വെറുതെ ഒരു സെന്‍ട്രല്‍ ജയില്‍!! ദിലീപ് നിരാശപ്പെടുത്തി

0

കൊച്ചി: ദിലീപിനെ നായകനാക്കി സുന്ദര്‍ദാസ് അണിയിച്ചൊരുക്കിയ ഓണചിത്രമാണ് വെല്‍കം ടു ദി സെന്‍ട്രല്‍ ജയില്‍. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് ഇറങ്ങിയ സെന്‍ട്രല്‍ ജയില്‍ പക്ഷെ നിലവാരത്തിലും താഴെയാണെന്ന് പറയേണ്ടി വരും. കണ്ട് മടുപിച്ച ചില ദിലീപ് ചിത്രങ്ങളുടെയും അതേ പാറ്റേണ്‍ ജയിലിലേക്ക് പറിച്ചുനട്ടുവെന്നത് ഒഴിച്ചാല്‍ മറ്റ് പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്ത ചിത്രമാണ് സെന്‍ട്രല്‍ ജയില്‍.

ഒരു കേസില്‍ അകപ്പെട്ട് ജയിലില്‍ എത്തുന്ന ദമ്പതികള്‍ക്ക് അവിടെ വച്ച് ജനിക്കുന്ന മകനാണ് ദിലീപ് അവതരിപ്പിക്കുന്ന ഉണ്ണിക്കുട്ടന്‍. അച്ചനായി സിദ്ദിഖും അമ്മയായി വിനയപ്രസാദും. പിന്നീട് ഇവര്‍ മരണമടയുന്നതോടെ ഏകനായി തീരുന്ന ഉണ്ണിക്കുട്ടന് ജയിലാണ് തറവാട്. പുറത്തിറങ്ങിയാലും ആരെങ്കിലും ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഏറ്റെടുത്ത് കക്ഷി നേരെ ജയിലിലേക്ക് വരും. ചുരുക്കി പറഞ്ഞാല്‍ ജയിലിനുളളിലെ സ്വാതന്ത്ര്യമാണ് ഉണ്ണിക്കുട്ടന് ഇഷ്ടം. ജയിലിനുളളിലെ കഥാപാത്രങ്ങള്‍ ഇപ്പോഴത്തെ കോമഡി താരങ്ങള്‍ . ഇവര്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങളാണ് ആദ്യപകുതി. ഇതിനിടയ്ക്ക് നായികയായി വേദികയും എത്തുന്നതോടെ പൂര്‍ത്തിയാകും.

കളളക്കേസില്‍ കുടുക്കി ജയിലിലെത്തിച്ച വേദിക ദിലീപുമായി അടുക്കുന്നു. നായികയ്ക്ക് വേണ്ടി ദിലീപ് പകരം വീട്ടുന്നു. ഇതാണ് ഇതിവൃത്തം. ഷാജോണ്‍, ഷറഫുദ്ദിന്‍, ധര്‍മജന്‍, കൈലാഷ് എന്നിവരാണ് ജയില്‍ കോമഡികളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നത്. (ചിരിക്കുന്നുണ്ടോയെന്നത് വേറെ കാര്യം). ഇതില്‍ ഷാജോണ്‍ പോലീസ് വേഷത്തിലും ബാക്കിയുളളവര്‍ പ്രതികളും. എന്തിനാണ് ഈ സിനിമയിലെന്നോ എന്താണ് വേഷമെന്നോ ചോദിച്ചേക്കരുത്. അത് അവര്‍ക്ക് പോലും പിടിയില്ല.

ഏറെ നാളുകള്‍ക്ക് ശേഷം സുന്ദര്‍ദാസ് സംവിധായകനായി ദിലീപ് ചിത്രം ഓണറിലീസായി എത്തുമ്പോള്‍ കാര്യമായ പ്രതീക്ഷകള്‍ വേണ്ടെന്ന് ഒറ്റവാക്കില്‍ പറയേണ്ടിവരും.

ബേണി ഇംഗ്‌നേഷ്യസ് സംഗീതം പകര്‍ന്ന ഗാനങ്ങള്‍ ചിത്രം പോലെതന്നെ കാര്യമായി ഏറ്റില്ല. നാദിര്‍ഷ ഈണമിട്ട് ചിത്രത്തിലെ ടൈറ്റില്‍ ഗാനം മാത്രമാണ് അല്‍പ്പമെങ്കിലും കൊളളാമെന്ന് തോന്നുന്നത്.

ക്യാമറ കൈകാര്യം ചെയ്ത അഴഗപ്പന് കാര്യമായ പണിയൊന്നുമില്ല. ജയിലിനുളളില്‍ പ്രകൃതി ദൃശ്യങ്ങളുണ്ടെങ്കില്‍ പുളളി കലക്കിയേനെ. ബിജിപാല്‍ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും ഒന്നും ചെയ്യാനില്ല.

വാല്‍ക്കഷ്ണം:

മികച്ച കഥയും അമിത പ്രതീക്ഷകളുമായി തിയറ്റിലേക്ക് പോകരുത്. പക്കാ ദിലീപ് ചിത്രം മാത്രമാണ് സെന്‍ട്രല്‍ ജയില്‍.

തയ്യറാക്കിയത് ഷെഫിന്‍ ജലാല്‍ മുട്ടം

Share.

Leave A Reply

Powered by Lee Info Solutions