ജനീവ: ഇസ്രയേലിന്റെ ബോംബ് വര്‍ഷം നിലയ്ക്കാത്ത ഗാസയില്‍ പലായനം ചെയ്യുന്ന ജനങ്ങള്‍ക്ക് കഴിയാൻ സുരക്ഷിതമേഖലകള്‍ സൃഷ്ടിക്കുക സാധ്യമല്ലെന്ന് ഐക്യരാഷ്ട്രസഭ (യു.എൻ.) പറഞ്ഞു.ആക്രമണം നടക്കുന്ന വടക്കുഭാഗംവിട്ടോടിയ ജനങ്ങളുള്‍പ്പെടെ കഴിയുന്ന തെക്കൻഗാസയിലും ഇസ്രയേല്‍ യുദ്ധത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന.
ഇവിടെ യുദ്ധം നടക്കുന്ന പ്രദേശങ്ങളില്‍നിന്ന് കൂടുതല്‍ തെക്കോട്ടേക്ക് ഒഴിഞ്ഞുപോകാൻ ഇസ്രയേല്‍സൈന്യം ജനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ”സുരക്ഷിതമേഖലയെന്ന് ഇസ്രയേല്‍ പറയുന്ന ഇടങ്ങള്‍ അങ്ങനെയല്ല. അവ സൃഷ്ടിക്കുകയെന്നത് ശാസ്ത്രീയമോ യുക്തിസഹമോ സാധ്യമോ ആയ കാര്യമല്ല. ശരിയായ സുരക്ഷിതമേഖലയാകണമെങ്കില്‍ അവിടെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും പാര്‍പ്പിടവും ഉറപ്പുവരുത്താൻ കഴിയണം. സുരക്ഷിതമെന്ന് ഇസ്രയേല്‍ പറയുന്ന ഇടങ്ങളില്‍ അവയൊന്നും ഉറപ്പാക്കാൻ കഴിയില്ല” -യൂണിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ പറഞ്ഞു. 400 പേര്‍ക്ക് ഉപയോഗിക്കാൻ ഒരു ശൗചാലയം എന്ന അവസ്ഥയാണ് ഗാസയിലെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാൻ യൂനിസില്‍ ഹമാസുമായി കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. കരയാക്രമണം ആരംഭിക്കുന്നതിന്റെ ഭാഗമായി നഗരപരിസരത്ത് നേരത്തേ 150-ലധികം ടാങ്കുകള്‍ ഇസ്രയേല്‍ വിന്യസിച്ചിരുന്നു. ആക്രമണം ആസന്നമാണെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പനുസരിച്ച് ഖാൻ യൂനിസിലെ രണ്ടുസംഭരണശാലകളിലെ സാധനങ്ങള്‍ റാഫയിലേക്കു മാറ്റിയെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു.