വേഗത്തിന്‍റെ രാജകുമാരന് റിലേയിൽ കാലിടറി

0

ലണ്ടൻ: ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ സ്വർണത്തിനായുള്ള അവസാന ഓട്ടത്തിൽ സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ടിന് കാലിടറി. വിടവാങ്ങൽ മത്സരത്തിലെ 4 100 മീറ്റർ റിലേയിൽ പേശിവലിവിനെ തുടർന്ന് ബോൾട്ടിന് മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല. 50 മീറ്റർ ശേഷിക്കെ ബോൾട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ മത്സരത്തോടെ ബോൾട്ട് ട്രാക്കിനോട് വിടപറഞ്ഞു.
അമേരിക്കയെ അട്ടിമറിച്ച് ആതിഥേയരായ ബ്രിട്ടനാണ് (37.47 സെക്കൻഡ്) ഈയിനത്തിൽ സ്വർണം നേടിയത്. അമേരിക്ക (37.52 സെക്കൻഡ്) വെള്ളി നേടി. 38.02 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ ജപ്പാൻ വെങ്കലവും നേടി. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ 12–ാം സ്വർണം ലക്ഷ്യമിട്ടാണ് ബോൾട്ട് ഫൈനലിലിറങ്ങിയത്. നേരത്തേ, 100 മീറ്ററിലെ അവസാന പോരാട്ടത്തിലും ഉസൈന്‍ ബോള്‍ട്ടിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

ലോകചാമ്പ്യന്‍ഷിപ്പില്‍ 11 സ്വര്‍ണം സ്വന്തമാക്കിയിട്ടുള്ള ബോള്‍ട്ടിന് ഒളിമ്പിക്‌സിലടക്കം 19 സ്വര്‍ണമാണ് ആകെയുള്ളത്. ഇതില്‍ 13 സ്വര്‍ണവും വ്യക്തിഗത ഇനങ്ങളായ 100 മീറ്ററിലും 200 മീറ്ററിലുമാണ്. ലോകം കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരനപ്പുറം ഏറ്റവും മികച്ച കായിക താരമായാണ് ബോള്‍ട്ട് വിലയിരുത്തപ്പെടുന്നത്.

Share.

Leave A Reply

Powered by Lee Info Solutions