24; കഥയില്‍ ചോദ്യമില്ലാത്ത സയന്‍സ് ഫിക്ഷന്‍

0

moview review 1

സയന്‍സ് ഫിക്ഷന്‍ എന്ന ലേബലിലാണ് സൂര്യയുടെ 24 തിയറ്ററുകളിലെത്തിയത്. അതുകൊണ്ട് തന്നെ ആര്‍ക്കും സ്വപ്‌നം കാണുവാന്‍ സാധിക്കാത്ത സംഭവങ്ങള്‍ കുത്തിനിറച്ചാണ് 24 എന്ന സൂര്യ ചിത്രം ആസ്വാദകരിലേക്ക് എത്തുന്നത്. എങ്കിലും വിശ്വസിക്കാതെ തരമില്ല. കാരണം സയന്‍സ് ഫിക്ഷന് അങ്ങനെ കുഴപ്പമുണ്ട് ; എന്തും സംഭവിക്കാം.

ഒരു വാച്ചിനെ ചുറ്റിപ്പറ്റിയാണ് 24 നീങ്ങുന്നത്. വ്യത്യസ്തമായ ആഖ്യാനരീതികൊണ്ട് ഒരുപരിധിവരെ കഥ ആസ്വദിക്കുവാനുളള വക സംവിധായകന്‍ വിക്രം കുമാര്‍ നല്‍കുന്നുണ്ട്. 1990കളില്‍ നടക്കുന്ന സംഭവത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. സേതുരാമന്‍ എന്ന യുവശാസ്ത്രജ്ഞന്‍ ഒരു പ്രത്യേകവാച്ച് കണ്ടുപിടിക്കുന്നു. കഴിഞ്ഞ കാലത്തെ തിരിച്ച് പിടിക്കാന്‍ സാധിക്കുന്ന പ്രത്യേകവാച്ച് . ഒരാള്‍ അപകടത്തില്‍ മരിച്ചുവെന്നിരിക്കട്ടെ. ആ വാച്ച് ഉപയോഗിച്ച് പിറകിലേക്ക് സഞ്ചരിച്ചാല്‍ അപകടം നടക്കുവാനുളള സാധ്യത മുന്‍കുട്ടി തിരിച്ചറിഞ്ഞ് മരണം ഒഴിവാക്കുവാന്‍ സാധിക്കും. ഇത്തരത്തിലുളള നൂറ് കണക്കിന് സംഭവങ്ങളുടെ കൂടിച്ചേരലാണ് 24 ചലച്ചിത്രം പറയുന്നത്. ഹൃതിക് റോഷന്‍ നായകനായ കൃഷില്‍ ഇത്തരമൊരു കണ്ടുപിടുത്തത്തിന്റെ കഥയാണ് പറയുന്നത്

അവിശ്വാസസംഭവങ്ങളുടെ കൂടിച്ചേരലാണെങ്കിലും മികച്ചൊരു തിരക്കഥയുടെ പിന്‍ബലത്തില്‍ 24 ആസ്വദിക്കുവാനും സാധിക്കും. അതേരിയ എന്ന വില്ലന്‍ കഥാപാത്രമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. സൂര്യതന്നെയാണ് അതേരിയയെ അവതരിപ്പിച്ചിരിക്കുന്നത്. അതേരിയയുടെ രണ്ട് കാലഘട്ടങ്ങള്‍ മനോഹരമായി സൂര്യ അവതരിപ്പിക്കുന്നു. ഇതിന് പുറമേ നായകന്‍ മണികണ്ഠന്‍, ശാസ്ത്രജ്ഞന്‍ സേതുരാമന്‍ ഉള്‍പ്പെടെ മൂന്ന് കഥാപാത്രങ്ങളെയാണ് സൂര്യ അവതരിപ്പിക്കുന്നത്. നായിക സാമന്ത പതിവ്‌പോലെ കെട്ടുകാഴ്ച്ചയായി മാറുന്നുണ്ട്. പ്രത്യേകിച്ച് പ്രകടനത്തിനുളളവകയൊന്നും സാമന്തക്കില്ല. നിത്യാ മേനോന്‍ തന്റെ റോള്‍ ഭംഗിയാക്കിയപ്പോള്‍ കൂട്ടിനെത്തുന്ന നടി-നടന്മാരും മികച്ച പ്രകടനം ആവര്‍ത്തിക്കുന്നു. ഇത്തരമൊരു പരീക്ഷണ ചലച്ചിത്രം നിര്‍മ്മിക്കുവാന്‍ ധൈര്യം കാണിച്ച സൂര്യയെ അഭിനന്ദിക്കാതെ തരമില്ല.

എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ മികച്ച പാട്ടുകള്‍ ചിത്രത്തിന് മാറ്റ് കൂട്ടുന്നുണ്ട്.

അവസാനമായി; സയന്‍സ് ഫിക്ഷന്‍ ചിത്രമായതിനാല്‍ കാണുന്നതെന്തും വിശ്വസിക്കാന്‍ ആസ്വാദകര്‍ നിര്‍ബന്ധിതരാകും. കഥയില്‍ ചോദ്യമില്ലായെന്ന കാഴ്ച്ചപാടില്‍ മാത്രം തിയറ്ററിലേക്ക് പോവുക.

Share.

Leave A Reply

Powered by Lee Info Solutions