ആരായിരുന്നു ഇന്ത്യൻ പാർലിമെന്റിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?

0

പലരും, പ്രത്യേകിച്ചും മലയാളികൾ കരുതുന്നത് ശ്രീ എ കെ ഗോപാലൻ ആയിരുന്നു ഇന്ത്യൻ പാർലിമെന്റിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് എന്നാണ്. പക്ഷെ ചരിത്ര പുസ്തകങ്ങളിൽ അത്തരം ഒരു സ്ഥാനം അദ്ദേഹത്തിന് ലഭിച്ചതായിട്ട് കാണുന്നില്ല.

1945ലെ ക്യാബിനറ്റ് മിഷൻ പ്രകാരം 1946ലെ പ്രവിശ്യാ തിരഞ്ഞെടുപ്പുകൾ നടന്ന് ഇന്ത്യൻ കോൺസ്റിറ്റുവന്റ് അസംബ്ലി രൂപീകരിക്കപ്പെട്ടു. പിന്നീട് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ രൂപീകരിക്കപ്പെടുകയും അതിൽ എക്സിക്യൂട്ടീവ് വൈസ് പ്രെസിഡന്റ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു എ ഐ സി സി തീരുമാന പ്രകാരം കോൺസ്റിറ്റുവന്റ് അസംബ്ലിയുടെ നേതാവാകുകയും പിന്നീട് സ്വാതന്ത്ര്യ ലബ്ധിയോടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയുമാണുണ്ടായത്. അന്ന് സത്യത്തിൽ ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞടുപ്പ് നടക്കുന്നത് 1951-52 കാലഘട്ടങ്ങളിലാണ്. ആ തെരഞ്ഞെടുപ്പിൽ ആകെയുള്ള 489 സീറ്റുകളിൽ 364 സീറ്റുകൾ പണ്ഡിറ്റ് നെഹ്‌റു നയിച്ച കോൺഗ്രസിന് ലഭിച്ചു. 16 സീറ്റുകൾ നേടിയ സി പി ഐ ആയിരുന്നു മുഖ്യ പ്രതിപക്ഷ പാർട്ടി. പത്ത് ശതമാനം സീറ്റുകൾ ലഭിക്കാത്തത് കൊണ്ട് പ്രതിപക്ഷ നേതാവ് പദവി സി പി ഐക്ക് ലഭിച്ചില്ല. രേഖകൾ പരിശോധിക്കുന്പോൾ സി പി ഐ അവരുടെ പാർലിമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തത് എസ് എ ഡാങ്കെയെ ആയിരുന്നു എന്ന് കാണാൻകഴിയുന്നു. ഇനി ആരായാലും പ്രതിപക്ഷ നേതാവ് പദവിക്ക് അവരാരും അർഹരല്ലായിരുന്നു.
തുടർന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത് 1957ലാണ്. അന്ന് 371 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ 27 സീറ്റുകളാണ് സി പി ഐ നേടിയത്. അപ്പോഴും പ്രതിപക്ഷ നേതാവ് പദവി അവർക്ക് ലഭിച്ചിരുന്നില്ല (അപ്പോഴും സി പി ഐ കക്ഷി നേതാവായി ഡാങ്കെയെ തെരഞ്ഞെടുത്തു എന്നാണ് കാണിക്കുന്നത്). 1962ലും 1967ലും 1971ലും ഇന്ത്യൻ പാർലിമെന്റിൽ പ്രതിപക്ഷ നേതാവില്ലായിരുന്നു. 1969ൽ കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിൽ അംഗങ്ങൾ അധികം ഉണ്ടാകുകയും അപ്പോൾ ഡോ: രാം സുഭാഗ്‌ സിംഗിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹം ഒരു വർഷത്തോളം ആ സ്ഥാനത്ത് തുടർന്നു.

1977ൽ ഇന്ദിര ഗാന്ധി പരാജയപ്പെട്ട തെരഞ്ഞെടുപ്പിൽ മൊറാർജി ദേശായി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വൈ ബി ചവാൻ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹമായിരുന്നു ഇന്ത്യൻ പാർലമെന്റിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്.
പിന്നീട് ചിക്കമംഗലൂരിൽ നിന്ന് വിജയിച്ച് ഇന്ദിരാ ഗാന്ധി ലോക സഭയിൽ എത്തിയെങ്കിലും പ്രതിപക്ഷ നേതാവായില്ല. അതെ കാലഘട്ടത്തിൽ സി എം സ്റ്റീഫനും ജഗജീവൻ റാമും പ്രതിപക്ഷ നേതാക്കൾ ആയിരുന്നിട്ടുണ്ട്. 1980ലെ തെരഞ്ഞെടുപ്പിൽ മുഖ്യ പ്രതിപക്ഷ പാർട്ടിക്ക് 41 സീറ്റുകൾ ആയിരുന്നു ലഭിച്ചത്. അപ്പോഴും പ്രതിപക്ഷ നേതാവ് ഇല്ലായിരുന്നു.1984ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും പ്രതിപക്ഷ നേതാവ് ഇല്ലായിരുന്നു. 1989 മുതൽ പ്രതിപക്ഷ നേതാവ് ഇന്ത്യൻ പാർലിമെന്റിൽ ഉണ്ടായിരുന്നു. അതിന് കാരണം പ്രതിപക്ഷത്തിന് അംഗ സംഖ്യ കൂടി എന്നത് തന്നെ.

source

Share.

Leave A Reply

Powered by Lee Info Solutions