെ വളരെ സത്യസന്ധമായി സംഭവ കഥ പ്രേക്ഷകരിലേക്ക് എത്തിക്കാനും സംവിധായകന് കഴിഞ്ഞു. ഒരു കൂട്ടിച്ചേർക്കലുകളും ഇല്ലാതെ അവിടെ യഥാർത്ഥത്തിൽ നടന്നത് എന്താണ് എന്ന് വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കാൻ സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ മഹേഷ് നാരായണന്റെയും വിജയം. സംഭാഷണങ്ങൾ പോലും അത്ര മാത്രം ജീവനുള്ളതും ആത്മാവുള്ളതും ആയിരുന്നു.

ഗംഭീരമായ തിരക്കഥയും അതിലും മികച്ച ദൃശ്യ ഭാഷയും ചേർന്നപ്പോൾ ടേക്ക് ഓഫ് അക്ഷരാർഥത്തിൽ ഒരു വിസ്മയമായി മാറി. ഷാഹിദ് ആയി കുഞ്ചാക്കോ ബോബൻ മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ മനോജ് ആയി ഫഹദ് ഫാസിൽ നൽകിയത് വീണ്ടും ഒരു അവിസ്മരണീയ പ്രകടനം. പക്ഷെ ഞെട്ടിച്ചത് പാർവതിയാണ്..ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരുടെ പട്ടികയിലാണ് തന്റെ സ്ഥാനമെന്ന് അടിവരയിട്ടു ഉറപ്പിക്കുന്ന പ്രകടനമാണ് സമീരയായി പാർവതി നൽകിയത്.

ചിത്രത്തിന്റെ മൂഡ് മുഴുവൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സാനുവിന്റെ ദൃശ്യങ്ങളും അതോടൊപ്പം ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവും വളരെ അധികം സഹായിച്ചു എന്ന് പറയാം. ചിത്രത്തിന്‍റെ എഡിറ്റിംഗും ഉന്നത നിലവാരം പുലർത്തിയപ്പോൾ ടേക്ക് ഓഫ് മലയാള സിനിമയുടെ ഒരു നാഴികക്കല്ലായി മാറി.

ചുരുക്കിപ്പറഞ്ഞാൽ മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന ഒരു ടേക്ക് ഓഫാണിത്. ഓരോ മലയാളിയും തീയറ്ററുകളിൽ തന്നെ കണ്ടിരിക്കേണ്ട ചിത്രം…

Share.

Leave A Reply

Powered by Lee Info Solutions