ഫിഫ അണ്ടര്‍17 ലോകകപ്പിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരം ഡല്‍ഹിയില്‍

0

ഫിഫ അണ്ടര്‍17 ലോകകപ്പിന് ഇന്ന് തുടക്കം. ആറ് സ്റ്റേഡിയങ്ങളിലും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ടീമുകളെല്ലാം അവസാനവട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ഇന്ത്യ ആദ്യമായി ആതിഥ്യമരുളുന്ന, ആദ്യമായി പങ്കെടുക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് വൈകിട്ട് 5ന് ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലും മുംബൈ ഡിവൈ പട്ടീൽ സ്റ്റേഡിയത്തിലുമായി ആദ്യമത്സരങ്ങൾക്ക് വിസിൽ മുഴങ്ങും.

ആതിഥേയരെന്ന നിലയിൽ ആദ്യമായൊരു ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കുന്ന ഇന്ത്യൻ ടീം ഇന്ന് വൈകിട്ട് എട്ടിന് ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കരുത്തരായ അമേരിക്കയ്ക്കെതിരെ ബൂട്ടുകെട്ടിയിറങ്ങും. ഈ മാസം 28ന് കൊൽക്കത്തയിലാണ് കൗമാര കായിക മാമാങ്കത്തിന്റെ കലാശക്കൊട്ട്.

വൈകീട്ട് അഞ്ചിന് ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൊളംബിയ-ഘാന മത്സരത്തോടെ പതിനേഴാം ലോകകപ്പിന് തിരിതെളിയും. രാത്രി എട്ടിന് ഇന്ത്യയുടെ ആദ്യമത്സരം അമേരിക്കയുമായി, അതേ സ്റ്റേഡിയത്തിൽ. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ബ്രസീൽ-സ്പെയിൻ പോരാട്ടത്തോടെ കൊച്ചിയിലെ മത്സരങ്ങൾക്ക്  തുടക്കമാകും. രാത്രി എട്ടിന് ഉത്തരകൊറിയയും നൈജറും നേർക്കുനേർ.  28-ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനൽ.

ആതിഥേയരായ ഇന്ത്യ ഉള്‍പ്പെടെ 24 ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്. ആറ് വേദികളിലായി 52 മത്സരങ്ങള്‍. സോക്കര്‍ ലോകത്തെ 504 ഫുട്‌ബോള്‍ പ്രതിഭകള്‍. ഒക്ടോബര്‍ 28 വരെയാണ് മത്സരം. ഏഷ്യയില്‍ നിന്ന് ഇന്ത്യക്ക് പുറമെ ഇറാഖ്, ഇറാന്‍, ജപ്പാന്‍, നോര്‍ത്ത് കൊറിയ എന്നിവരാണ് ഇത്തവണയുള്ളത്. ഘാന, ഗിനിയ, മാലി, നൈജര്‍ എന്നിവര്‍ ആഫ്രിക്കയില്‍ നിന്നും. കോണ്‍കാകാഫ് മേഖലയില്‍നിന്ന് കോസ്റ്ററിക്ക, ഹോണ്ടുറാസ്, മെക്‌സിക്കോ എന്നിവര്‍ക്കൊപ്പം അമേരിക്കയും പങ്കെടുക്കും.

ബ്രസീല്‍, ചിലി, കൊളംബിയ, പരാഗ്വെ എന്നിവരാണ് തെക്കേ അമേരിക്കയില്‍ നിന്നെത്തുന്ന നാല് ടീമുകള്‍. ഓഷ്യാനയില്‍നിന്ന് ന്യൂ കാലിഡോണയയും ന്യൂസിലാന്‍ഡും പന്തുതട്ടും. കരുത്തരായ സ്‌പെയിനും ഫ്രാന്‍സും ഇംഗ്ലണ്ടും ജര്‍മനിയും യൂറോപ്പില്‍ നിന്നെത്തുമ്പോള്‍ ആവേശത്തിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.

നിലവിലെ ചാംപ്യന്മാരായ നൈജീരിയ ഇല്ലാത്തത് ടൂര്‍ണമെന്റിന്റെ വലിയ തിരിച്ചടിയാണ്. ടീമുകളെല്ലാം അവസാനവട്ട ഒരുക്കത്തിലാണ്. ആറ് സ്റ്റേഡിയങ്ങളില്‍ കാണികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

Share.

Leave A Reply

Powered by Lee Info Solutions