ഇന്ന് സ്വന്തം വീട്ടിൽപോലും എത്രയോ പെൺകുട്ടികൾക്ക് കിട്ടാത്ത സുരക്ഷയാണ് അന്ന് ആ സ്റ്റേഷനിലെ പോലീസുകാർ എനിക്ക് നൽകിയത്

0

കേരളത്തില്‍ കൂടി രാത്രി ഒരു യുവതി ഒറ്റക്ക് യാത്ര ചെയ്‌താല്‍ പോലീസ് പിടിച്ചു ലോക്കപ്പില്‍ ഇടും എന്നുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുധ രാധിക എഴുതുന്നു

തൊണ്ണൂറുകളുടെ തുടക്കം . SUCI എന്ന ഇടതുരാഷ്ട്രീയത്തിനു പ്രവർത്തന പരിമിതികൾ ഉണ്ടായിരുന്ന കാലം. ഒരു ക്ലാസ്സ് കഴിഞ്ഞു കൊച്ചിയിൽ നിന്നും തൃശ്ശൂർ എത്തിയപ്പോൾ രാത്രി 11 മണി. തൃശ്ശൂരിൽ മുളങ്കുന്നത്തുകാവ് ഭാഗത്തേയ്ക്ക് ബസുകൾ പിന്നെയില്ല . നടക്കാമെന്നു നിശ്ചയിച്ചു . കൊടുങ്ങല്ലൂർ പോകാനിരുന്ന ഒരു സഖാവ്, തനിയെ നടക്കേണ്ട എന്ന് ഉത്തരവാദിത്തം ഏറ്റു കൂടെ കൂടി . ചേറൂർ എത്തിയപ്പോൾ സൈക്കിളിൽ പെട്രോളിംഗ് നടത്തിയ പോലീസ് പിടിച്ചു നിർത്തി . പോകുന്നത് ഒരു കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക് .

കൂടെ നടക്കുന്ന ആളെ പരിചയമില്ലെന്നും കേട്ടപ്പോൾ സ്റ്റേഷനിൽ പോയി SI കണ്ടിട്ട് പോകാമെന്നായി പോലീസ് . അവര് വിളിച്ച ഓട്ടോയിൽ കയറി വിയ്യൂർ സ്റ്റേഷനിൽ . വിവരങ്ങൾ വളരെ ശാന്തനായി ചോദിച്ച പോലീസുകാരനോട് അതിനേക്കാൾ ശാന്തമായി ഞാൻ പറഞ്ഞു, “വിപ്ലവം വരും , അതിനായുള്ള കഷ്ടപ്പാടിലാണ് “. അവര് ചായ കൊണ്ടുവന്നു തന്നു . മാറി മാറി ഉപദേശവും . അല്പം കഴിഞ്ഞു CI വന്നു . ഭുവനചന്ദ്രൻ എന്നോ മറ്റോ ആണദ്ദേഹത്തിന്റെ പേരെന്നോർമ്മ . ഉപദേശം തുടർന്നു . രാത്രി ഉറക്കം കളഞ്ഞു വരുത്തിയതിനു അദ്ദേഹത്തിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ പ്രായത്തെ മാനിച്ച് ചെവിക്ക് പിടിച്ചു തിരിക്കയെങ്കിലും ചെയ്തേനെ . അദ്ദേഹവും പറഞ്ഞു വിപ്ലവം അങ്ങനെയൊന്നും വരില്ലെന്ന് . പഠിച്ച് IPS എടുത്ത് അദ്ദേഹത്തെക്കൊണ്ട് സല്യൂട്ട് ചെയ്യിക്കാമെന്നു പ്രലോഭനം . പക്ഷെ ഞാൻ അപ്പോഴും വിപ്ലവത്തിൽ ഉറച്ചു നിന്നു . “വരും , വരാതിരിക്കില്ല , അല്പം വൈകിയാണെങ്കിലും വരും “. അവിടെ ഒരു ബഞ്ചിൽ കിടന്നുറങ്ങാൻ പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെ ആ രാത്രി മുഴുവൻ അവരോട് സമത്വസുന്ദരമായ ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവച്ചു .

രാത്രിയിൽ തനിയെ ആണിന്റെ കൂടെ നടന്നാൽ പോലീസ് എടുത്തിട്ട് പെരുമാറും, മൂക്കിൽ വലിച്ച് കയറ്റും എന്നൊരു ന്യുസ് കണ്ടതുകൊണ്ട് ഇതിവിടെ പറയണമെന്ന് തോന്നി . നമുക്കില്ലാത്ത നിഷ്കളങ്കത മറ്റുള്ളവർ നമ്മളോട് കാണിക്കണം എന്ന് വാശി പിടിക്കരുത് , എന്നാണു, രാത്രി തെരുവിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ നടക്കുന്നവരോട് എനിക്ക് തരാനുള്ള ഉപദേശം . ACP മെറിൻ തനിയെ നടന്നു , ആരും ഉപദ്രവിച്ചില്ല എന്നതിനെയും ഞാൻ സാക്ഷ്യപ്പെടുത്തുന്നു . ഇതെന്റെ അനുഭവമാണ് . ഇന്ന് സ്വന്തം വീട്ടിൽപോലും എത്രയോ പെൺകുട്ടികൾക്ക് കിട്ടാത്ത സുരക്ഷയാണ് അന്ന് ആ സ്റ്റേഷനിലെ പോലീസുകാർ എനിക്ക് നൽകിയത് .

കടപ്പാട് 

CURATED CONTENT

Share.

Leave A Reply

Powered by Lee Info Solutions