വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ട; സമരം ചെയ്ത വിദ്യാര്‍ഥികളെ പുറത്താക്കാമെന്ന് ഹൈക്കോടതി

0

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥി സമരം പാടില്ലെന്ന് നിര്‍ണ്ണായ ഉത്തരവുമായി ഹൈക്കോടതി. സമരം ചെയ്യുന്നവരെ കോളജുകളില്‍ നിന്ന് പുറത്താക്കണമെന്നും സമരം ചെയ്യാനല്ല, പഠിക്കാനാണ് കോളജുകളിലേക്ക് വരുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.കോളജിനകത്തോ പുറത്തോ സമരപന്തലോ,പിക്കറ്റിങ് കേന്ദ്രങ്ങളോ കെട്ടാന്‍ പാടില്ല. കോളജ് പ്രിന്‍സിപ്പലോ അധികൃതരോ ആവശ്യപ്പെട്ടാല്‍ പൊലിസിന് ഇടപെടാം.

വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് സമരം ചെയ്തല്ല, നിയമപരമായ രീതിയിലൂടെയാണ്. ഇതിനായുള്ള സംവിധാനങ്ങള്‍ വഴിയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.പൊന്നാനി എം.ഇ.എസ് കോളജില്‍ എസ്.എഫ്.ഐയും കോളജ് മാനേജ്മെന്റും തമ്മില്‍ തുടരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി കോളജ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോളജിന്റെ ഹരജി പരിശോധിക്കവേയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളജിലുണ്ടായ അക്രമ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് കോളജില്‍ നിന്നും പുറത്താക്കിയ 11 എസ്.എഫ്.ഐ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പൊന്നാനി ഏരിയ കമ്മിറ്റി 52 ദിവസമായി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സമരം നിരാഹാരത്തിലേക്ക് മാറിയത്.

യൂനിവേഴ്സിറ്റിയും ആര്‍.ഡി.ഒയും പ്രശ്ന പരിഹാരത്തിന് ഇടപെട്ടിട്ടും എം.ഇ.എസ് അധികൃതര്‍ സ്വീകരിച്ചുവരുന്ന നിഷേധാത്മക നിലപാടിന്റെ അടിസ്ഥാനത്തിണ് അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് കടന്നത്. അതേസമയം തങ്ങളുടെ തീരുമാനത്തില്‍ നിന്ന് ഒരു നിലക്കും പിന്നോട്ടു പോകില്ലെന്നാണ് എം.ഇ.എസിന്റെ നിലപാട്. എസ്.എഫ്.ഐ ആക്രമണത്തില്‍ കോളജിന് ലക്ഷങ്ങളുടെ നഷ്ടം നേരിട്ടിരുന്നു.

Share.

Leave A Reply

Powered by Lee Info Solutions