കല്പറ്റ: ‘അമ്മേ…ഞാൻ ക്യാപ്റ്റനായി’ എന്നവള്‍ ഫോണിലൂടെ വിളിച്ചുപറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി അതിലേറെ സന്തോഷവും.മിന്നുമണി ഇന്ത്യ എ ടീം ക്യാപ്റ്റനായതിന് പിന്നാലെ അമ്മ വസന്തയുടെ വാക്കുകള്‍. ക്യാപ്റ്റനാവുമെന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചില്ല. അതിനുകാരണവുമുണ്ട്. ‘തനിക്ക് ഇന്ത്യ എ ടീമില്‍ സെലക്ഷനേ ഉണ്ടാവില്ലെന്ന് പറഞ്ഞവളാണ് അമ്മേ ഞാൻ ക്യാപ്റ്റനായി എന്ന് വിളിച്ചു പറഞ്ഞത്.’ നവംബര്‍ 14-നാണ് മിന്നു ബെംഗളൂരുവിലെ സെലക്ഷൻ ക്യാമ്പിലേക്ക് പോയത്. ക്യാമ്പില്‍ പങ്കെടുത്ത് 20-ന് മടങ്ങിയെത്തി.

‘എനിക്ക് ഇന്ത്യ എ ടീം സെലക്ഷൻ ഇല്ലെന്ന് തോന്നുന്നു’ എന്നാണ് മിന്നു പറഞ്ഞത്. അന്താരാഷ്ട്ര മത്സരത്തിലൊക്കെ കളിക്കാൻ പറ്റിയല്ലോ, പിന്നെ ‘ഒന്നില്‍ കിട്ടിയില്ലെങ്കില്‍ അടുത്തതിനായി ശ്രമം’ അതാണ് മിന്നുവിന്റെ സ്റ്റൈല്‍ അതുകൊണ്ട് നിരാശയൊന്നും തനിക്ക് തോന്നിയില്ല. തിരികെയെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ സെലക്ഷൻ കിട്ടിയ വിവരം മിന്നു വിളിച്ചുപറഞ്ഞു. പക്ഷേ മിന്നുവിന്റെ ക്യാപ്റ്റൻ സ്ഥാനം സര്‍പ്രൈസ് ആയിപ്പോയി. വസന്തയുടെ വാക്കുകളില്‍ അതിരില്ലാത്ത സന്തോഷം. മാനന്തവാടി ചോയിമൂല എടപ്പടി മാവുംകണ്ടി മണിയുടെയും വസന്തയുടെയും മകളാണ് മിന്നുമണി.
കുടുംബത്തിന് മാത്രമല്ല മിന്നുവിന്റെ ഓരോ നേട്ടങ്ങളും ഇന്ന് നാടിന്റെ ആഘോഷമാണ്. ‘ഞങ്ങളുടെ നാട്ടില്‍നിന്ന് ആരെങ്കിലും ഒന്ന് ശ്രദ്ധിക്കപ്പെടണമെന്ന് അത്രയും ആഗ്രഹിച്ചിട്ടുണ്ട്’, അത് മിന്നുവിലൂടെ സാധിച്ചു. പാടത്തെ ക്രിക്കറ്റില്‍ മിന്നുവിന്റെ ഒപ്പം കൂട്ടിയിരുന്ന, മിന്നുവിനെ ബന്ധുകൂടിയായ സി.വി. വിനീഷിന്റെ വാക്കുകള്‍.
തുടക്കക്കാലത്ത് പെണ്‍കുട്ടി എന്ന നിലയില്‍ വേണ്ടത്ര പിന്തുണ കിട്ടാത്തതടക്കം പല പ്രതിസന്ധികളെയും ‘ക്ലീൻ ബൗള്‍ഡാ’ക്കിയാണ് ക്രിക്കറ്റില്‍ മിന്നു മിന്നിത്തിളങ്ങിയത്. കേരള ക്രിക്കറ്റ് അസോസിയേഷനും കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയും പിന്നെ തോല്‍ക്കാത്ത മിന്നുവിന്റെ മനസ്സുമാണ് ഈ വിജയങ്ങള്‍ക്കൊക്കെ പിന്നില്‍. ക്രീസില്‍ അവള്‍ എന്നും പ്രതീക്ഷ തെറ്റിക്കാത്ത താരമായിരുന്നെന്ന് വയനാട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിര്‍ മച്ചാൻ. ‘ആദ്യത്തെ വനിതാ പ്രീമിയര്‍ ലീഗില്‍ ഇടം നേടുന്ന ആദ്യ മലയാളി താരം, ഇന്ത്യൻ സീനിയര്‍ ടീമില്‍ ഇടം നേടുന്ന ആദ്യമലയാളി താരം, അരങ്ങേറ്റ മത്സരത്തില്‍ അധിക റണ്‍സ് വിട്ടുകൊടുക്കാതെ അഞ്ചു വിക്കറ്റ് നേടിയവള്‍, ഇന്ത്യ എ ടീം ക്യാപ്റ്റൻ’ മിന്നുവിന്റെ നേട്ടങ്ങള്‍ക്കൊപ്പം ചരിത്രവും കൂടിയാണ് പിറക്കുന്നത്- നാസിര്‍ മച്ചാന്റെ വാക്കുകളില്‍ ആവേശം നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *