പൊലീസ് സ്റ്റേഷനില്‍ വെടിയുതിര്‍ത്ത കേസില്‍ ‘തോക്ക് സ്വാമി’യെ വെറുതെ വിട്ടു

0

ആലുവ : സിഐ ഓഫിസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ‘തോക്ക് സ്വാമി’ എന്ന പേരില്‍ കുപ്രസിദ്ധി നേടിയ ഹിമവല്‍ ഭദ്രാനന്ദയെ കോടതി വെറുതെ വിട്ടു. പറവൂര്‍ ഡിസ്ട്രിക് അഡീഷനല്‍ സെഷന്‍സ് കോടതി ഒന്ന് ആണ് വിധി പ്രസ്താവിച്ചത്. അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്ന ഹിമവല്‍ഭദ്രാന്ദയുടെ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും ദുര്‍ബലമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ പൊലീസും മാധ്യമപ്രവര്‍ത്തകരും അടക്കം 33 സാക്ഷികളെ വിസ്തരിച്ചിരുന്നു.

2008 മേയ് 18ന് ആലുവ സിഐ ഓഫിസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവ ഡിവൈഎസ്പി കെ.ജി. ബാബുകുമാറാണ് കേസിലെ മുഖ്യസാക്ഷി.

അന്ന് ആലുവ സിഐ ആയിരുന്നു അദ്ദേഹം. അശോകപുരം മനയ്ക്കപ്പടിയിലെ വാടകവീട്ടില്‍ സ്വാമി തലയിലേക്കു തോക്കു ചൂണ്ടി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണു സംഭവങ്ങളുടെ തുടക്കം. സ്വാമിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നു പൊലീസ് തന്ത്രപൂര്‍വം ജീപ്പില്‍ കയറ്റി സിഐ ഓഫിസില്‍ എത്തിച്ചു. ഈ സമയത്തും സ്വാമിയുടെ കയ്യില്‍ നിറതോക്ക് ഉണ്ടായിരുന്നു.

സംഭവം അറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോടു സ്വാമി കയര്‍ക്കുന്നതിനിടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചു. പെട്ടെന്നു സിഐ ബാബുകുമാര്‍ സ്വാമിയുടെ കൈ ബലംപ്രയോഗിച്ചു തിരിച്ചതിനാല്‍ ബുള്ളറ്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ പതിച്ചു പൊട്ടി. ഇതിനിടെ സിഐയുടെ കൈമുറിഞ്ഞു. മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ കുഴഞ്ഞുവീണു.

സിഐ ഓഫിസില്‍ പ്രതി വെടിയുതിര്‍ത്ത സംഭവം വിവാദമായതോടെ ബാബുകുമാറും അന്നത്തെ എസ്‌ഐ എം.കെ. മുരളിയും സസ്പെന്‍ഷനിലായി. വടക്കേക്കര സിഐ ആണ് ഇപ്പോള്‍ മുരളി. ആത്മഹത്യാശ്രമം, വധശ്രമം, അനധികൃതമായി മാരകായുധം കൈവശംവയ്ക്കല്‍, ഉപയോഗിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഹിമവല്‍ ഭദ്രാനന്ദയ്ക്ക് എതിരെ ചുമത്തിയിരുന്നത്.

Share.

Leave A Reply

Powered by Lee Info Solutions