ടി.പി കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍; ഒറ്റുകൊടുത്തവര്‍ കാലത്തോട് കണക്ക് പറയേണ്ടിവരുമെന്ന് കെ.കെ രമ

0

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ താന്‍ ഇടപെട്ടിരുന്നില്ല. ടി.പി വധക്കേസിലെ ഗൂഢാലോചനക്കാരും പിടിയിലായിരുന്നു. അന്വേഷണം പൂര്‍ണ്ണമായില്ലെന്ന് പറയുന്നത് ശരിയല്ല. പ്രതികളെ കോടതി ശിക്ഷിച്ചതുമാണ്. ഒത്തുതീര്‍പ്പിനെ കുറിച്ച്‌ അറിവുള്ളവര്‍ പറയട്ടെയെന്നും വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് തിരുവഞ്ചൂര്‍ പ്രതികരിച്ചു.

അതേസമയം, വി.ടി ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ടി.പിയുടെ ഭാര്യ കെ.കെ രമ പ്രതികരിച്ചു ബല്‍റാം പറഞ്ഞതിനെ കുറിച്ച്‌ അന്വേഷണം നടത്തണം. ആര്‍ക്കുവേണ്ടിയാണ് ഒത്തുകളിച്ചതെന്ന് ബല്‍റാം വെളിപ്പെടുത്തണം. ഒറ്റുകൊടുത്തവര്‍ കാലത്തോട് കണക്ക് പറയേണ്ടിവരുമെന്നും രമ പ്രതികരിച്ചു.സോളാര്‍ കേസില്‍ തനിക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സര്‍ക്കാര്‍ നല്‍കേണ്ടതായിരുന്നു. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടും പകര്‍പ്പ് നല്‍കിയില്ല. കേസില്‍ സര്‍ക്കാരിന്റെത് ആസൂത്രിത നീക്കമാണ്. മുഖ്യമന്ത്രിയെ സഹായിച്ചുവെന്നതാണ് തനിക്കെതിരായ കേസ്. ആ ആരോപണത്തില്‍ കാര്യമില്ല. എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയോട് കൂറു കാണിക്കുമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര മന്ത്രിയായിരുന്നു തീരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ തനിക്കു കീഴിലെ പോലീസ് ഉദ്യോഗസ്ഥരെ കുറ്റകരമായി സ്വാധീനിച്ചുവെന്നാണ് സോളാര്‍ കമ്മീഷന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Share.

Leave A Reply

Powered by Lee Info Solutions